ss

തിരുവനന്തപുരം: മെഡിക്കൽകോളേജ് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അടിച്ചുതകർത്ത പ്രതി ചെറുവയ്ക്കൽ വാർഡിൽ പോങ്ങുംമൂട് ബാപ്പുജി നഗർ, തൃക്കേട്ട വീട്ടിൽ ദീപു എസ്.കുമാറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 11.50നാണ് സംഭവം. സ്റ്റേഷൻ ജീപ്പിന്റെ മുൻവശത്തെ വിന്റ്ഷീൽഡ് ഗ്ലാസ് കല്ലുകൊണ്ട് ഇടിച്ച് പൊട്ടിച്ചശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം പൊലീസിനു നേരേയും ആക്രമണത്തിന് ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ് പെടുത്തിയത്. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾക്ക് കഴക്കൂട്ടം, ശ്രീകാര്യം, പേരൂർക്കട സ്റ്റേഷനുകളിലായി വധശ്രമം, കവർച്ച, ഗുണ്ടാ ആക്രമണം, ആയുധ നിരോധന നിയമ ലംഘനം തുടങ്ങി പത്തിലേറെ കേസുകൾ നിലവിലുണ്ട്. മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ ബിനു വർഗീസ്,എസ്.ഐ മാരായ ജയശങ്കർ,ഷജീം,എ.എസ്.ഐ അനിൽകുമാർ,സി.പി.ഒമാരായ രാജേഷ്, അനിൽകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു.