കോഴിക്കോട്: പതിനൊന്ന് മാസം മുമ്പ് വിദ്യാർത്ഥി മരണമടഞ്ഞ സംഭവം ആത്മഹത്യയെന്ന നിഗമനത്തിൽ ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും എഴുതിത്തള്ളിയത് കൊലപാതകമായിരുന്നുവെന്ന് തെളിഞ്ഞു. നാദാപുരം നരിക്കാട്ടേരി കറ്റാരത്ത് അസീസിനെ (16) സഹോദരൻ കൊലപ്പെടുത്തുന്ന ക്രൂരദൃശ്യങ്ങളാണ് സമൂഹമനസാക്ഷിയെ ഞെട്ടിച്ച് ഇന്നലെ പുറത്തായത്. വീഡിയോ നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.വീഡിയോ വൈറലായതോടെ പൊലീസ് അസീസിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മെയ് 17ന് വീട്ടിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് അസീസിന്റെ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് എഴുതിതള്ളിയതിന് പിന്നാലെ ഇന്നലെ വൈകിട്ടോടെയാണ് നാട്ടിലെ വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൊലപാതക ദൃശ്യങ്ങൾ പ്രചരിച്ചത്.
അസീസിന്റെ കഴുത്ത് സഹോദരൻ സഫ് വാൻ ഞെരിക്കുന്നതാണ് ദ്യശ്യത്തിലുള്ളത്. ഇതിനിടെ രണ്ടാനമ്മയുടെ ക്രൂരത പുറത്ത് പറഞ്ഞതിനാണ് കൊലപാതകമെന്ന പ്രചാരണവും നാട്ടിലുണ്ട്.
മരണം നടന്നപ്പോൾ വിദ്യാർത്ഥിയുടെ മാതാവിന്റെ ബന്ധുക്കൾ മരണം കൊലപാതകമാണെന്ന സംശയം ഉന്നയിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. അന്വേഷണത്തിൽ തെളിവുകൾ ലഭിക്കാത്തതോടെയാണ് ആത്മഹത്യയെന്ന നിഗമനത്തിലെത്തി കേസ് അവസാനിപ്പിച്ചത്.
സഹോദരൻ സഫ്വാൻ അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഏകദേശം മൃതപ്രായനായി സഫ്വാന്റെ മടിയിൽ കിടക്കുന്ന അസീസിന്റെ അവസ്ഥ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ ദൃശ്യങ്ങൾ മരണത്തിന് തൊട്ടുമുമ്പുള്ളതാണോ എന്നതിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ അസീസിന്റെ മരണം കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ച ആക്ഷൻ കമ്മിറ്റി തുടരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
ഫാനിൽ ലുങ്കിയിൽ തൂങ്ങി മരിച്ച നിലയിലാണ് അസീസിനെ കണ്ടെത്തിയത്. റമദാൻ കാലമായിരുന്നു അത്. പകൽ സമയത്താണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് എന്നതിലാണ് നാട്ടുകാർക്ക് സംശയം തോന്നിയത്.
വീട്ടിൽ ആ സമയത്ത് വേറെയും ആളുകൾ ഉണ്ടായിരുന്നു. താഴത്തെ മുറിയിലുണ്ടായിരുന്ന തയ്യൽ മെഷീൻ മുകളിലേക്ക് എടുത്തുകൊണ്ടുപോയി, അതിന് മുകളിൽ കയറിയാണ് കുട്ടി ഫാനിൽ തൂങ്ങിമരിച്ചത് എന്ന വീട്ടുകാരുടെ വിശദീകരണമൊന്നും നാട്ടുകാർക്ക് വിശ്വാസയോഗ്യമായി തോന്നാത്തതുകൊണ്ടാണ് അന്നേ മരണത്തിൽ നാട്ടുകാർ അന്വേഷണം ആവശ്യപ്പെട്ടത് എന്ന് ആക്ഷൻ കമ്മിറ്റി പ്രതിനിധി പറയുന്നു.
കുടുംബവഴക്കുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ സഹായത്തോടെ സഫ്വാനെന്ന സഹോദരൻ അസീസിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന നിഗമനത്തിലാണ് ആക്ഷൻ കമ്മിറ്റി എത്തിയിട്ടുള്ളത്. വീഡിയോ പകർത്തിയത് വീട്ടിലുള്ള മറ്റാരോ ആണ് എന്നതും അസീസിന്റെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. സംഭവത്തിൽ റൂറൽ എസ്.പി.യുടെ നിർദ്ദേശ പ്രകാരം പുനരന്വേഷണം ആരംഭിച്ചു.
ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടി നേരത്തെ മുതൽ അച്ഛൻ, രണ്ടാനമ്മ, സഹോദരൻ എന്നിവരിൽ നിന്ന് ആക്രമണം നേരിട്ടിരുന്നു. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അസ്വാഭാവികത ഒന്നും കണ്ടെത്തിയിരുന്നില്ല. ഇതും ദുരൂഹത ജനിപ്പിക്കുന്നതാണ്. ശരീരത്തിൽ മർദ്ദിച്ചതിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ തെളിവുകൾ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താതിരുന്നതെന്തെന്നതും സംശയമായി തുടരുകയാണെന്ന് ആക്ഷൻ കൗൺസിൽ വെളിപ്പെടുത്തി.
രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ അസീസിനെ സഹോദരൻ കഴുത്തിൽ ചുറ്റിപിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തമായി ഇടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് പിടയുന്നതും വ്യക്തമാണ്. പിന്നീട് ബോധരഹിതനാകുന്ന അസീസിനെ നെഞ്ചിൽ തടവുന്നതും കാണാൻ കഴിയും. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇക്കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം.
അതേസമയം, കൊലപാതക ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ നാദാപുരത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ അരങ്ങേറി. റീപോസ്റ്റുമോർട്ടം ഉൾപ്പെടെ കൊലപാതകം തെളിയിക്കാനാവശ്യമായ നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് കോഴിക്കോട് റൂറൽ എസ്.പി ഡോ. എ. ശ്രീനിവാസ് അറിയിച്ചു.