ചികിത്സാപിഴവെന്ന് സഹപാഠികൾ
കോട്ടയം: ഇടുക്കി രാമക്കൽമെട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ കൗമാരക്കാരൻ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
ഡോക്ടറുടെ ചികിത്സാപിഴവെന്ന് ആരോപണവുമായി വിദ്യാർത്ഥിയുടെ സുഹൃത്തുക്കളും സഹപാഠികളും രംഗത്തെത്തി. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
മലപ്പുറം തിരൂർ കൽപ്പകഞ്ചേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർത്ഥി നിഹാൽ (17) ആണ് മരിച്ചത്, സ്കൂളിലെ 94 വിദ്യാർത്ഥികൾക്കൊപ്പം ടൂർ പാക്കേജിന്റെ ഭാഗമായാണ് നിഹാൽ ബുധനാഴ്ച രാമക്കൽമെട്ടിലെക്കിയത്. കുറവൻ-കുറത്തി ശിൽപ്പത്തിനടുത്തുള്ള സ്വകാര്യ റിസോർട്ടിൽ മുറിയെടുത്താണ് നിഹാലും സുഹൃത്തുക്കളും താമസിച്ചത്.
ബുധനാഴ്ച വൈകിട്ട് റിസോർട്ടിലെ കുളത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ നിഹാൽ മുങ്ങിത്താണു. കൂട്ടുകാർ നിഹാലിനെ കരയ്ക്കെത്തിച്ച് പ്രഥമശുശ്രൂഷ നൽകി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വൈകിട്ട് ആറുമണിയോടെ ആശുപത്രിയിലേക്ക് നടന്നു കയറിയാണ് നിഹാൽ പോയത്. രാത്രി 8.30ന് മരിച്ചെന്നാണ് ആശുപത്രി അധികൃതർ പറയുന്നതെന്ന് നിഹാലിന്റെ സഹപാഠികൾ പറഞ്ഞു.
ഡോക്ടർ മദ്യപിച്ചിരുന്നെന്നും ആശുപത്രി അധികൃതരുടെ ചികിത്സാപിഴവാണ് മരണകാരണമെന്നും ആരോപിച്ച് വിദ്യാർത്ഥികൾ ബഹളം വച്ചു. ഡോക്ടറെ മുറിയിൽ തടഞ്ഞുവെയ്ക്കുകയും ചെയ്തു. തുടർന്നാണ് പൊലീസ് എത്തിയത്. ഡോക്ടർ മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും വിദ്യാർത്ഥികളും നാട്ടുകാരും ഇത് നിഷേധിച്ച് പ്രതിഷേധിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലെ നിഹാലിന്റെ മരണകാരണം വ്യക്തമാകൂവെന്ന് നെടുങ്കണ്ടം സി.ഐ പറഞ്ഞു.
ആന്തരികാവയവങ്ങൾ തിരുവനന്തപുരത്തെ ലാബിൽ പരിശോധിക്കും. വിദ്യാർത്ഥികളുടെ ടൂർ സംബന്ധിച്ചും അവ്യക്തതകളുണ്ട്. സ്കൂൾ അധികൃതരോ വീട്ടുകാരോ അറിയാതെയാണ് ഇത്രയും വിദ്യാർത്ഥികൾ ജില്ലയിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. കൽപ്പകഞ്ചേരി വരമ്പനാല മാനുപ്പയുടെ ഏകമകനാണ് നിഹാൽ.