കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കൊറിയർ കാർഗോവഴി വന്ന പാഴ്സലിൽനിന്ന് സ്വർണം പിടികൂടി. ദുബായിൽനിന്ന് റോയൽ കാർഗോ ഏജൻസി വഴി വന്ന പാഴ്സലിൽ നിന്നാണ് 80 ഗ്രാം സ്വർണം കസ്റ്റംസിന്റെ എയർ ഇന്റെലിജൻസും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും ചേർന്ന് പിടികൂടിയത്. രണ്ട് ടോർച്ചുകളിലായി 40 ഗ്രാം വീതം രണ്ട് ബാറ്ററി രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്.
കൊറിയർ സർവീസിലൂടെ എത്തുന്ന പാഴ്സലുകൾ പരിശോധിക്കുന്നതിലുള്ള വീഴ്ചയെക്കുറിച്ചും ചില ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ദിവസപ്പടിയെക്കുറിച്ചും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് ഉന്നതതല നിർദ്ദേശത്തെ തുടർന്ന് സ്പെഷ്യൽ ടീമിന്റെ പരിശോധന നടന്നത്. എന്നാൽ എക്സ്റേ വഴി പാഴ്സൽ പരിശോധന നടത്തുന്നതിൽ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരെ പരിശോധനയിൽ ഉൾപ്പെടുത്തിയില്ലെന്ന് പരാതിയുണ്ട്. ഇക്കാര്യത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലുണ്ടായതായാണ് ആരോപണം.
രണ്ടാഴ്ച മുമ്പ് തുറമുഖം വഴി വന്ന കണ്ടെയ്നറിൽ കാർഗോ ഏജൻസി അയച്ച ഫ്രിഡ്ജിൽനിന്ന് ഏഴുകോടിയുടെ സ്വർണം പിടികൂടിയിരുന്നു.