തിരുവനന്തപുരം: സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യ ബാന്ധവമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും സേവാദൾ അഖിലേന്ത്യാ പ്രസിഡന്റുമായ ലാൽജി ദേശായി പറഞ്ഞു. നേമം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കാലടി ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിലെ പ്രധാന എതിരാളിയായ കോൺഗ്രസിന്റെ പതനമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. കേരളത്തിലെ കോൺഗ്രസിന്റെ വിജയം ദേശീയതലത്തിൽ ബി.ജെ.പിക്ക് വൻ വെല്ലുവിളി ഉയർത്തുമെന്നത് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ജി.വി. ഹരി, സേവാദൾ സംസ്ഥാന പ്രസിഡന്റ് എം.എ. സലാം, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.ജെ. സ്റ്റീഫൻസൺ, എം.ഐ. ഹാഷിം, ജില്ലാ പ്രസിഡന്റ് ജോർജ്ജ് ലൂയിസ്, നിയോജകമണ്ഡലം പ്രസിഡന്റ് നൗഷാദ് എന്നിവർ പങ്കെടുത്തു.