സംസ്ഥാനത്ത് പുതിയ നിയമസഭ നിലവിൽ വരാൻ ഇനി ആഴ്ചകൾ മാത്രമേ ബാക്കിയുള്ളൂ. നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിൽ മുഖ്യധാര രാഷ്ട്രീയ പാർട്ടികളൊന്നും പിന്നാക്കക്കാരന് വേണ്ടത്ര പ്രാതിനിദ്ധ്യം നൽകിയില്ല. എങ്കിലും അവസരം ലഭിച്ചവരിൽ വലിയൊരു വിഭാഗം ജയിച്ചുവരും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ സഭയിലെത്തിയ ഭൂരിഭാഗം പിന്നാക്കക്കാരും കടുത്ത നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. ഇവിടെയാണ് കുമാരനാശാൻ കൂടുതൽ പ്രസക്തനാകുന്നത്. ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യദിവസം കുമാരനാശാൻ നടത്തിയ പ്രസംഗം പിന്നാക്കക്കാർക്ക് വേണ്ടിയുള്ള സിംഹ ഗർജ്ജനമായിരുന്നു. പിന്നീട് അവസരങ്ങൾ ചോദിച്ച് വാങ്ങി ആശാൻ ശബ്ദിച്ചതെല്ലാം പിന്നാക്കക്കാർക്ക് വേണ്ടിയായിരുന്നു.
1888ൽ ശ്രീമൂലം തിരുനാളിന്റെ ഭരണകാലത്താണ് തിരുവിതാംകൂറിൽ ആദ്യമായി നിയമനിർമ്മാണ സഭ നിലവിൽ വന്നത്. 1904ൽ നിയമസഭയ്ക്ക് പുറമേ പ്രജാസഭ നിലവിൽ വന്നു. പ്രജകളുടെ സങ്കടങ്ങളും ആഗ്രഹങ്ങളും അവരുടെ പ്രതിനിധികളിലൂടെ അറിയിക്കാനുള്ള വേദിയായിരുന്നു പ്രജാസഭ. തിരുവിതാംകൂറിലെ ജനസംഖ്യയിൽ ഏറ്റവും വലിയ വിഭാഗമായ ഈഴവർക്ക് ഈ സഭയിൽ അർഹമായ പ്രാതിനിദ്ധ്യം ലഭിച്ചില്ല. സഭയുടെ ആദ്യയോഗത്തിൽ ഈഴവ ജന്മിമാരുടെ പ്രതിനിധികളായി മൂന്നുപേരെ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. ഇതിനെ വിവേകോദയത്തിൽ മുഖപ്രസംഗത്തിലൂടെ കുമാരനാശാൻ ശക്തമായി വിമർശിച്ചു. ആശാന്റെ വാക്കുകൾക്ക് ഫലമുണ്ടായി. പ്രജാസഭയിൽ എസ്.എൻ.ഡി.പി യോഗത്തിന് പ്രാതിനിദ്ധ്യം അനുവദിച്ചു. യോഗത്തിന്റെ പ്രതിനിധിയായി ആശാനെത്തന്നെ തീരുമാനിച്ചു.
ആശാൻ പങ്കെടുത്ത ആദ്യ പ്രജാസഭ യോഗത്തിൽ ഈഴവ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാലയ പ്രവേശനം, സംസ്കൃത, ആയുർവേദ വിദ്യാഭ്യാസം, സർക്കാർ ഉദ്യോഗങ്ങളിലെ പ്രാതിനിദ്ധ്യം എന്നിവയ്ക്ക് വേണ്ടി ശക്തമായി വാദിച്ചു. ഇതിനെയൊക്കെ എതിർക്കുന്ന സവർണ മാടമ്പികൾക്കെതിരെയും ആഞ്ഞടിച്ചു. അവഗണനയുടെ കണക്കുകളും ആശാൻ ആധികാരികമായി അവതരിപ്പിച്ചു. 'കേരളത്തിൽ ഇരപ്പാളികളല്ലാത്ത ഒരു വർഗമുണ്ടെങ്കിൽ അത് ഈഴവരാണ് ' എന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രജാസഭയിലെ ആശാന്റെ ആദ്യ പ്രസംഗം തുടങ്ങിയത്. ആശാൻ ഉൾപ്പടെയുള്ള അവർണ പ്രജാസഭാംഗങ്ങളുടെ ഇടപെടലുകൾക്ക് ഫലമുണ്ടായി. അവർണർക്ക് പ്രവേശനം നിഷേധിച്ചിരുന്ന പല സ്കൂളുകളും സർക്കാരിന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഈഴവർക്കും മറ്റ് പിന്നാക്കക്കാർക്കും തുറന്നുകൊടുത്തു. ഈഴവ പെൺകുട്ടികൾക്ക് സവർണ പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ പ്രവേശനം നൽകാൻ സർക്കാർ ഉത്തരവുണ്ടായി.
