തളിപ്പറമ്പ്: വാടകവീട്ടിലും കണ്ണൂർ മെഡിക്കൽ കോളേജിലും അതിക്രമം കാട്ടി ഓടി രക്ഷപ്പെട്ടയാൾക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. കൂവോട് എ.കെ.ജി സ്റ്റേഡിയത്തിന് സമീപം വാടകവീട്ടിൽ താസിക്കുന്ന മുള്ളൂൽ സ്വദേശി കെ.എൻ.ബാബുവാണ് (52)അക്രമം കാട്ടിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. രണ്ടാഴ്ച്ച മുമ്പാണ് ഇയാൾ ഒ.എൻ. മാധവൻ എന്നയാളുടെ വാടകവീട്ടിൽ താമസം തുടങ്ങിയത്. ഇയാൾ വീടിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ നാട്ടുകാർ പൊലീസിലറിയിക്കുകയായിരുന്നു. അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നുവെച്ചതോടെ പൊലീസ് അഗ്നിശമനസേനയെ വിളിച്ചു. ഇവർ എത്തുമ്പോഴേക്കും കുളിമുറിയിൽ അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു ബാബു. ഉടൻ അഗ്നിശമനസേനയുടെ തന്നെ ആംബുലൻസിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചു. രാത്രി പതിനൊന്നോടെ ബോധം വീണുകിട്ടിയ ഇയാൾ മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിലും അക്രമം നടത്തി. ഇതോടെ പരിയാരം പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് കെട്ടിയിട്ടുവെങ്കിലും പിന്നീട് സ്വയം കെട്ട് അഴിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.