ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ അനുമതി ലഭിച്ച റഷ്യയുടെ സ്പുട്നിക്- വി (വെക്ടർ വാക്സിൻ) അടുത്ത മാസം കുത്തിവച്ചു തുടങ്ങും. സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയ്ക്കു ശേഷം ഇന്ത്യയിൽ ഉപയോഗിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക്. വിദേശത്തു നിർമ്മിച്ച് ഇവിടെ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ആദ്യ കൊവിഡ് വാക്സിൻ കൂടിയാണിത്.
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്.സി.ഒ) വിദഗ്ദ്ധ സമിതി തിങ്കളാഴ്ച സമ്മർപ്പിച്ച അനുമതി ശുപാർശ ഇന്നലെ ഡ്രഗ്സ് കൺട്രോളർ ജനറൽ അംഗീകരിച്ചു.
രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തിൽ വാക്സിനേഷന് വേഗം കൂട്ടുന്നതിനാണ് വിദേശ വാക്സിന് അനുമതി നൽകിയതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഹൈദരാബാദിലെ ഡോ.റെഡ്ഡീസ് ആണ് ഇന്ത്യയിൽ സ്പുട്നിക് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. പത്തു കോടി ഡോസ് ഇറക്കുമതി ചെയ്യാൻ റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്‌മെൻറ് ഫണ്ടുമായി ഡോ.റെഡ്ഡീസ് കരാറുണ്ടാക്കിയിട്ടുണ്ട്. സ്പുട്നിക് ഇന്ത്യയിൽ നിർമ്മിക്കാൻ ഹെട്രോ ബയോഫാർമ, ഗ്ലാൻഡ് ഫാർമ, വിർക്കോ ബയോടെക്ക്, പാനസിയ ബയോടെക്, സ്‌റ്റെലിസ് ബയോ ഫാർമ എന്നീ കമ്പനികളുമായും ആർ.ഡി.ഐ.എഫ് കരാറുണ്ട്. ഒരു വർഷം 80 കോടി ഡോസ് വാക്സിൻ ഇന്ത്യയിൽ നിർമ്മിക്കുകയാണ് ലക്ഷ്യം. ജൂണോടെ നിർമ്മാണം തുടങ്ങുമെന്നാണ് റിപ്പോർട്ട്.
കൂടുതൽ വിദേശ വാക്സിനുകൾക്ക് ഉടൻ അനുമതി
റഷ്യയുടെ സ്പുട്നിക് - വി വാക്സിന് പുറമെ മറ്റു രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വിദേശനിർമ്മിത കൊവിഡ് വാക്സിനുകൾ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്രം അനുമതി നൽകി. കൊവിഡ് വാക്സിൻ വിതരണത്തിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശ പ്രകാരമാണിത്. ഇതോടെ ജോൺസൺ ആൻഡ് ജോൺസൺ, ഫൈസർ, മൊഡേണ തുടങ്ങിയ കമ്പനികളുടെ വാക്സിനുകൾ ഇന്ത്യയിലെത്തും.
യു.എസ്, യു.കെ, ജപ്പാൻ, യൂറോപ്പ് എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്കും ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ള വാക്സിനുകൾക്കുമാണ് അനുമതി ലഭിക്കുക. ഈ വാക്സിനുകൾ സ്വീകരിക്കുന്ന ആദ്യ നൂറുപേരെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഒരാഴ്ച നിരീക്ഷിക്കും. പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കിയ ശേഷമേ രാജ്യവ്യാപകമായി അനുവദിക്കുകയുള്ളൂ.
ഫൈസർ വാക്സിൻ അടിയന്തര ഉപയോഗ അനുമതിയ്ക്ക് ഡിസംബറിൽ അപേക്ഷ നൽകിയിരുന്നെങ്കിലും ഡ്രഗ്സ് കൺട്രോൾ ജനറലിന്റെ അനുമതി ഇതുവരെ ലഭിച്ചിരുന്നില്ല.