തൃപ്പൂണിത്തുറ: ഫ്ലാറ്റിലെ കിടപ്പുമുറിയിൽ അമ്മയും എട്ടു വയസുള്ള മകളും കുടുങ്ങി. ഇന്നലെ രാത്രി ഏഴിന് തൃപ്പൂണിത്തുറ ചക്കംകുളങ്ങര വിനായക ഫ്ലാറ്റിലാണ് സംഭവം. അഞ്ച് നിലകളുള്ള ഫ്ലാറ്റിന്റെ നാല് ബി യിൽ താമസിക്കുന്ന സുധീറിന്റെ ഭാര്യ ശ്രീലക്ഷ്മിയും എട്ട് വയസുകാരി ദീക്ഷിതയുമാണ് കുടുങ്ങിയത്. ഫ്ലാറ്റിന്റെ കിഴക്ക് ഭാഗത്തെ ബാൽക്കണിയിൽ ഉണക്കാൻ ഇട്ടിരുന്ന തുണികൾ എടുക്കുന്നതിനിടയിൽ ബാൽക്കണിയോട് ചേർന്നുള്ള കിടപ്പുമുറിയുടെ വാതിൽ ശക്തമായ കാറ്റിൽ പെട്ടെന്ന് അടഞ്ഞു. ഇവർക്ക് എത്ര ശ്രമിച്ചിട്ടും വാതിൽ തുറന്ന് പുറത്തിറങ്ങാൻ പറ്റിയില്ല. തുടർന്ന് അഗ്നിശമന സേനയെ വിവരമറിയിച്ചു. തുടർന്ന് അഗ്നിശമന സ്റ്റേഷൻ ഓഫീസർ കെ. ഷാജിയുടെ നേതൃത്വത്തിൽ എത്തിയ സംഘത്തിന് ഫ്ലാറ്റിന്റെ പ്രധാന വാതിൽ അകത്ത് നിന്നും കുറ്റിയിട്ട നിലയിലായതിനാൽ അകത്ത് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഉടൻ തന്നെ അഞ്ചാം നിലയിൽ എത്തിയ സേനാംഗങ്ങൾ സേനാംഗമായ ആർ.രാജേഷിനെ സേഫ്റ്റി ബൽറ്റ് ധരിപ്പിച്ച് അഞ്ചാം നിലയിൽ നിന്നും നാലാം നിലയിലേക്ക് തൂക്കി ഇറക്കി പ്രധാന വാതിൽ തുറപ്പിച്ച് മറ്റുള്ളവരെ അകത്ത് കയറ്റി. തുടർന്ന് യുവതിയും കുട്ടിയും കുടുങ്ങിയ മുറിയുടെ വാതിൽ സേനാംഗങ്ങൾ ചേർന്ന് തള്ളി തുറന്ന് ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിശമനാസേവനാംഗങ്ങളായ എൻ.പ്രജോ, ബിനു, വസന്ത്, സനീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.