പിടികൂടിയത് - 21,02300 രൂപയുടെ കുഴൽപ്പണം
കോഴിക്കോട് : നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി സ്കൂട്ടറിൽ കടത്തുകയായിരുന്ന കുഴൽ പണവുമായി കുന്ദമംഗലം സ്വദേശികളായ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. മുറിയനാൽ അബാബീൽ വീട്ടിൽ ഫവാസ് (23) പതിമംഗലം വട്ടുവാൾ വീട്ടിൽ ഷാദിൽ (20) കൊട്ടക്കായ വയൽ കോട്ടക്കൽ വീട്ടിൽ മുഹമദ് അസ്ലം (21) എന്നിവരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് എ.സി.പി മുരളീധരന്റെ മേൽനോട്ടത്തിലുള്ള കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ബെന്നിലാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്നും 21,02300 കുഴൽപ്പണം പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് പൊലീസും ക്രൈം സ്ക്വാഡും നടത്തിയ വാഹന പരിശോധനയിൽ മെഡിക്കൽ കോളേജ് തൊണ്ടയാട് റോഡിൽ ആക്ടീവ സ്കൂട്ടറിൽ രണ്ട് യുവാക്കൾ കുഴൽപണവുമായി വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞ് പൊലീസ് പരിശോധിച്ചതിൽ ഫവാസിന്റെ പോക്കറ്റിൽ നിന്നും രണ്ട് ലക്ഷം രൂപയും പണം എത്തിക്കേണ്ട ആളുകളുടെ അമ്പതോളം സ്ലിപ്പുകളും വിവിധ ബാങ്കുകളുടെ നാല് എ.ടി.എം കാർഡുകളും, ഷാദിലിന്റെ പോക്കറ്റിൽ നിന്നും രണ്ട് ലക്ഷത്തി അറുപത്തേഴായിരത്തി എണ്ണൂറ് രൂപയും ബാഗിൽ സൂക്ഷിച്ച നിലയിൽ പതിമൂന്നര ലക്ഷം രൂപയും ഇവരോടൊപ്പം മറ്റൊരു സ്കൂട്ടറിൽ വരികയായിരുന്ന അസ്ലമിന്റെ കൈയ്യിൽ നിന്നും രണ്ട് ലക്ഷത്തി എൺപത്തിനാലായിരത്തി അഞ്ഞൂറ് രൂപയും നിരവധി സ്ലിപ്പുകളും എ.ടി.എം കാർഡുകളും പൊലീസ് കണ്ടെടുത്തു.അഞ്ഞൂറ് രൂപയുടെ നൂറ് വീതം നോട്ടുകളടങ്ങിയ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.
പണം നൽകുന്ന സംഘത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു.
കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്,ഷാലു മുതിരപറമ്പത്ത്, എ.പ്രശാന്ത് കുമാർ,ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ,എ.വി സുമേഷ് എന്നിവരെ കൂടാതെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർമാരായ ടോണി ജെ, വിപിൻ, അബദുൾ റസാഖ്,സി.പി.ഒ വിനോദ് രാമിനാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
നിരീക്ഷണം ശക്തമാക്കി
കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എം.ഹേമലത കള്ളപണം പിടികൂടുന്നതിനായി എല്ലാ പൊലീസ് ഇൻസ്പെക്ടർമാർക്കും നിർദ്ദേശം നൽകിയിക്കുന്നു. ഇതിന്റെ ഭാഗമായി കർശന വാഹന പരിശോധനയാണ് നഗരത്തിൽ നടന്നുവരുന്നത്. ഇതോടനുബന്ധിച്ച് കുഴൽപണവുമായി ബന്ധം പുലർത്തുന്ന ആളുകളെ ക്രൈം സ്ക്വാഡ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.
പിടിച്ചെടുത്തത്
ഫവാസിന്റെ പോക്കറ്റിൽ നിന്നും രണ്ട് ലക്ഷം രൂപയും പണം എത്തിക്കേണ്ട ആളുകളുടെ അമ്പതോളം സ്ലിപ്പുകളും വിവിധ ബാങ്കുകളുടെ നാല് എ.ടി.എം കാർഡുകളും, ഷാദിലിന്റെ പോക്കറ്റിൽ നിന്നും രണ്ട് ലക്ഷത്തി അറുപത്തേഴായിരത്തി എണ്ണൂറ് രൂപയും ബാഗിൽ സൂക്ഷിച്ച നിലയിൽ പതിമൂന്നര ലക്ഷം രൂപയും ഇവരോടൊപ്പം മറ്റൊരു സ്കൂട്ടറിൽ വരികയായിരുന്ന അസ്ലമിന്റെ കൈയ്യിൽ നിന്നും രണ്ട് ലക്ഷത്തി എൺപത്തിനാലായിരത്തി അഞ്ഞൂറ് രൂപയും നിരവധി സ്ലിപ്പുകളും എ.ടി.എം കാർഡുകളും പൊലീസ് കണ്ടെടുത്തു. അഞ്ഞൂറ് രൂപയുടെ നൂറ് വീതം നോട്ടുകളടങ്ങിയ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.