കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് ചുവടു വച്ചതു മുതൽ രാജ്യത്തെ വിവിധ ഹൈക്കോടതികൾ ഈ ചോദ്യം ചോദിച്ചു തുടങ്ങിയിരുന്നു. ഇലക് ഷൻ പ്രചാരണവും റോഡ് ഷോയും കൊവിഡിന്റെ രണ്ടാം വരവിന് വഴിയൊരുക്കിയെന്ന ആരോപണം നിലനിൽക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നേതാക്കൾക്ക് വീടുകളിലെത്തി വാക്സിൻ നൽകിയത് കോടതി കയറി. വാക്സിൻ സെന്ററുകളിലേക്ക് വരാതെ രാഷ്ട്രീയ നേതാക്കൾക്ക് വീടുകളിലിരുന്ന് വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കിയതു പക്ഷേ പുലിവാലു പിടിച്ചു. മുതിർന്നവർക്കും ശാരീരികമായി അവശതകളുള്ളവർക്കും വീടുകളിലെത്തി വാക്സിൻ നൽകണെമന്നാവശ്യപ്പെട്ട് അഡ്വ. ദ്രുതി കപാഡിയ, അഡ്വ. കുനാൽ തിവാരി എന്നിവർ ബോംബെ ഹൈക്കോടതിയിൽ നൽകിയ പൊതുതാത്പര്യ ഹർജിയാണ് വിവാദത്തിന് വഴിമരുന്നിട്ടത്.
സംസ്ഥാനത്തെ വാക്സിൻ സെന്ററുകളോടു ചേർന്ന് ഐ.സി.യു സംവിധാനമുൾപ്പെടെ വേണമെന്ന് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട സമിതിയിൽ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വീടുകളിലെത്തി വാക്സിൻ നൽകണമെന്ന ആവശ്യവുമായി ഹർജിക്കാർ എത്തിയത്. പ്രധാന രാഷ്ട്രീയ നേതാക്കൾക്ക് വീടുകളിലെത്തി വാക്സിൻ നൽകിയത് ഇതിനൊപ്പമാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് എസ്.ഡി കുൽക്കർണിയുമുൾപ്പെട്ട ഡിവിഷൻ ബൈഞ്ച് ഇതു ഗൗരവമായെടുത്തു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും വാക്സിനേഷൻ സെന്ററുകളിലെത്തി വാക്സിനെടുത്തപ്പോൾ രാഷ്ട്രീയക്കാർക്കെങ്ങനെയാണ് വീടുകളിലെത്തി വാക്സിൻ നൽകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. വീടുകളിൽ എത്തി വാക്സിൻ നൽകുന്ന നയം നിലവിലില്ലെന്നിരിക്കെ എങ്ങനെയാണ് ഇതു ചെയ്യുന്നത് ? ഇത്തരം നടപടികൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് ? ഡിവിഷൻ ബെഞ്ച് ചോദിച്ചു. ഇനിയിത്തരം നടപടികളുണ്ടായാൽ കാണാമെന്ന മുന്നറിയിപ്പു നൽകാനും ഡിവിഷൻ ബെഞ്ച് മറന്നില്ല.
പൊതുജനങ്ങൾക്കു പിഴ, രാഷ്ട്രീയക്കാർക്കോ ?
കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇലക് ഷൻ കാലത്ത് വൻതോതിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായെന്നാരോപിച്ച് ഡൽഹി ഹൈക്കോടതിയിലുമെത്തിയിരുന്നു ഒരു ഹർജി. മുൻ ഉത്തർപ്രദേശ് ഡി.ജി.പി വിക്രം സിംഗ് നൽകിയ ഹർജിയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് പൊതുജനങ്ങൾക്കു പിഴ ചുമത്തുമ്പോൾ രാഷ്ട്രീയക്കാർക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജസ്മീത്ത് സിംഗ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ഇലക് ഷൻ കമ്മിഷനോടും വിശദീകരണം തേടിയിരിക്കുകയാണ്. കേരള, തമിഴ്നാട്, അസാം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കിടെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം.
അസാമിലും ബംഗാളിലും 40 ലേറെ റോഡ്ഷോകളും റാലികളും നടത്തിയെന്ന് ഹർജിയിൽ പറയുന്നു. മിക്ക റോഡ് ഷോകളിലും നേതാക്കൾ മാസ്ക് പോലും ധരിക്കാതെയാണ് എത്തിയത്. ഇവർക്കെതിരെയൊന്നും നടപടികൾ സ്വീകരിച്ചിരുന്നില്ല. എന്നാൽ പൊതുജനങ്ങൾക്കെതിരെ തരം കിട്ടിയപ്പോഴൊക്കെ നടപടിയെടുത്തു. പൊതുജനാരോഗ്യത്തെ അവഗണിച്ചു നടത്തുന്ന ഇലക് ഷൻ പ്രചാരണം കൊവിഡിന്റെ രണ്ടാം വരവിന് ശക്തി കൂട്ടിയെന്നും വിക്രം സിംഗിന്റെ ഹർജിയിൽ ആരോപിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഡൽഹി ഹൈക്കോടതിയിലെത്തിയ ഹർജി വിശദീകരണം തേടി മാറ്റി. കേരളത്തിലെ ഇലക്ഷൻ കഴിഞ്ഞതോടെ കൊവിഡ് പിടിമുറുക്കിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പു പ്രചാരണമൊക്കെ കഴിഞ്ഞതോടെ കേരളത്തിൽ ഇനിയുള്ള ദിനങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പക്ഷേ, കൈവിട്ടുപോയ കൊവിഡിനെ ഇനിയെങ്ങനെ കൂട്ടിലാക്കുമെന്നതാണ് തലവേദന.
അവരെ മാസ്കിൽ നിന്നു തിരിച്ചറിയേണ്ടേ?
ബധിരരും മൂകരുമായവരെ തിരിച്ചറിയാൻ പ്രത്യേക തരം മാസ്ക് ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്ന ഹർജിയിൽ ബോംബെ ഹൈക്കോടതി മഹാരാഷ്ട്രാ സർക്കാരിനോടു വിശദീകരണം തേടി. ആശയവിനിമയം നടത്താൻ ബുദ്ധിമുട്ടുള്ള ഇത്തരക്കാരെ മാസ്കിൽ നിന്ന് തിരിച്ചറിയാൻ കഴിയണമെന്നാണ് ഹർജിയിലെ ആവശ്യം. കൊവിഡ് ഇവിടെ നമ്മളോടൊപ്പമുണ്ട്. പക്ഷേ, ഇത്തരക്കാരെ നാം മറന്നേപോയി. ഇവരെ തിരിച്ചറിയാൻ കഴിയുന്ന പ്രത്യേക മാസ്ക് വേണ്ടതല്ലേ ? ഹർജി പരിഗണിച്ച ഹൈക്കോടതി ചോദിക്കുന്നു.