ബാബുപോൾ സാർ വിടവാങ്ങിയിട്ട് ഇന്ന് രണ്ട് വർഷം. ( 2019 ഏപ്രിൽ 12 രാത്രി 11.45 നായിരുന്നു മരണം.) 40 വർഷം മുമ്പുള്ള ഏപ്രിൽ 13 നായിരുന്നു കവടിയാർ മമ്മീസ് കോളനിയിലെ ബാബുപോൾ സാറിന്റെ ' ചീരോത്തോട്ടം "വീടിന്റെ പാലുകാച്ച് . നാലുപതിറ്റാണ്ടിനു ശേഷമുള്ള ഏപ്രിൽ 13 ന് , കവടിയാറിലെ വീട്ടിലേക്ക് പൊതുദർശനത്തിനായി സാറിനെ കൊണ്ടുവന്നു.
പെരുമ്പാവൂരിലെ കുറുപ്പുംപടി പള്ളിയിൽ പ്രിയപ്പെട്ടവരോട് ചേർന്നുറങ്ങണമെന്നായിരുന്നു സാറിന്റെ ആഗ്രഹം. 2019 ഏപ്രിൽ 14 ഓശാന ഞായർ ആയിരുന്നു. പുലർച്ചെ നാലിന് ഞാൻ കവടിയാറിലെ സാറിന്റെ വീട്ടിലെത്തി. അദ്ദേഹം ജനിച്ച പെരുമ്പാവൂരിലെ കുറുപ്പുംപടിയിലേക്ക് ആറുമണിയോടെ സാറുമൊത്തിറങ്ങി. സാറിനോടൊത്തുള്ള യാത്ര ഞാനെന്നും ആസ്വദിച്ചിരുന്നു. ഈ യാത്ര ആംബുലൻസിലായിരുന്നു. ഞങ്ങളൊരുമിച്ചുള്ള അവസാന യാത്ര. ആംബുലൻസിന്റെ കന്നി ഓട്ടമാണെന്ന് ഡ്രൈവർ എന്നോട് പറഞ്ഞു. അപ്പോൾ ഞാൻ സാറിനോട് പറഞ്ഞു : "അങ്ങനെ സാർ ആംബുലൻസും ഉദ്ഘാടനം ചെയ്തു." ഒരുപാട് പേരെ രക്ഷിക്കാനും യാത്രയയ്ക്കാനും ഈ ആംബുലൻസിന് കഴിയട്ടെ എന്നും ഈശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ എന്നും ഉദ്ഘാടന കർമ്മം നിർവഹിച്ചതായി അറിയിക്കുന്നുവെന്നും സാർ പ്രസംഗിച്ചു.
പെരുമ്പാവൂരിൽ സാറിനെ കാണാൻ ആയിരങ്ങൾ കാത്തുനിൽപ്പുണ്ടായിരുന്നു. കുറുപ്പുംപടി പള്ളിക്കടുത്തുള്ള വീടിനു മുന്നിൽ സാർ നീണ്ടുനിവർന്ന് കിടന്നു. പിന്നീട് സെമിത്തേരിയിലേക്ക്. അവിടെ സാറിനുള്ള കുഴിവെട്ടുന്നു. സാറിന്റെ അമ്മയേയും അമ്മൂമ്മയേയും അടക്കിയ അതേ കുഴി. തൊട്ടടുത്ത് സാറിന്റെ അച്ഛനുമുണ്ടായിരുന്നു. കുറുപ്പുംപടി പള്ളിയിലെ വികാരിയച്ചൻ പൗലോസ് കോർ എപ്പിസ്കോപ്പ. സാറിന്റെ ആരാധാനാപാത്രമായിരുന്ന വലിയ മനുഷ്യൻ. മൂന്നുമണിയോടെ സാറിനെ പള്ളിയിലെത്തിച്ചു. ചടങ്ങിന് ശേഷം പൊലീസ് ആചാരവെടി മുഴക്കി. സാറിനെ അമ്മയും മാതാമഹിയും ഉറങ്ങുന്ന കുഴിയിലേക്കെടുത്തു. പോയി വരട്ടെയെന്ന് സാറിനോട് ചോദിച്ചു. ഗോഡ് ബ്ലസ് യു മൈ സൺ, വിഷമിക്കണ്ട, ഞാൻ ചെറിയൊരു യാത്ര പോകുന്നു അത്രമാത്രം. ഞാൻ നിന്റടുത്തുണ്ടാവും എന്നും , സന്തോഷമായി പോകൂ - സാറിന്റെ മറുപടി എനിക്ക് കേൾക്കാൻ കഴിഞ്ഞു. സാറിന്റെ മകൻ നിബു ചേട്ടനോടും മകൾ നീബ ചേച്ചിയോടും യാത്ര പറഞ്ഞിട്ട് ഞാൻ ആംബുലൻസിൽത്തന്നെ തിരികെ മടങ്ങി.
