സഫ് വാൻ ഗൾഫിൽ നിന്നെത്തുമ്പോൾ സത്യം തെളിയുമോ?
പോസ്റ്റുമോർട്ടം റിപ്പോർട്ടും പൊലീസ് അന്വേഷണവും അട്ടിമറിച്ചതാര്?
കോഴിക്കാട്: നാദാപുരം നരിക്കാട്ടേരിയിൽ ആത്മഹത്യയെന്ന് കരുതിയ സ്കൂൾ വിദ്യാർത്ഥിയുടെ മരണം ആസൂത്രിത കൊലപാതകമോ? ദൃശ്യങ്ങൾ ഫോണിൽ പകർത്തിയെന്ന് കരുതുന്ന രണ്ടാനമ്മയുൾപ്പെടെ കൂടുതൽ പേർ കേസിൽ പ്രതികളായേക്കുമെന്ന് സൂചന. മരിച്ച നരിക്കാട്ടേരി കറ്റാരത്ത് അബ്ദുൾ അസീസിനെ (16) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുന്നതായി ദൃശ്യങ്ങളിൽ കാണുന്ന അർദ്ധ സഹോദരൻ സഫ് വാനെ ഗൾഫിൽ നിന്ന് നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ അരുംകൊലയുടെ ആസൂത്രണമുൾപ്പെടെയുള്ള കഥകൾ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
രണ്ടാം ഭാര്യയിലെ മകൻ
അസീസിന്റെ പിതാവിന്റെ രണ്ടാംഭാര്യയിലെ മകനാണ് അരുംകൊലയ്ക്ക് നേതൃത്വം നൽകിയ സഫ് വാൻ. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ വഴക്കും കയ്യാങ്കളിയുമാണ് ക്രൂരമായ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. 2020 മെയ് 17നാണ് പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി അബ്ദുൾ അസീസിനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നായിരുന്നു ലോക്കൽ പൊലീസിന്റെ കണ്ടെത്തൽ.കഴിഞ്ഞദിവസം അപ്രതീക്ഷിതമായി സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽപോലും തൂങ്ങിമരണമെന്ന് വെളിപ്പെടുത്തിയിരുന്ന അസീസിന്റെ ദുരൂഹമരണം ക്രൂരമായ കൊലപാതകമായിരുന്നുവെന്ന സത്യം വെളിപ്പെട്ടത്.
വീഡിയോ പകർത്തിയത് രണ്ടാനമ്മയോ?
അസീസിന്റെ കുടുംബാംഗങ്ങളാരോ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തിലും മൃതദേഹം കെട്ടിത്തൂക്കിയതിലും പങ്കുള്ളതായി പൊലീസ് സംശയിക്കുന്ന രണ്ടാനമ്മയാകാം വീഡിയോ പകർത്തിയതെന്നാണ് നിലവിലെ സംശയം. രണ്ട് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ അസീസിനെ സഹോദരൻ കഴുത്തിൽ ചുറ്റിപിടിച്ച് നിലത്ത് വീഴ്ത്തി ശ്വാസം മുട്ടിക്കുന്നതും നെഞ്ചിലും മുഖത്തും ശക്തമായി ഇടിക്കുന്നതും ശ്വാസം ലഭിക്കാതെ അസീസ് സഫ് വാന്റെ മടിയിൽ കിടന്ന് പിടയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നീട് ബോധരഹിതനാകുന്ന അസീസിനെ സഫ് വാൻ നെഞ്ചിൽ തടവുന്നതും കാണാൻ കഴിയും.
ആന്തരികാവയവങ്ങൾക്ക് ക്ഷതം
മർദ്ദനത്തിൽ ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതവും ശ്വാസതടസവും കാരണം മരണം സംഭവിച്ചതോടെ അസീസിനെ തന്ത്രപരമായി വീടിനുള്ളിൽ കെട്ടിത്തൂങ്ങിയ നിലയിൽ തൂക്കി നിർത്തിയശേഷം ആത്മഹത്യയാക്കി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെയും ആക്ഷൻ കൗൺസിലിന്റെയും സംശയം. അസീസിനെ ഇത്രക്രൂരമായി മർദ്ദിക്കുകയും അപായപ്പെടുത്തുകയും ചെയ്തതിന്റെ കാരണമെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. അസീസിന്റേത് ആത്മഹത്യയാണെന്ന വെളിപ്പെടുത്തൽ നടത്തുന്ന ബന്ധുക്കളും ആത്മഹത്യയ്ക്ക് ഇടായാക്കിയ കാരണത്തെപ്പറ്റിയുള്ള ചോദ്യത്തിന് അജ്ഞാതമെന്ന് ഒറ്റവാക്കാണ് മറുപടിയായി നൽകുന്നത്.
സഫ്വാന് പരസഹായം
മരണത്തിനിടയാക്കും വിധം അസീസിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സഫ് വാൻ മാത്രമാണ് ഉൾപ്പെട്ടിരുന്നതെങ്കിലും മരണം ഉറപ്പിച്ചതോടെ സംഭവം ആത്മഹത്യയാക്കി മാറ്റാനും മൃതദേഹം കെട്ടിത്തൂക്കാനും സഫ് വാന് പരസഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. അമ്മയുടെയോ അടുത്ത ബന്ധുക്കളുടെയോ സഹായത്തോടെയാകാം സഫ് വാൻ അസീസിനെ കെട്ടിത്തൂക്കിയത്. റംസാൻ വേളയിൽ ബന്ധുക്കളും മറ്റും ആഘോഷത്തിനായി വീട്ടിൽ വന്ന സമയത്താണ് അസീസിന്റെ മരണം സംഭവിച്ചത്. വീടിന്റെ താഴത്തെ നിലയിലെ മുറിയിലുണ്ടായിരുന്ന തയ്യൽ മെഷീൻ മുകൾ നിലയിലെ മുറിയിലേക്ക് കൊണ്ടുപോയി അതിൽ കയറി നിന്നശേഷം ലുങ്കി ഫാനിൽ കെട്ടി തൂങ്ങി മരിച്ചതായാണ് ബന്ധുക്കൾ അന്ന് പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ, ബന്ധുക്കളെല്ലാം ആഘോഷത്തിനായി ഒത്തുചേർന്ന അവസരത്തിൽ അവരുടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ തയ്യൽ മെഷീൻ മുകൾ നിലയിൽ കൊണ്ടുപോകാനും അതിന് മുകളിൽ കയറി നിന്ന് ഫാനിൽ കുരുക്കിട്ട് തൂങ്ങി മരിക്കാനും സാദ്ധ്യത വിരളമാണെന്ന സംശയത്താൽ നാട്ടുകാർ അന്ന് തന്നെ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും മരണത്തിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വീഡിയോ ടിക് ടോക്കല്ല
നാട്ടുകാർ സംഭവമറിഞ്ഞ് വീട്ടിലെത്തുമ്പോൾ അസീസും സഫ് വാനും ധരിച്ചിരുന്ന വസ്ത്രങ്ങൾ തന്നെയാണ് ഇപ്പോൾ പുറത്തായ മർദ്ദനത്തിന്റെ വീഡിയോയിലുമുള്ളത്. അതിനാൽ വീഡിയോയുടെ കാര്യത്തിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും ടിക് ടോക്കിനോ മറ്റോ എടുത്തതാണെന്ന നിലയ്ക്കുള്ള വിശദീകരണങ്ങൾ അസ്ഥാനത്താണെന്നും ബന്ധുക്കൾ വെളിപ്പെടുത്തുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടും പൊലീസ് അന്വേഷണവും അട്ടിമറിച്ചതാര്?
തുടക്കം മുതലേ നാട്ടുകാർക്ക് സംശയമുണ്ടായിരുന്ന അസീസിന്റെ മരണം ആത്മഹത്യയാണെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തി കേസ് അവസാനിപ്പിച്ചതിന് പിന്നിൽ ഉന്നത തലത്തിലുള്ള ഇടപെടലുകളും സാമ്പത്തിക ഇടപാടുകളുമുള്ളതായി സംശയം. തൂങ്ങി മരണവും കൊന്ന് കെട്ടിത്തൂക്കുന്നതും പൊലീസിന് പ്രാഥമിക പരിശോധനയിൽ തന്നെ വ്യക്തമാകുമെന്നിരിക്കെ അത്തരം കാര്യങ്ങളൊന്നും പൊലീസ് പരിശോധനയിൽ കണ്ടെത്താതെ പോയതിന്റെ കാരണങ്ങളെപ്പറ്റിയാണ് ഇപ്പോൾ നാട്ടിലെ ചർച്ച.
പൊലീസിനെയും ഡോക്ടറെയും സ്വാധീനിച്ചു
പൊലീസിന് പ്രാഥമിക പരിശോധനയിൽ സംഭവിച്ച പിഴവുകൾ, കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും അതേപടി ആവർത്തിച്ചതാണ് കേസിൽ അനാവശ്യമായ കാലതാമസത്തിനും തെളിവ് നശിപ്പിക്കലിനും ഇടയാക്കിയത്. പൊലീസിനെയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറെയും ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചതാകാം ഇത്തരത്തിൽ തെളിവ് നശിക്കാൻ ഇടയാക്കിയതെന്നാണ് കരുതപ്പെടുന്നത്. അസീസിന്റെ മൃതദേഹം റീപോസ്റ്റുമോർട്ടം ചെയ്യുന്നതിലൂടെ തെളിവുകൾ വീണ്ടെടുക്കാൻ സാധിക്കുമെങ്കിലും സഫ് വാനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലേ അരും കൊലയുടെചുരുളുകൾ അഴിയൂ.
ചിത്രീകരിച്ച ഫോൺ കണ്ടെത്തണം
മർദ്ദനത്തിന്റെ വീഡിയോ ചിത്രീകരിച്ച ഫോണും വീണ്ടെടുക്കേണ്ടതുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ വീഡിയോ പോസ്റ്റ് ചെയ്തയാളെ ആളെ കണ്ടെത്തിയാലേ വീഡിയോയുടെ ഉറവിടം വ്യക്തമാകൂ. അസീസിന്റെ മരണം ആത്മഹത്യയാണെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളി സംഭവം നടന്ന് ഒരു വർഷം തികയാനിരിക്കെയാണ് അസീസിന്റെ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
അസീസിന്റെ സഹോദരൻ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങൾ ചില സാമൂഹികമാദ്ധ്യമ ഗ്രൂപ്പുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. ഇതോടെ നാട്ടുകാർ രാത്രിയിൽ അസീസിന്റെ വീടുവളയുകയും അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തതോടെയാണ് സംഭവം പുനരന്വേഷിക്കാൻ പൊലീസ് തയ്യാറായത്.
പയ്യോളി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. കേസിൽ അസീസിന്റെ ബന്ധുക്കളെ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് വെളിപ്പെടുത്തി.