കൊല്ലം: ട്രെയിനിൽ കടത്തിയ പത്ത് കിലോ കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. ചവറ മുക്കോട് തെക്കതിൽ മുനീറാണ് സിറ്റി പൊലീസ് കമ്മിഷണറുടെ ഡാൻസാഫ് ടീമിന്റെ പിടിയിലായത്.
തിരഞ്ഞെടുപ്പിനെ തുടർന്ന് ബാറുകൾ അവധിയായതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വ്യാപകമായി കഞ്ചാവ് കടത്തുന്നതായി സിറ്റി പൊലീസ് കമ്മിഷണർക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നുവരുന്ന ഷാലിമാർ എക്സ്പ്രസിൽ കൊല്ലത്തെത്തിയ മുനീറിന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് രണ്ട് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്.
മാസങ്ങൾക്ക് മുമ്പ് ചാലക്കുടിയിൽ മീൻ വണ്ടിയിൽ കടത്തിയ 140 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടാം പ്രതിയാണ് മുനീറെന്ന് പൊലീസ് പറഞ്ഞു. അന്ന് പൊലീസിനെ വെട്ടിച്ചുകടന്ന ഇയാൾക്കായി അന്വേഷണം നടത്തിവരികയായിരുന്നു. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് മുനീർ പറഞ്ഞു. രണ്ടായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് മുപ്പതിനായിരത്തോളം രൂപയ്ക്ക് ഇവിടെ വില്പന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്. സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കും ഇയാൾ കഞ്ചാവ് ചില്ലറ വില്പന നടത്താറുണ്ടെന്ന് പൊലീസ് അറിയിച്ചു.