തിരുവനന്തപുരം: വിഴിഞ്ഞം മാവിളയ്ക്ക് സമീപം ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ അയൽവാസിയെ പിടികൂടി. മാവിള അരത്താട്ട് വീട്ടിൽ ഷിജി കുത്തേറ്റ് മരിച്ച സംഭവത്തിൽ വെങ്ങാനൂർ വെണ്ണിയൂർ മാവുവിള വീട്ടിൽ അജിയെയാണ് (48) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെ ഷിജി, ബന്ധുവിനൊപ്പം ബൈക്കിൽ വരുമ്പോൾ പ്രതി അജി ചുടുകല്ലുകൾ അടുക്കിവച്ച് വഴി തടസപ്പെടുത്തി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വഴക്കിനിടെ ഷിജിയുടെ കഴുത്തിൽ അജി കുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഷിജിയെ ഉടനെ അടുത്ത പ്രാഥമികാരോഗ്യകേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും രക്തം വാർന്ന് മരിക്കുകയായിരുന്നു. ഷിജിയുടെ ഓട്ടോ വീടിന് സമീപം നിറുത്തിയിടുന്നത് പ്രതി നിരന്തരം തടസപ്പെടുത്തുകയും ജാതി പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യുമായിരുന്നു. ഇത് സംബന്ധിച്ച് ഷിജി പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണം. വിഴിഞ്ഞം എസ്.എച്ച്.ഒ രമേഷ്, എസ്.ഐമാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി, സുരേഷ് കുമാർ,മോഹൻകുമാർ, വിഷ്ണു, ബൈജു സി.പി.ഒമാരായ ഷൈൻരാജ്, അജി, സനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. തുടരന്വേഷണം ഫോർട്ട് അസി. കമ്മീഷണർ അനിൽദാസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തുമെന്നും കമ്മീഷണർ അറിയിച്ചു.