കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2020-21) ആദ്യമാസമായ ഏപ്രിലിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞ കാറുകളുടെ എണ്ണം കേട്ടാൽ ആരും അമ്പരക്കും... വെറും പൂജ്യം! കർശനമായ കൊവിഡ് ലോക്ക്ഡൗണിൽ രാജ്യം പൂർണമായും സ്‌തംഭിച്ചതാണ് ഇതിനു കാരണം. എന്നാൽ, പിന്നീട് നിയന്ത്രണങ്ങൾ മെല്ലെ അയയുകയും ജനജീവിതം സാധാരണനിലയിലേക്ക് കടക്കുകയും ചെയ്‌തതോടെ പടിപടിയായി വാഹന വില്പന തിരിച്ചുകയറി.
സമ്പദ്‌വർഷത്തെ അവസാനമാസമായ മാർച്ചിൽ വിറ്റഴിഞ്ഞ കാറുകൾ 3.20 ലക്ഷമാണ്. 2020 മാർച്ചിൽ വിറ്റഴിച്ച 1.40 ലക്ഷം കാറുകളേക്കാൾ 128 ശതമാനം അധികം! വില്പനയിലും ജനപ്രീതിയിലും മുന്നിൽ മാരുതി സുസുക്കി തന്നെ. കഴിഞ്ഞമാസം ഏറ്റവുമധികം വിറ്റഴിഞ്ഞ കാറുകളിൽ ഏഴും മാരുതിയുടെ മോഡലുകൾ. ആദ്യ പത്തിൽ ഇടംപിടിച്ച മറ്റൊരു കമ്പനി ഹ്യുണ്ടായ് മാത്രമാണ്.
സ്വിഫ്‌റ്റ്
2020 മാർച്ചിൽ മാരുിതി സുസുക്കി സ്വിഫ്‌റ്റിന്റെ വില്പന 8,575 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇത് 153 ശതമാനം കുതിച്ച് 21,714 യൂണിറ്റുകളിലെത്തി. ഇതോടൊപ്പം സ്വിഫ്‌റ്റിന്റെ കൂടെ പോന്നത് ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന കാർ എന്ന പട്ടം കൂടിയാണ്. ഫെബ്രുവരിയിൽ പുറത്തിറക്കിയ പുത്തൻ സ്വിഫ്‌റ്റും വില്പന കുതിക്കാൻ സഹായകമായി.
ബലേനോ
വെറും 497 യൂണിറ്റുകളുടെ വ്യത്യാസത്തിനാണ് ബലേനോയ്ക്ക് കഴിഞ്ഞമാസം ഒന്നാംസ്ഥാനം നഷ്‌ടമായത്. ആകെ വിറ്റഴിഞ്ഞ യൂണിറ്റുകൾ 21,217 എണ്ണം. 2020 മാർച്ചിലെ 11,406നേക്കാൾ 86 ശതമാനം അധികം. ടൊയോട്ടയുടെ ലോഗോ വച്ചിറങ്ങുന്ന ബലേനോയുടെ ഇരട്ട സഹോദരനുണ്ട് - ഗ്ളാൻസ! ഈ താരത്തിന്റെ വില്പന കൂടിച്ചേർത്താൽ, ഒന്നാംസ്ഥാനം ബലേനോ-ഗ്ളാൻസ ട്വിൻസിനാണ്.
വാഗൺആർ
മൂന്നാംസ്ഥാനത്തുള്ള മാരുതി വാഗൺആറിന്റെ വില്പന കഴിഞ്ഞമാസം വർദ്ധിച്ചത് 105 ശതമാനം. 9,151 യൂണിറ്റുകളിൽ നിന്ന് 18,757ലേക്കാണ് വില്പന മുന്നേറിയത്.
ഓൾട്ടോ
ഏറെ വർഷങ്ങളായി ഒന്നാംസ്ഥാനം ഈ എൻട്രി-ലെവൽ കാറിനായിരുന്നു. തുടർച്ചയായ രണ്ടാംമാസമാണ് ഓൾട്ടോ നാലാമതാകുന്നത്. മാർച്ചിലെ വില്പന 18,757 യൂണിറ്റുകൾ; വർദ്ധന 61 ശതമാനം. 2020 മാർച്ചിലെ വില്പന 10,829 യൂണിറ്റുകൾ.
ഹ്യുണ്ടായ് ക്രെറ്റ
12,640 യൂണിറ്റുകളുടെ വില്പനയുമായി ഹ്യുണ്ടായ് ക്രെറ്റ സ്വന്തമാക്കിയത് അഞ്ചാംസ്ഥാനം മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിയുന്ന എസ്.യു.വി എന്ന കിരീടം കൂടിയാണ്. കഴിഞ്ഞവർഷം മാർച്ചിലെ വില്പന 6,706 യൂണിറ്റുകളായിരുന്നു.
മാരുതി ഈക്കോ
11,547 യൂണിറ്റ് വില്പനയുമായി ഈക്കോ ആദ്യമായി ടോപ് 10ൽ കയറിയമാസമാണ് കടന്നുപോയത്. യാത്രയ്ക്കും ചരക്കുനീക്കത്തിനും ഉപയോഗിക്കാമെന്നതാണ് ഈക്കോയുടെ മികവ്. 2020 മാർച്ചിലെ 5,966 യൂണിറ്റിനേക്കാൾ വില്പന വളർച്ച 94 ശതമാനമാണ്.
ഡിസയറും ബ്രെസയും
109 ശതമാനം നേട്ടത്തോടെ 11,434 യൂണിറ്റുകളുടെ വില്പനയുമായി കോംപാക്‌റ്റ് സെഡാൻ ഡിസയർ ഏഴാംസ്ഥാനവും 104 ശതമാനം കുതിപ്പോടെ 11,274 യൂണിറ്റ് വില്പനയുമായി കോംപാക്‌റ്റ് എസ്.യു.വി വിറ്റാര ബ്രെസ എട്ടാംസ്ഥാനവും നേടി.
ഗ്രാൻഡ് ഐ10, വെന്യൂ
ഒമ്പതും പത്തും സ്ഥാനങ്ങളിൽ യഥാക്രമം ഹ്യുണ്ടായിയുടെ ഗ്രാൻഡ് ഐ10, വെന്യൂ എന്നിവയാണ്. 11,020 യൂണിറ്റുകളാണ് ഗ്രാൻഡ് ഐ10ന്റെ വില്പന; വളർച്ച 157 ശതമാനം. 10,722 യൂണിറ്റ് വില്പന നേടിയ വെന്യൂവിന്റെ മുന്നേറ്റം 75 ശതമാനം.