തിരുവനന്തപുരം: മദ്യപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഹോംഗാർഡ് പിടിയിൽ. തിരുവനന്തപുരം സിറ്റിയിൽ നിന്ന് നരുവാമൂട് യു.പി.എസിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി എത്തിയ ഹോംഗാർഡ് ബിനുവിനെയാണ് നരുവാമൂട് സി.ഐയും സംഘവും പിടികൂടിയത്. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.
പോളിംഗ് ആരംഭിക്കാനിരിക്കെ ബൂത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ബിനു ബൂത്തിലെത്തിയ പലരെയും അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്തതിനെ തുടർന്ന് മറ്റ് പോളിംഗ് ഉദ്യോഗസ്ഥർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നരുവാമൂട് സി.ഐ നടത്തിയ ചോദ്യം ചെയ്യലിൽ മദ്യപിച്ചതായി സമ്മതിച്ചതിനെ തുടർന്ന് ഇയാളെ ഡ്യൂട്ടിയിൽ നിന്നൊഴിവാക്കി. തുടർന്ന് നെയ്യാറ്റിൻകര ഗവ. ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തിയശേഷം ഇയാൾക്കെതിരെ കേസെടുത്തു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് പൊലീസ് അറിയിച്ചു.