കോവളം: ടോയ്ലെറ്റിൽ കാൽ വഴുതി വീണതിന് പിന്നാലെ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. വെങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ ചാവടിനട കട്ടച്ചൽകുഴി ആലുവിള സോപാനം വീട്ടിൽ സിനുവിന്റെ ഭാര്യ വൃന്ദയാണ് ( 27 ) മരിച്ചത്. ആറുമാസം ഗർഭിണിയായ വൃന്ദ ഇന്നലെ പുലർച്ചെ മൂന്നോടെ താമസിച്ചിരുന്ന വാടക വീടിന്റെ പുറത്തുള്ള ടോയ്‌ലെറ്റിലാണ് തലചുറ്റി വീണത്. പിന്നാലെയാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. സംഭവ സമയം വൃന്ദയുടെ അമ്മൂമ്മ ലില്ലിയും ഭർത്താവും ഏകമകൾ അഹല്യയും വീട്ടിലുണ്ടായിരുന്നു. വൃന്ദയെ കാണാത്തതിനെ തുടർന്ന് വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയപ്പോൾ വൃന്ദയും കുഞ്ഞും അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.
വീട്ടുകാർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാരുടെ സഹാത്തോടെ പുലർച്ചെ 4.15ഓടെ സ്വകാര്യ ആംബുലൻസിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ അമ്മയെയും കുഞ്ഞിനെയും എത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു. ഐ.സി.യുവിലായിരുന്ന വൃന്ദ ഉച്ചയോടെയാണ് മരിച്ചത്. ചെണ്ട കലാകാരനായ സിനുവാണ് വൃന്ദയുടെ ഭർത്താവ്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് രാവിലെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ബാലരാമപുരം പൊലീസ് കേസെടുത്തു.