liju

ആലപ്പുഴ: വോട്ടർപ്പട്ടികയിൽ ഇരട്ടവോട്ടർമാരെ കണ്ടെത്തിയ സംഭവത്തിൽ സി.പി.എം നേതാക്കളുടെ പങ്കും ഗൂഢാലോചനയും പുറത്ത് കൊണ്ടുവരാൻ സി.ബി.ഐ അന്വേഷിപ്പിക്കണമെന്ന് അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം.ലിജു വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ക്രമക്കേട് ചൂണ്ടിക്കാട്ടി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, കളക്ടർ എന്നിവർക്ക് പരാതി നൽകി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിൽ ഡാറ്റാ കൈകാര്യം ചെയ്യുന്ന സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർക്കും ഡി.എൽ.ഒമാർക്കും സംഭവത്തിൽ പങ്കുണ്ടോയെന്ന് പരിശോധിക്കണം. പ്രാദേശിക നേതാക്കൾക്ക് ഇത്രയും കൃത്രിമം കാട്ടൻ സാധിക്കില്ല. കോടികൾ ചെലവഴിച്ച് വ്യാജ വോട്ട് ചേർത്തതിന് പിന്നിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ട്. കേന്ദ്ര ഏജൻസി അന്വേഷിച്ച് നടപടിയെടുത്തില്ലെങ്കിൽ ജനാധിപത്യത്തിന്റെ വിശ്വാസ്യത തകർക്കും.

അടുത്തുള്ള നിയോജകമണ്ഡലങ്ങളിലെ യഥാർത്ഥ വോട്ടർ അറിഞ്ഞോ അറിയാതെയോ അവരുടെ ഫോട്ടോ ഉപയോഗിച്ച് പല പേരുകളിൽ ഒരേ നമ്പരിൽ വിവിധ ബൂത്തുകളിലായി വോട്ട് ചേർത്തിട്ടുണ്ട്. അമ്പലപ്പുഴ മണ്ഡലത്തിൽ മാത്രം ഇരട്ടവോട്ട് 3734ഉം അടുത്തമണ്ഡലങ്ങളിൽ 1048ഉം ഉൾപ്പെടെ 4782 വ്യാജ വോട്ടർമാരെ സൃഷ്ടിച്ചിട്ടുണ്ട്. കുട്ടനാട്-738, ഹരിപ്പാട്-205, കായംകുളം-105 എന്നിങ്ങനെയാണ് വിവിധ ബൂത്തുകളിൽ വ്യാജമായി ചേർത്തത്. ഇരട്ടവോട്ടും വ്യാജവോട്ടും ചെയ്യാൻ യു.ഡി.എഫ് അനുവദിക്കില്ലെന്നും എം.ലിജു പറഞ്ഞു.