തൃക്കാക്കര: മുട്ടാർപുഴയിൽ പതിനൊന്നുകാരി വൈഗ മുങ്ങിമരിച്ച കേസിൽ പൊലീസ് തെരയുന്ന പിതാവ് കാക്കനാട് കങ്ങരപ്പടി ഹാർമണി ഫ്ളാറ്റിൽ ശ്രീഗോകുലത്തിൽ സാനു മോഹൻ ഇപ്പോഴും കാണാമറയത്ത് തന്നെ. സാനു ചെന്നൈയിലുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടർന്ന് തൃക്കാക്കര എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടുദിവസമായി അവിടെ ക്യാംപുചെയ്യുകയായിരുന്നു. കേസിൽ കാര്യമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണ സംഘം കാക്കനാട്ടേക്ക് യാത്ര തിരിച്ചു.
കിടപ്പുമുറിയിലെ രക്തം ഡി.എൻ.എ പരിശോധനയ്ക്ക്
കിടപ്പുമുറിയിൽ കണ്ടെത്തിയത് മനുഷ്യരക്തം തന്നെയെന്ന് രാസപരിശോധനയിൽ തെളിഞ്ഞിരുന്നു. എന്നാലിത് വൈഗയുടേതാണോ എന്നറിയുകയാണ് ലക്ഷ്യം. അമ്മയുടെയും മറ്റ് ബന്ധുക്കളുടെയും രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് ശേഖരിക്കും.
കുഴപ്പത്തിലാക്കിയത് ചൂതാട്ടം?
സാനുവിന്റെ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം ഓൺലൈൻ ചൂതാട്ടവും ലോട്ടറി ഭ്രാന്തുമാണെന്ന് കരുതുന്നു. കിടപ്പുമുറിയിലെ അലമാരയിൽ നിന്നും രമ്യയുടെ സ്കൂട്ടറിന്റെ പെട്ടിയിൽ നിന്നും കാലാവധി കഴിഞ്ഞ ലോട്ടറികളുടെ ശേഖരം കണ്ടെത്തിയിട്ടുണ്ട്.
ഭാര്യയറിയാതെ സാനു ഫ്ളാറ്റും സ്വർണവും ലക്ഷങ്ങൾക്ക് പണയംവച്ചു
സാനു മോഹൻ ഭാര്യ രമ അറിയാതെ അവരുടെ പേരിലുളള ഫ്ളാറ്റും ആഭരണങ്ങളും വലിയ തുകയ്ക്ക് പണയം വച്ചതായി പൊലീസ് കണ്ടെത്തി. രമ്യ, സഹോദരീ ഭർത്താവ് പ്രവീൺ, സാനുവിന്റെ സഹോദരൻ സിനുമോഹൻ എന്നിവരെ തിങ്കളാഴ്ച ഫ്ലാറ്റിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം പണയം വച്ചതിന്റെ രേഖകൾ കിട്ടിയത്. കാക്കനാട്ടെ രണ്ട് സ്വകാര്യ ബാങ്കുകളിലായി 11.47 ലക്ഷം രൂപയ്ക്കാണ് സ്വർണം പണയംവച്ചത്. 2016ൽ രമ്യയുടെ പേരിൽ വാങ്ങിയ കങ്ങരപ്പടി ഹാർമണി വീറ്റാ ഗ്രീൻ 6 എ ഫ്ളാറ്റ് ഏതു ബാങ്കിൽ എത്ര രൂപയ്ക്കാണ് പണയം വച്ചിരിക്കുന്നതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. വ്യാജരേഖകൾ ചമച്ചാവാം ഫ്ളാറ്റ് പണയപ്പെടുത്തിയതെന്നാണ് നിഗമനം.