പറവൂർ: നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് മരത്തിൽ ഇടിച്ചു 18 യാത്രക്കാർക്ക് പരുക്കേറ്റു. എറണാകുളത്തു നിന്നും ഗുരുവായൂരിലേക്ക് പോയ ബസ് ദേശീയപാത 66ൽ പറവൂരിനടത്ത് ഘണ്ഠാകർണൻവെളി ബസ് സ്റ്റോപ്പിനു സമീപത്തുവച്ച് ഇന്നലെ വൈകിട്ട് 6 നാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂർ ഡിപ്പോയിലെ ബസാണ്. സമയത്ത് മഴ പെയ്യുന്നതിനിടെ ഡ്രൈവർ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ടു റോഡിൽ നിന്നു തെന്നിമാറി ബസ് മരത്തിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കും കണ്ടക്ടർക്കും പരുക്കില്ല. പരുക്കേറ്റ യാത്രക്കാരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുഖത്തു പരുക്കേറ്റ തളിക്കുളം സ്വദേശി മദനനെ തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി. അസ്മാബി കോളജിന് സമീപത്തുള്ള നിഥിൻ (20), എസ്.എൻ പുരം സ്വദേശി പ്രേംജിത്ത് (21), വലപ്പാട് സ്വദേശിനി സോന (26), കയ്പമംഗലം സ്വദേശി വിഷ്ണു (24), എങ്ങണ്ടിയൂർ സ്വദേശി വിനയൻ (43), കൊടുങ്ങല്ലൂർ സ്വദേശി റിൻസി (35), മന്നം സ്വദേശി സുഗുണൻ (55) എന്നിവരാണ് പരുക്കേറ്റവരിൽ ചിലർ. ആരുടെയും പരുക്ക് ഗുരുതരമല്ല.