നമുക്കൊരാളെ ആഴത്തിൽ ഇഷ്ടമുണ്ടങ്കിൽ മരണത്തിന് പോലും വേർപിരിക്കാനാവില്ല. ബാബുപോൾ സാർ എന്നോടൊപ്പം ഇന്നുമുണ്ട്.
സാറിനെ ഞാനാദ്യമായി കാണുന്നത് 1991 ലാണ്. പ്രീഡിഗ്രി കാലഘട്ടത്തിൽ ആലപ്പുഴ എസ്.ഡി കോളേജിൽ നടന്ന ഒരു സമ്മാനദാന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയ ബാബുപോൾ സാറിൽ നിന്ന് ഒരവാർഡ് എനിക്കും കിട്ടി. പിന്നെ കാണുന്നത് എട്ടുവർഷങ്ങൾക്ക് ശേഷം സെക്രട്ടേറിയേറ്റിൽ വച്ച് . പൊതുമരാമത്ത് വകുപ്പ് സെക്ഷൻ എവിടെയാണന്ന് ചോദിച്ച എന്നോട് ചൂണ്ടിക്കാണിച്ച് തന്നിട്ട്, ഓഫീസിലേക്ക് വരാൻ പറഞ്ഞു. സാറിനടുത്തെത്തിയ എന്നോട് വാത്സല്യത്തോടെ, കൂടെ ജോലി ചെയ്യാൻ പറഞ്ഞു. അന്ന് തുടങ്ങി മരണം വരെ ഒരച്ഛന്റെ സ്നേഹം വാരിക്കോരിത്തന്ന് കൂടെ നിറുത്തി. ഞാൻ ആറാംക്ലാസിൽ പഠിക്കുമ്പോൾ അപകടത്തിൽ മരിച്ചയാളായിരുന്നു എന്റെ അപ്പൻ. സാറിനെ കണ്ടതിന് ശേഷം എന്റെ ലോകം, എന്റെ സർവകലാശാല, എന്റെ അപ്പൻ എല്ലാം സാറായിരുന്നു. ജീവിതത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് അനുഗ്രഹിച്ചു.
കുടുംബബന്ധത്തിന്റെ ഇഴയടുപ്പം ഞാൻ മനസിലാക്കിയതു സാറിൽ നിന്നായിരുന്നു. 2000ൽ സാറിന്റെ ഭാര്യ മരിച്ചു. മരണ സർട്ടിഫിക്കറ്റ് തിരുവനന്തപുരം ആർ.സി.സി യിൽ നിന്ന് വാങ്ങി ഞാൻ സാറിനെ ഏല്പിച്ചു. മരണ സർട്ടിഫിക്കറ്റും പിടിച്ച് കൊച്ചുകുഞ്ഞിനെപ്പോലെ വിതുമ്പുന്ന സാറിന്റെ ചിത്രം മനസിലിപ്പോഴുമുണ്ട് . അകാലത്തിൽ മരിച്ച ഭാര്യയോടുള്ള ഇഷ്ടം മരണം വരെ സാർ പ്രകടിപ്പിച്ചു. ഇടയ്ക്കിടെ ആന്റിയെ അടക്കിയ സെമിത്തേരിയിൽ പോയി ഏകനായി ഇരിക്കുന്ന സാറിനെ കണ്ടു. രണ്ട് മക്കളാണ് സാറിന് , അവർ സാറിന്റെ രണ്ട് കണ്ണുകളായിരുന്നു. ഞാനവരെ സ്നേഹിച്ചതിനേക്കാൾ എത്രയോ ഇരട്ടി അവരെന്നെ സ്നേഹിക്കുന്നുവെന്നാണ് വിൽപത്രത്തിൽ സാർ മകനെ കുറിച്ചെഴുതിയത്.