1913ൽ ചേർന്ന പ്രജാസഭയിലും ആശാൻ ശക്തമായി രംഗത്തെത്തി. സർക്കാർ ഉത്തരവുണ്ടായിട്ടും വിദ്യാലയങ്ങളിൽ അയിത്തം നിലനില്ക്കുന്നതായി ആശാൻ ആഞ്ഞടിച്ചു. ഈഴവർക്ക് പ്രവേശനം നിഷേധിക്കുന്ന തിരുവിതാംകൂറിലെ 13 വിദ്യാലയങ്ങളുടെ പട്ടിക അവതരിപ്പിച്ചു. 1915 ഫെബ്രുവരിയിലെ പ്രജാസഭയിൽ അയിത്തം നിലനില്ക്കുന്ന 25 വിദ്യാലയങ്ങളുടെ പട്ടികയും നിരത്തി. അങ്ങനെ സാധാരണ വിദ്യാലയങ്ങൾക്ക് പുറമേ സംസ്കൃത, ആയുർവേദ പാഠശാലകളിലും ഈഴവർക്ക് ക്രമേണ പ്രവേശനം ലഭിച്ചുതുടങ്ങി. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്ന നിലയിൽ കുമാരനാശാൻ അവകാശ നിഷേധങ്ങൾക്കെതിരെ പിന്നാക്കക്കാരെ സംഘടിപ്പിച്ചു. കവിതകളിലൂടെ ചാതുർവർണ്യത്തിന്റെ അടിവേര് പിഴുതെറിഞ്ഞു. അക്കാര്യങ്ങളിലേക്ക് പോകാതെ പ്രജാസഭ അംഗം എന്ന നിലയിൽ ആശാൻ നടത്തിയ ഇടപെടലുകളിൽ ചിലത് മാത്രമാണ് ഇവിടെ സൂചിപ്പിക്കുന്നത്. പിന്നാക്കക്കാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ ഇനിയും ലഭിച്ചിട്ടില്ല. നിലവിലുള്ള അവകാശങ്ങൾ പലതും കവർന്നെടുക്കാൻ ശ്രമിക്കുന്നു. പിന്നാക്കക്കാരായ ജനപ്രതിനിധികൾ നിയമനിർമ്മാണ സഭകളിൽ ഇതിനെല്ലാം മൗനസാക്ഷിയാകുന്ന കാലത്ത് ആശാന്റെ പ്രജാസഭ ഇടപെടലുകൾക്ക് ഏറെ പ്രസക്തിയുണ്ട്.
ദേവസ്വം ബോർഡുകളിൽ മുന്നാക്കത്തിലെ പിന്നാക്കത്തിന് പത്ത് ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ അവിടങ്ങളിലെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാട്ടാൻ ഒരു ജനപ്രതിനിധിയും തയ്യാറായില്ല. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗങ്ങളിലെ പിന്നാക്കക്കാരുടെ കുറവ് പരിഹരിക്കണമെന്ന് പോലും ആവശ്യപ്പെട്ടില്ല. പി.എസ്.സി നിയമനങ്ങളിൽ സാമ്പത്തിക സംവരണം നടപ്പാക്കുമ്പോഴും ഇത് തന്നെയാണ് അവസ്ഥ. വിദ്യാഭ്യാസ പ്രവേശനത്തിൽ സാമ്പത്തിക സംവരണം നടപ്പാക്കി പിന്നാക്കക്കാരന്റെ അവസരങ്ങൾ തട്ടിയെടുക്കുന്നത് നേരിൽ കണ്ടിട്ടും പിന്നാക്കക്കാരായ ജനപ്രതിനിധികൾ നിസംഗരാണ്. രാജ്യത്ത് ജാതി സംവരണം ഇല്ലാതായേക്കുമെന്നും സാമ്പത്തിക സംവരണമായിരിക്കും നിലനില്ക്കുകയെന്നുമുള്ള ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായുള്ള സുപ്രീംകോടതി ബെഞ്ചിന്റെ വാക്കാലുള്ള പരാമർശം വന്നപ്പോഴും ജനപ്രതിനിധികൾ ശബ്ദിച്ചു കേട്ടില്ല. നിയമനിർമ്മാണ സഭകളിൽ മാത്രമല്ല, ഭരണം നിയന്ത്രിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളിൽ പോലും ഇത്തരം അവഗണനകൾക്കെതിരെ ശബ്ദമുയരാത്തത് ഏറെ നിരാശാജനകമാണ്. എസ്.എൻ.ഡി.പി യോഗം അടക്കമുള്ള പ്രസ്ഥാനങ്ങൾ മാത്രമാണ് സംവരണ അട്ടിമറി അടക്കമുള്ളവയ്ക്കെതിരെ ശബ്ദമുയർത്തിയിട്ടുള്ളത്.
പിന്നാക്കക്കാർക്ക് സീറ്റ് നിഷേധിക്കുന്നതിനെതിരെ എസ്.എൻ.ഡി.പി യോഗം അടക്കമുള്ള പ്രസ്ഥാനങ്ങൾ ഇത്തവണയും ഉറക്കെ ശബ്ദിച്ചിരുന്നു. അതുകൊണ്ട് തന്നെ നിയമസഭാ സ്ഥാനാർത്ഥി നിർണയത്തിൽ അർഹതപ്പെട്ട പ്രാതിനിദ്ധ്യം നൽകിയില്ലെങ്കിലും വലിയ വെട്ടിനിരത്തൽ ഉണ്ടായില്ല. ഇങ്ങനെ അവസരം ലഭിച്ച ജനപ്രതിനിധികൾ ഇന്നലെകളിൽ പറ്റിയ തെറ്റ് തിരുത്തണം. പിന്നാക്കക്കാർക്ക് വേണ്ടി പ്രജാസഭയിൽ ഇടിമിന്നലായ കുമാരനാശാന്റെ 148-ാം ജന്മവാർഷികമാണ് ഇന്ന്. ആശാന്റെ ഓർമ്മകൾ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും പിന്നാക്കക്കാർക്ക് വേണ്ടി ശബ്ദം ഉയർത്താനുള്ള കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു.