കൊച്ചി: ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ഓട്ടോറിക്ഷ! ഓട്ടോയില്ലാത്ത ഇന്ത്യൻ റോഡുകളെ സങ്കല്പ്പിക്കാനാവില്ല. ഓട്ടോറിക്ഷയിൽ ഒരിക്കലെങ്കിലും കയറാത്ത ആരും കാണുകയുമില്ല. പൊതു യാത്രയ്ക്ക് മാത്രമല്ല, സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോകാൻ വരെ ഓട്ടോറിക്ഷകൾ ഉപയോഗിക്കുന്ന നാടാണ് ഇന്ത്യ. പക്ഷേ, സർവമേഖലയെയും പൊളിച്ചടുക്കിയ കൊവിഡ്, ഓട്ടോറിക്ഷാ വില്പനയുടെ താളവും തെറ്റിച്ചിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം (2020-21) ഏപ്രിൽ-ഡിസംബർ വരെയുള്ള കണക്കുപ്രകാരം പുതിയ ഓട്ടോറിക്ഷാ കച്ചവടത്തിലുണ്ടായ ഇടിവ് 74 ശതമാനമാണെന്ന് വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പറയുന്നു. 1.30 ലക്ഷം ഓട്ടോറിക്ഷകളാണ് ഇക്കാലയളവിൽ വിറ്റുപോയത്. പാസഞ്ചർ ഓട്ടോറിക്ഷയേക്കാൾ ഭേദപ്പെട്ട വില്പന, ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങൾ നേടിയെന്നും സിയാം ചൂണ്ടിക്കാട്ടുന്നു.
ഓട്ടോറിക്ഷാ കയറ്റുമതി നേരിട്ട ഇടിവ് 30 ശതമാനമാണ്; 2.71 ലക്ഷം ഓട്ടോകൾ ഇന്ത്യയിൽ നിന്ന് ഇക്കാലയളവിൽ അതിർത്തി കടന്നു. ഓട്ടോറിക്ഷാ വില്പന തിരിച്ചുകയറുന്ന ലക്ഷണം പോലുമില്ലെന്നാണ് വിതരണക്കാരുടെ ഭാക്ഷ്യം. സ്കൂളുകളും കോളേജുകളും ഓഫീസുകളും അടച്ചിട്ടിരിക്കുന്നു. ഓഫീസുകൾ പലതും കൊവിഡിൽ പൂട്ടി; പകരം 'വർക്ക് ഫ്രം ഹോം" നടക്കുന്നു. കൊവിഡ് ഭീതിമൂലം റോഡുകളിൽ ജനത്തിരക്ക് കുറഞ്ഞു. ഓട്ടോറിക്ഷകളിൽ കയറാൻ മടിക്കുന്നവരുമുണ്ട്. ഇതെല്ലാമാണ് വില്പനയെ ബാധിക്കുന്നത്.
പ്രമുഖ ഓൺലൈൻ ടാക്സി സർവീസായ യൂബർ പോലും പറയുന്നത് നിലവിൽ ഡിമാൻഡ് കൊവിഡിന് മുമ്പത്തേതിന്റെ 50 ശതമാനം മാത്രമാണെന്നാണ്. ഓട്ടോറിക്ഷാ വായ്പകൾ നൽകാൻ നിലവിലെ സാഹചര്യം മുതലെടുത്ത് ധനകാര്യ സ്ഥാപനങ്ങൾ മടിക്കുന്നതും വില്പനയെ ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ വിൽക്കുന്ന ഓട്ടോകളിൽ 90-95 ശതമാനവും വായ്പകളിലൂടെയാണ്. കഴിഞ്ഞ ഒക്ടോബർ-നവംബർ വരെ ബാങ്ക് വായ്പകൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല; ഡിസംബറോടെയാണ് ബാങ്കുകൾ വിമുഖത കാട്ടിത്തുടങ്ങിയതെന്ന് വാഹന നിർമ്മാതാക്കൾ പറയുന്നു.
ബജാജ് ഓട്ടോ, പിയാജിയോ, അതുൽ ഓട്ടോ, സ്കൂട്ടേഴ്സ് ഇന്ത്യ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ ഓട്ടോറിക്ഷാ നിർമ്മാതാക്കൾ. വില്പനവളർച്ചയ്ക്കായി ഇവർ കണ്ണുംനട്ടിരിക്കുന്ന മാസം ഈവർഷം ജൂണാണ്. ഇക്കുറി ജൂണിൽ ഭാഗികമായെങ്കിലും വിദ്യാലയങ്ങൾ തുറന്നാൽ കച്ചവടം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇവരുള്ളത്.