repo

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തെ (2021-22) റിസർവ് ബാങ്കിന്റെ ആദ്യ ധനനയം ഏഴിന് അറിയാം. മുഖ്യ പലിശനിരക്കുകൾ നിലനിറുത്താനാണ് സാദ്ധ്യത ഏറെ. നാണയപ്പെരുപ്പ കുതിപ്പ്, കൊവിഡിന്റെ രണ്ടാംവരവ് എന്നിവയാണ് പലിശയിറക്കത്തിന് തടയിട്ടുനിൽക്കുന്ന പ്രധാന വെല്ലുവിളികൾ.

റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതിയുടെ (എം.പി.സി) ത്രിദിന യോഗം ഇന്ന് ആരംഭിക്കും. ഏഴിന് രാവിലെ ശക്തികാന്ത ദാസ് ധനനയം പ്രഖ്യാപിക്കും. എം.പി.സിക്കുള്ള നാണയപ്പെരുപ്പ ലക്ഷ്യം 2026 മാർച്ച് വരെ രണ്ടു മുതൽ ആറു ശതമാനം വരെയായി കേന്ദ്രസർക്കാർ നിലനിറുത്തിയിട്ടുണ്ട്. അതായത്, ഉപഭോക്തൃവില സൂചിക (റീട്ടെയിൽ) അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം 2-6 ശതമാനത്തിനുള്ളിൽ തുടർന്നാലേ പലിശഭാരം കുറയ്ക്കാൻ എം.പി.സി തയ്യാറാകൂ. എന്നാൽ, റീട്ടെയിൽ നാണയപ്പെരുപ്പം നാലു ശതമാനത്തിന് താഴെയായാലേ പലിശയിറക്കത്തിന് റിസർവ് ബാങ്ക് പച്ചക്കൊടി വീശൂ.

ഇന്ധനവില വർദ്ധനയും കൊവിഡിന്റെ രണ്ടാംവരവും ലോക്ക്ഡൗൺ ഭീതിയും മൂലം ഉത്‌പന്നങ്ങളുടെ വിതരണശൃംഖല നേരിടുന്ന പ്രതിസന്ധികൾ നാണയപ്പെരുപ്പത്തെ ഉയർത്തുന്ന ട്രെൻഡാണ് ഇപ്പോഴുള്ളത്. ജനുവരിയിൽ 4.06 ശതമാനമായിരുന്ന നാണയപ്പെരുപ്പം ഫെബ്രുവരിയിലുള്ളത് 5.03 ശതമാനത്തിലാണ്. മാ‌ർച്ചിൽ ഇത് 5.5 ശതമാനം കടന്നിട്ടുണ്ടാകാം. കേന്ദ്രം എക്‌സൈസ് നികുതി കുറയ്ക്കാത്തപക്ഷം ഇന്ധനവില സമീപഭാവിയിലെങ്ങും താഴില്ലെന്ന് ഉറപ്പായതിനാൽ, 2021ലുടനീളം പലിശ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാവില്ലെന്നാണ് വിലയിരുത്തലുകൾ.

കൊവിഡ് പശ്ചാത്തലത്തിൽ, നിശ്ചയിച്ചതിനും മുന്നേ യോഗം ചേർന്ന് കഴിഞ്ഞ മേയിലാണ് റിസർവ് ബാങ്ക് അവസാനമായി പലിശനിരക്ക് കുറച്ചത്. 4.40 ശതമാനമായിരുന്ന റിപ്പോനിരക്ക് ദശാബ്ദത്തിലെ തന്നെ താഴ്‌ന്നനിരക്കായ നാലു ശതമാനമായാണ് കുറച്ചത്. ബാങ്കുകൾ വായ്‌പാപലിശ നിരക്ക് നിർണയിക്കാൻ പ്രധാന മാനദണ്ഡമാക്കുന്നത് റിപ്പോനിരക്കാണ്. ഇതു കുറഞ്ഞാലേ ഭവന, വാഹന, വ്യക്തിഗത വായ്‌പാ പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകളും തയ്യാറാകൂ.

നിരക്കുകൾ നിലവിൽ

റിപ്പോ നിരക്ക് : 4.00%

റിവേഴ്‌സ് റിപ്പോ : 3.35%

എം.എസ്.എഫ് : 4.25%

സി.ആർ.ആർ : 3.50%

എസ്.എൽ.ആ‌ർ : 18.00%

റിപ്പോ ഇളവുകൾ

2019

ഫെബ്രുവരി : 6.25%

ഏപ്രിൽ : 6.00%

ജൂൺ : 5.75%

ആഗസ്റ്റ് : 5.40%

ഒക്‌ടോബർ : 5.15%

2020

മാർച്ച് : 4.40%

മേയ് : 4.00%

ജി.ഡി.പി എങ്ങോട്ട് ?

2020-21ൽ ഇന്ത്യ 10.5 ശതമാനം ജി.ഡി.പി വളർച്ച നേടുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തുന്നത്. കൊവിഡിന്റെ രണ്ടാംവരവ് ഭീഷണിയല്ലെന്നും ജി.ഡി.പി വളർച്ചാപ്രതീക്ഷ കുറയ്ക്കേണ്ട സാഹചര്യമില്ലെന്നും ഗവർണർ ശക്തികാന്ത ദാസ് കഴി‌ഞ്ഞദിവസം പറഞ്ഞിരുന്നു. ഏഴിലെ ധനനയത്തിൽ ജി.ഡി.പി സംബന്ധിച്ച റിസർവ് ബാങ്കിന്റെ പുതിയ വിലയിരുത്തലുകൾക്കായാണ് സമ്പദ്‌ലോകം പ്രധാനമായും കാതോർക്കുക.

ഡിജിറ്റൽ കറൻസി

പ്രഖ്യാപിക്കുമോ?

ബിറ്റ്‌കോയിൻ അടക്കമുള്ള സ്വകാര്യ ക്രിപ്‌റ്റോകറൻസികൾക്ക് ബദലായി ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി പുറത്തിറക്കാനുള്ള പ്രാരംഭ നടപടികൾ തുടങ്ങിയെന്ന് റിസർവ് ബാങ്ക് കഴിഞ്ഞ ധനനയ യോഗത്തിൽ പറഞ്ഞിരുന്നു. ഡിജിറ്റൽ നാണയം പുറത്തിറക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്‌ച ഉണ്ടായേക്കാം. പലിശ കുറയ്ക്കാതെ തന്നെ പണലഭ്യത ഉറപ്പാക്കുന്ന ലോംഗ് ടേം റിപ്പോ ഓപ്പറേഷൻ (എൽ.ടി.ആർ.ഒ)​ നടപടികളും പ്രഖ്യാപിച്ചേക്കും.