മലപ്പുറം ഉറപ്പെന്ന് ലീഗ്
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലും വിജയിക്കുന്നതിനൊപ്പം മൂന്ന് ലക്ഷം വോട്ടിന്റെ മേൽക്കൈ യു.ഡി.എഫ് നേടുമെന്ന വിലയിരുത്തലുമായി മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി. ബൂത്ത് തല വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ, നിയോജക മണ്ഡലം നേതൃയോഗത്തിന്റേതാണ് വിലയിരുത്തൽ. 94 ഗ്രാമപഞ്ചായത്തുകളിൽ 81ലും 12 മുനിസിപ്പാലിറ്റികളിൽ 9ലും യു.ഡി.എഫ് മേൽക്കൈ നേടും. മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ ഒന്നേമുക്കാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ അബ്ദുസമദ് സമദാനി വിജയിക്കുമെന്നാണ് വിലയിരുത്തൽ.
ജില്ലയിൽ ലീഗിന്റെ കൈവശമുള്ള 11 മണ്ഡലങ്ങളും നിലനിറുത്തും. സിറ്റിംഗ് സീറ്റുകളായ തിരൂരങ്ങാടി, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിൽ വൻ വർദ്ധന ഉണ്ടാവും. താനൂർ മണ്ഡലം ഇടതിൽ നിന്ന് തിരിച്ചുപിടിക്കും. കോൺഗ്രസിന്റെ വണ്ടൂർ സിറ്റിംഗ് സീറ്റ് നിലനിറുത്തുന്നതോടൊപ്പം പൊന്നാനി, തവനൂർ, നിലമ്പൂർ മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്നുമാണ് ലീഗിന്റെ വിലയിരുത്തൽ. തിരൂരങ്ങാടി, താനൂർ, കൊണ്ടോട്ടി, നിലമ്പൂർ, പെരിന്തൽമണ്ണ, തവനൂർ മണ്ഡലങ്ങളിൽ മത്സരം കനത്തതായും ലീഗ് വിലയിരുത്തി.
മനക്കണക്കിൽ തന്നെ
അവസാന നിമിഷത്തിൽ മത്സരം തീർത്തും പ്രവചനാതീതമായ തവനൂരിൽ 3,000ത്തിനും 5,000ത്തിനും ഇടയിൽ വോട്ടിന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ വിജയിക്കുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. 6,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിറുത്തുമെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. 2016ൽ കെ.ടി. ജലീൽ 17,064 വോട്ടിന് വിജയിച്ച മണ്ഡലമാണിത്. അതിശക്തമായ മത്സരമാണ് തവനൂരിൽ നടന്നതെന്ന് ഇരുമുന്നണികളുടെയും ഭൂരിപക്ഷം സംബന്ധിച്ച വിലയിരുത്തലുകളും തെളിയിക്കുന്നു.
