വടകര: അഴിയൂർ കല്ലാമലയിൽ മാർച്ച് 19 ന് സ്ത്രീയെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ ചോമ്പാൽ പൊലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തു. കൊടുവള്ളി സ്വദേശി അർജ്ജുൻ, നാദാപുരം സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. കല്ലാമല പ്രണവം നഗറിൽ ആരോഗ്യ പ്രവർത്തകർ എന്ന് ധരിപ്പിച്ചെത്തി വീട്ടുടമയെ പഞ്ചായത്തിലേക്ക് വാക്സിൻ എടുക്കണം എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഒഴിവാക്കിയ ശേഷം വീട്ടമ്മയെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തിൽ കിടന്ന മാല കവർന്നത് നാടിനെ നടുക്കിയ സംഭവമായിരുന്നു. കൃത്യമായ ശാസ്ത്രീയ അന്വേഷണത്തിലൂടെ 2 പ്രതികളെയും പിടിക്കാൻ കഴിഞ്ഞത് ചോമ്പാല പോലീസിന് അഭിമാനമായി. 15ഓളം നിരീക്ഷണക്യാമറകൾ പരിശോധിച്ച് തെളിവെടുപ്പുകൾ നടത്തിയശേഷമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. 6 വർഷം മുൻപ് കടം വാങ്ങിയ 30,000/-രൂപ കൊടുക്കാത്തതിലുള്ള പ്രതികാരത്താൽ വീട്ടുടമയുടെ മകന്റെ സുഹൃത്തായ പ്രതി മറ്റൊരാളെയും കൂട്ടി ആസൂത്രിതമായി പിടിച്ചുപറിക്കുകയായിരുന്നു. ധൂർത്തടിച്ചു ജീവിക്കാൻ പണമില്ലാതെ വന്നപ്പോഴാണ് പ്രതികൾ സംഭവം പ്ലാൻ ചെയ്തത്. സംഭവം പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ രണ്ടു പേരും വീട്ടിൽ വെച്ചാണ് വന്നിരുന്നത്. വീടിനു പരിസരത്തുള്ള മുഴുവൻ സി.സി ടിവി ക്യാമറകളും പരിശോധിച്ചപ്പോൾ കുഞ്ഞിപള്ളിയിലെ ക്യാമറയിൽ നിന്നും വ്യക്തമായ ചിത്രം ലഭിച്ചു. ഈ ചിത്രം കേരളത്തിലെ ലോഡ്ജുകരുടെ ഗ്രൂപ്പിലേക്ക് അയച്ചു. ചിത്രം കണ്ട വടകരയിലെ ഒരു ലോഡ്ജിൽ നിന്നും ചിത്രത്തിന് സമാനമായിട്ടുള്ള ഒരാൾ റൂം ആവശ്യപ്പെട്ടുവന്നിരുന്നുവെന്ന് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്നാണ് സന്ദീപ് പിടിക്കപെടുന്നത്. സന്ദീപിൽ നിന്നും താമരശ്ശേരിക്കാരനായ അർജ്ജുനെ പറ്റി വിവരം ലഭിക്കുകയും, തുടർന്ന് അർജുനെ താമരശ്ശേരി വീട്ടിൽ നിന്ന് പിടികൂടുകയുമായിരുന്നു. ചോമ്പാൽ സി.ഐ ശിവൻ, എസ്.ഐ ഉമേഷ്, അഡീഷണൽ എസ്.ഐ സേതുമാധവൻ, എ.എസ്.ഐ സുനിൽദാസ് ,വരുൺ, ജിഎച്ച് ഗംഗാധരൻ, എസ്.ഐ കെ.പി രാജീവൻ, യൂസഫ്, സി.പി.ഒ.വി.വി ഷാജി, നിഷാന്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.