2018 ഡിസംബർ 22 നായിരുന്നു ഞങ്ങളൊരുമിച്ച് പോയ അവസാന പൊതുപരിപാടി. ലീഡർ കെ. കരുണാകരന്റെ ചരമവാർഷികം ടാഗോർ തീയേറ്റിൽ . ഒരു സെക്ഷൻ സാറും മുൻ ചീഫ് സെക്രട്ടറി രാമചന്ദ്രൻ നായർ സാറും ആയിരുന്നു. ലീഡറുമൊത്തുള്ള ബന്ധം സ്വതസിദ്ധ ശൈലിയിൽ അയവിറക്കിയപ്പോൾ സദസ് കാതോർത്തിരുന്നു. പ്രസംഗം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഇനി താൻ അധികനാളുണ്ടാവില്ലെന്ന് പറഞ്ഞു. സാർ സെഞ്ച്വറി അടിക്കുമെന്ന മറുപടിയും നൽകി ഞാൻ മടങ്ങി.
ഇടുക്കി ഡാമിന്റെ ശില്പിയും ഇടുക്കിയിലെ ആദ്യ കളക്ടറുമായ ബാബുപോൾ സാർ സർവീസിൽ നിന്ന് വിരമിച്ച ശേഷവും നാടിനായി ജീവിതം സമർപ്പിച്ചതിന്റെ തെളിവാണ് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി . സിവിൽ സർവീസ് രംഗത്തെ കേരളത്തിന്റെ കുതിച്ചുചാട്ടത്തിന് ഈ സ്ഥാപനം വഹിച്ച പങ്ക് ശ്രദ്ധേയം. നട്ടെല്ലു വളയ്ക്കാത്ത ഉദ്യോഗസ്ഥനായിരുന്ന ബാബുപോൾ സാർ 40 ഓളം തസ്തികകളിൽ ജോലി ചെയ്തു. മരണംവരെ സർക്കാരിൽ നിന്ന് കാലണ വാങ്ങാതെ സിവിൽ സർവീസ് അക്കാഡമിയുടെ മെന്ററായി പ്രവർത്തിച്ചു. മരണാനന്തരം നിയമസഭയിൽ സിവിൽ സർവീസ് അക്കാഡമിക്ക് ബാബുപോൾ സാറിന്റെ പേര് നൽകണമെന്ന് ഡോ. എം.കെ. മുനീർ എം.എൽ എ സബ്മിഷൻ വഴി ആവശ്യപ്പെട്ടു. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇത് അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ടു. അംഗീകരിക്കാമെന്ന് സർക്കാർ മറുപടിയും നൽകി. ഇതുവരെ നടന്നില്ലെന്ന് മാത്രം.
