ഇരിട്ടി: തിരഞ്ഞെടുപ്പിന്റെ തലേന്ന് ഡ്രൈഡേ ദിനത്തിൽ 45 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് സംഘം പിടികൂടി. പുളിയംമാക്കൽ വീട്ടിൽ പാച്ചൻ എന്ന വിനോയ് പി.കെ,( 45) ആണ് പിടിയിലായത്. തിരഞ്ഞെടുപ്പ് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പാൽച്ചുരം പുതിയങ്ങാടി അങ്കണവാടിക്കു സമീപം നടത്തിയ റെയ്ഡിലാണ് ഒളിപ്പിച്ചു വച്ച നിലയിൽ മദ്യ ശേഖരം പിടികൂടിയത്.
എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗം പ്രിവന്റീവ് ഓഫീസർ എം.പി സജീവനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. ഇയാളെ ചൊവ്വാഴ്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും. എക്സൈസ് പ്രിവന്റീവ് ഓഫീസർ എം.പി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ഇ.സി ദിനേശൻ, സിവിൽ എക്സൈസ് ഓഫീസർ സി.എം ജയിംസ് എന്നിവർ പങ്കെടുത്തു.