hh

പാറശാല: കുടുംബവഴക്കിനെ തുടർന്ന് പൊഴിയൂരിൽ മദ്യലഹരിയിലെത്തിയ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത് മുൻകൂട്ടി നിശ്ചയിച്ചപ്രകാരം. പാറശാലയ്ക്ക് സമീപം വടുവൂർക്കോണം ചൂരക്കുഴി മേക്കുംകര പുത്തൻവീട്ടിൽ മീനയെയാണ് (35) ഭർത്താവായ ഷാജി (40) വെട്ടിക്കൊന്നത്. മീനയുടെ നിലവിളികേട്ട സമീപവാസികൾ കരുതിയത് സ്ഥിരമായി ഉണ്ടാകുന്ന അടിപിടിയാണെന്നാണ്. പക്ഷേ വീടുപണിക്കായി മീന ലോണെടുത്ത തുകയിൽ തന്റെ കൈയിലിരിക്കുന്ന ബാക്കി നഷ്ടപ്പെടാതിരിക്കാൻ മദ്യലഹരിയിൽ ഷാജി കൊന്നുതള്ളിയത് രണ്ട് മക്കളുടെ ആശ്രയമായ അമ്മയെയാണ്. ജനാലകൾക്ക് പാളി ഇട്ട് , വീട് പൂശണമെന്നത് മീനയുടെ വലിയ ആഗ്രഹമായിരുന്നു. അത് സാധിക്കാനായാണ് ഇസാഫ് ബാങ്കിൽ നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ലോണെടുത്തത്. വീട്ടിലേക്ക് ആവശ്യമായ ഹോളോബ്രിക്സ് ഇറക്കിയശേഷം ബാക്കിയുള്ള തുകയെ തുടർന്നുള്ള തകർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഷാജിയുടെ നിരന്തരമുള്ള പീഡനങ്ങളെത്തുടർന്ന് മീന പലതവണ മാറി നിന്നിട്ടും മക്കളായ ഷോരോണിനെയും ശ്യാമിനെയും ഓർത്ത് തിരികെ എത്തുമെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവദിവസം മക്കളോട് നേരത്തെ ഉറങ്ങാൻ ഷാജി പറഞ്ഞു. ഭയന്ന് ഉറങ്ങാൻ കിടന്ന കുട്ടികൾ അമ്മയെ ഉപദ്രവിക്കുന്നത് കേട്ട് തടയാൻ എത്തിയെങ്കിലും വിരട്ടി ഓടിക്കുകയായിരുന്നു. അതിന് ശേഷം ഷാജി മീനയുടെ വീട്ടുകാരെ വിളിച്ച് മീനയെ കൊല്ലുമെന്ന് പറഞ്ഞിരുന്നു. മീനയുടെ വീട്ടുകാർ എത്തിയപ്പോൾ മീന മരിച്ച വിവരമാണ് അറിഞ്ഞത്. അച്ഛനമ്മമാരുടെ വഴക്കിനെ തുടർന്ന് പേടിച്ചാണ് രാത്രിയിൽ കുട്ടികൾ ഉറങ്ങിയത്. പിന്നീട് അച്ഛൻ പറഞ്ഞാണ് അമ്മയ്ക്ക് വെട്ടേറ്റത് അറിയുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പേടിച്ചരണ്ട ഇരുവരും നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. എട്ടും പത്തും ക്ലാസുകളിൽ പഠിക്കുന്ന ഷോരോണിനും

ശ്യാമിനും താങ്ങാൻ കഴിയുന്നതല്ല അമ്മയുടെ ഈ ദുർഗതി. ഇവർക്കിനി ആശ്രയമായുള്ളത് അമ്മൂമ ലേഖയും അപ്പൂൻ വിത്സനുമാണ്.