കൊല നടത്തിയത് 11 അംഗസംഘം
തലശേരി: വോട്ടെടുപ്പു ദിനത്തിൽ പാനൂരിന്റെ മണ്ണ് വീണ്ടും രാഷ്ട്രീയപ്പകയുടെ ചോര വീണു നനഞ്ഞതിന്റെ നീറ്റലിൽ കേരളം. ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ (22) സി.പി.എം പ്രവർത്തകരുൾപ്പെട്ട അക്രമിസംഘം ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തിന്റെ തുടർച്ചയായി കണ്ണൂരിൽ വിവിധ മേഖലകളിൽ സി.പി.എം ഓഫീസുകൾക്കു നേരെ അക്രമമുണ്ടാവുകയും ചെയ്തതോടെ കേരളം ഭീതിയോടെ നെഞ്ചിൽ കൈവച്ച് പ്രാർത്ഥിക്കുന്നത് ഒന്നേയുള്ളൂ: മതിയായി, പകയുടെ രാഷ്ട്രീയം. പടരാതിരിക്കട്ടെ ചോരത്തുള്ളികൾ...
പാനൂർ കടവത്തൂർ മുക്കിൽപീടികയിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമത്തിൽ മൻസൂർ കൊല്ലപ്പെട്ടത് ബോംബേറിലുണ്ടായ ഗുരുതര പരിക്കു മൂലമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ബോംബേറിൽ ഇടതു കാൽമുട്ടിനു താഴെ തകർന്ന മൻസൂറിനെ അക്രമികൾ വെട്ടിയും പരിക്കേൽപ്പിച്ചിരുന്നു. ഇന്നലെ പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മൻസൂർ മരിച്ചത്. അക്രമത്തിനു ശേഷം ഓടിരക്ഷപ്പെടുകയായിരുന്ന സംഘത്തിലെ, മൻസൂറിന്റെ അയൽവാസിയും സി.പി.എം പ്രവർത്തകനുമായ സിനോജിനെ ലീഗ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏല്പിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ 11 സി.പി.എം പ്രവർത്തകരുടെ പേരിൽ ചൊക്ളി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 14 പേർക്കെതിരെയും കേസുണ്ട്. മൻസൂറിന്റെ സഹോദരൻ, അക്രമത്തിൽ പരിക്കേറ്റ മൊഹ്സിൻ കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനു മുന്നിൽ വച്ച് മൻസൂറിനെ ആക്രമിക്കാൻ ശ്രമിച്ചവരെ തടയുന്നതിനിടയിലാണ് മൊഹ്സിന് പരിക്കേറ്റത്.
യു.ഡി.എഫിന്റെ ബൂത്ത് ഏജന്റായിരുന്നു മൊഹ്സിൻ. ഓപ്പൺ വോട്ടിനെച്ചൊല്ലി സി.പി. എം- ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി.പി.എം പ്രവർത്തകരായ സി.ദാമോദരൻ, ഒതയോത്ത് സ്വരൂപ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയാണ് രാത്രിയിലുണ്ടായ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
അക്രമിസംഘം സഞ്ചരിച്ചതെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം നടന്ന സ്ഥലത്തുനിന്ന് വടിവാളും ഇരുമ്പു പൈപ്പും കണ്ടെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്റെ പിതാവ് മുസ്തഫ സി.പി.എം അനുഭാവിയാണ്. സക്കീനയാണ് മൻസൂറിന്റെ മാതാവ്. മുനീബ്, മുബിൽ, മുഹമ്മദ് എന്നിവരാണ് മറ്റു സഹോദരങ്ങൾ. മൻസൂറിന്റെ മൃതദേഹം പുല്ലൂക്കര പാറാൽ ജുമാ അത്ത് കബർസ്ഥാനിൽ വൈകിട്ട് വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ കബറടക്കി.
രാഷ്ട്രീയ കൊലപാതകം
മൻസൂറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികളെ മുഴുവൻ പിടികൂടുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്ന് ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.കെ. ഫിറോസും പറഞ്ഞു. കൊലപാതകം ദൗർഭാഗ്യകരമാണെന്നും പ്രതികളെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പറഞ്ഞു.
ലക്ഷ്യമിട്ടത് മൊഹ്സിനെ
യു.ഡി. എഫ് ബൂത്ത് ഏജന്റായിരുന്ന മൊഹ്സിനു രാവിലെ മുതൽ ഭീഷണിയുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ, സംഘം ആളുമാറി സഹോദരൻ മൻസൂറിനെ ആക്രമിച്ചതായിരിക്കാമെന്നും പൊലീസ് കരുതുന്നു. സി.പി.എം- ഡി.വൈ.എഫ് ഐ.സംഘമാണ് കൊലയ്ക്കു പിന്നിലെന്നും എല്ലാവരെയും കണ്ടാലറിയാമെന്നും അക്രമത്തിൽ പരിക്കേറ്റ മൻസൂറിന്റെ സഹോദരൻ മൊഹ്സിൻ പൊലീസിനോട് പറഞ്ഞു.
ഇതൊരു ആസൂത്രിത കൊലപാതകമല്ല. ലീഗുകാർ തുടങ്ങിയ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെങ്കിലും അത് നടക്കാൻ പാടില്ലായിരുന്നു. കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. നീതിപൂർവമായ അന്വേഷണത്തിലൂടെ പൊലീസ് കുറ്റവാളികളെ കണ്ടെത്തട്ടെ.
എം.വി.ജയരാജൻ
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി
മൻസൂറിന്റെ കൊലപാതകം സി.പി.എം ആസൂത്രണം ചെയ്തതാണ്. ലീഗുകാർ ഈ ദിവസം ഓർത്തുവയ്ക്കുമെന്ന് സോഷ്യൽ മീഡിയയിൽ പ്രതി പോസ്റ്റ് ഇട്ടിരുന്നു.
പി.കെ. കുഞ്ഞാലിക്കുട്ടി
മുസ്ളിം ലീഗ് ദേശീയ
ജനറൽ സെക്രട്ടറി