വല്ലാർപാടം കണ്ടെയ്നയർ ടെർമിനൽ ബാബുപോൾ സാറിന്റെ മസ്തിഷ്കത്തിൽ ഉദിച്ച ആശയമായിരുന്നു. അന്ന് കൊച്ചിൽ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്നു സാർ . വല്ലാർപാടത്തിന്റെ ഉദ്ഘാടനം നടന്നത് സാർ റിട്ടയർ ചെയ്ത് വർഷങ്ങൾ കഴിഞ്ഞ് ! ബാബുപോൾ സാർ ഇടുക്കി കളക്ടറായിരുന്നപ്പോഴായിരുന്നു തൊടുപുഴ സബ് ട്രഷറിയുടെ ഉദ്ഘാടനം. മന്ത്രി ഉദ്ഘാടകനും അദ്ധ്യക്ഷൻ കളക്ടറും. കൃത്യസമയത്ത് തൊടുപുഴയിലെത്തിയ മന്ത്രിയെ കിങ്കരൻമാർ വേറെ രണ്ട് സ്ഥലങ്ങളിൽ കൂടിയെത്തിച്ചു. ഒന്നരമണിക്കൂർ കഴിഞ്ഞാണ് മന്ത്രിക്ക് ഉദ്ഘാടനത്തിന്. എത്താനായത്. ഉദ്ഘാടനത്തിലെ താമസം ട്രഷറിയുടെ പ്രവർത്തനത്തിലുണ്ടാകാതിരിക്കട്ടെ എന്നും മന്ത്രിയെ വിനയപുരസരം ക്ഷണിക്കുന്നു എന്നുമുള്ള വാചകങ്ങളിൽ സാർ അദ്ധ്യക്ഷ പ്രസംഗം ഒതുക്കി.
ബാബുപോൾ സാർ ടൂറിസം വകുപ്പിന്റെ തലപ്പത്തെത്തിയപ്പോൾ തിരഞ്ഞെടുത്ത പേരാണ് ' കേരളം ദൈവത്തിന്റെ സ്വന്തം നാട് '. ഇന്ന് കാണുന്ന ടൂറിസം വകുപ്പിന്റെ കെട്ടുംമട്ടും ബാബുപോൾ സാറിന്റെ സംഭാവനയായിരുന്നു. മെൻഡസ് എന്ന കോപ്പിറൈറ്റർ ആണ് ദൈവത്തിന്റെ സ്വന്തം നാട് എന്ന പേര് എഴുതി നൽകിയത്. തിരഞ്ഞെടുത്തത് ബാബുപോൾ സാറും ജയകുമാർ സാറും അടങ്ങുന്ന ടീം.
ആറൻമുളയിലെ വാസ്തുവിദ്യാഗുരുകുലവും ബാബുപോൾ സാറിന്റെ സംഭാവനയായിരുന്നു. പോറ്റി വളർത്താൻ പി.എൻ. സുരേഷ് എന്നയാളെ ഏല്പിച്ചു. സാറിന്റെ കണ്ടുപിടിത്തങ്ങൾ തെറ്റാറില്ല. വാസ്തുവിദ്യാഗുരുകുലം കേരളത്തിന്റെ അഭിമാന സ്ഥാപനമായി .
ജോലിയുടെ കാര്യത്തിൽ മുൻ ചീഫ് സെക്രട്ടറി കാളിശ്വരൻ ആയിരുന്നു സാറിന്റെ ഗുരു. ഗുരു എന്ന് സാർ സ്നേഹപൂർവം വിളിച്ചിരുന്ന ചീഫ് സെക്രട്ടറിയായിരുന്നു പത്മകുമാർ സാർ. അവർ തമ്മിൽ ജ്യേഷ്ഠാനുജ ബന്ധമുണ്ടായിരുന്നു. സാർ മരിക്കുന്നതിന് ആറുമാസം മുമ്പ് പത്മകുമാർ സാർ മരിച്ചു.
കടലോളം സ്നേഹം വാരിക്കോരിത്തന്ന് നെഞ്ചോട് ചേർത്തണച്ച്, ചാരത്ത് നിറുത്തി വളർത്തി വലുതാക്കിയ എന്റെ അപ്പന്റെ , ഗുരുവിന്റെ ഓർമ്മകൾക്കു മുന്നിൽ ദണ്ഡനമസ്കാരം ചെയ്യുന്നു.
(ലേഖകൻ, ഡോ.ഡി.ബാബുപോളിന്റെ ശിഷ്യനും സെക്രട്ടേറിയറ്റ് ധനകാര്യവിഭാഗത്തിൽ അക്കൗണ്ട്സ് ഓഫീസറുമാണ് )