പൊട്ടിത്തെറിയിലേക്ക് നിലമ്പൂർ
നിലമ്പൂരിൽ 5,000ത്തിനും 8,000ത്തിനും ഇടയിലെ ഭൂരിപക്ഷമാണ് ലീഗിന്റെ പ്രതീക്ഷ. 10,000ത്തിന് മുകളിലാണ് അൻവറിന്റെ ലീഡ് ഇടതുപക്ഷം കണക്കാക്കുന്നത്. 2016നെ അപേക്ഷിച്ച് പോളിംഗിൽ 3.6 ശതമാനത്തിന്റെ കുറവ് ആരെ ബാധിക്കുമെന്ന ആശങ്ക ഇരുമുന്നണികൾക്കിടയിലും ശക്തമാണ്. പുറമേക്ക് വിജയപ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും മണ്ഡലത്തിന്റെ മനസ്സ് പിടികിട്ടാതെ ആശങ്കയിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.വി.പ്രകാശും എൽ.ഡി.എഫ് സ്വതന്ത്രൻ പി.വി.അൻവറും. ആര്യാടൻ ഷൗക്കത്തിന് ഡി.സി.സി പ്രസിഡന്റിന്റെ ചുമതല നൽകിയാണ് നിലമ്പൂർ സീറ്റിലെ തർക്കം കോൺഗ്രസ് പരിഹരിച്ചത്. വോട്ടെടുപ്പിന് പിന്നാലെ താത്ക്കാലിക ഡി.ഡി.സി പ്രസിഡന്റുമാരെ കെ.പി.സി.സി നേതൃത്വം നീക്കിയതോടെ ആര്യാടൻ ഷൗക്കത്ത് വെട്ടിലായി. വി.വി.പ്രകാശ് ചുമതലയിൽ തിരികെ പ്രവേശിച്ചതോടെ നിലമ്പൂരിലെ കോൺഗ്രസിനിടയിൽ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ എത്തിയേക്കുമെന്ന ആശങ്ക ശക്തമാണ്. കെ.പി.സി.സിയുടെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് ആര്യാടൻ ഷൗക്കത്തിനെ അനുകൂലിക്കുന്നവർ. തിരഞ്ഞെടുപ്പിലും നിലമ്പൂരിൽ വേണ്ടത്ര ഐക്യം കോൺഗ്രസിനുള്ളിൽ ഉണ്ടായിരുന്നില്ലെന്നതിന് തെളിവായും കെ.പി.സി.സിയുടെ നടപടിയെ വിലയിരുത്തുന്നുണ്ട്. ഇന്നലെ ഡി.സി.സി ഓഫീസിൽ യു.ഡി.എഫ് ജില്ലാതല തിരഞ്ഞെടുപ്പ് അവലോകന യോഗം നിശ്ചയിച്ചിരുന്നെങ്കിലും ഇതും മാറ്റി.
മത്സരം കനത്തുതന്നെ
തിരൂരങ്ങാടിയിൽ കെ.പി.എ മജീദിന് 15,000 വോട്ടിന്റെ ഭൂരിപക്ഷം വരെയാണ് ലീഗിന്റെ കണക്കുകൂട്ടൽ. വോട്ടെടുപ്പിന്റെ അവസാന ദിവസങ്ങളിൽ സമസ്തയുടെ പോഷക സംഘടനകളെ അടക്കം രംഗത്തിറക്കി വീടുകൾ തോറും നടത്തിയ വോട്ടഭ്യർത്ഥന ഫലം കണ്ടെന്ന വിലയിരുത്തലിലാണ് ലീഗ്. പോളിംഗിലെ വർദ്ധനവ് ഇതിന്റെ സൂചനയായും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. 5,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. പൊന്നാനിയിൽ 5,000 വോട്ടിനുള്ളിൽ ഭൂരിപക്ഷം നേടി യു.ഡി.എഫ് സ്ഥാനാർത്ഥി അട്ടിമറി വിജയം നേടുമെന്നാണ് ലീഗിന്റെ വിലയിരുത്തൽ. യു.ഡി.എഫിന് കൂടുതൽ ശക്തിയുള്ള പഞ്ചായത്തുകളിലെ വോട്ടിംഗ് ഉയർന്നതും ഇടതിന്റെ ശക്തികേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞതിലുമാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. താനൂരിൽ പി.കെ.ഫിറോസിന് 8,000ത്തിനും 10,000ത്തിനും ഇടയിൽ വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗിന്റെ വിലയിരുത്തുന്നത്. വി.അബ്ദുറഹ്മാന് 5,000 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫും പ്രതീക്ഷിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ കിട്ടിയ ലീഡ് നിയമസഭ തിരഞ്ഞെടുപ്പിൽ കിട്ടില്ലെന്ന വിലയിരുത്തലും ലീഗിനുണ്ട്. പെരിന്തൽമണ്ണയിൽ 4,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലീഗ് കണക്കുകൂട്ടുന്നത്. 5,000 വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫും കണക്കുകൂട്ടുന്നു.