fff

മലപ്പുറം: കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നതിനിടെ തുണച്ച് വേനൽ മഴ. മുൻവർഷങ്ങളെ അപേക്ഷിച്ച് ജില്ലയിൽ വേനൽമഴയിൽ കാര്യമായ വർദ്ധനവുണ്ട്. ഒരാഴ്ച്ചയ്ക്കിടെ പ്രതീക്ഷിച്ചതിന്റെ 122 ശതമാനം അധിക മഴ ലഭിച്ചു. ഇതോടെ പുഴകളിലും മറ്റ് ജലാശയങ്ങളിലും വെള്ളത്തിന്റെ തോതിൽ കാര്യമായ വർദ്ധനവുണ്ടായി. സാധാരണഗതിയിൽ 21.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ പെയ്തത് 47.5 മില്ലീമീറ്ററാണ്. പുഴകളും മറ്റ് ജലസ്രോതസുകളും വറ്റിവരണ്ടതോടെ ജില്ലയിൽ നൂറിലധികം കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് പ്രതിസന്ധിയിലായിരുന്നു. അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയോടെ ഈമാസം കുടിവെള്ള വിതരണത്തിന് വലിയ വെല്ലുവിളി ഉണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ജലവിഭവ വകുപ്പ് അധികൃതർ. അതേസമയം, പുഴകളിൽ തടയണകളുടെ കുറവ് വെല്ലുവിളി ഉയർത്തുന്നുണ്ട്.

ഏറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് വേനൽമഴയുടെ കാര്യത്തിൽ മലപ്പുറത്തിന് മുന്നിലുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ലഭിച്ച മഴയാണ് ജില്ലയിലെ വേനൽമഴയുടെ കുറവിനെ മറികടക്കാൻ സഹായിച്ചത്. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 18 വരെ ജില്ലയിൽ 15 ശതമാനം അധിക മഴ ലഭിച്ചതായാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്ക്. ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ വേനൽ മഴയിൽ കുറവില്ല.

കൂടുതൽ നിലമ്പൂരിൽ

മലപ്പുറത്ത് തിങ്കളാഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത് നിലമ്പൂരിലാണ്. കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മഴമാപിനിയിൽ 21.6 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി.

അങ്ങാടിപ്പുറത്ത് - മൂന്ന്, പെരിന്തൽമണ്ണയിൽ ഒരു മില്ലീമീറ്റർ എന്നിങ്ങനെയാണ് ഉച്ചവരെ ലഭിച്ച മഴ.

പൊന്നാനി, കരിപ്പൂർ, മഞ്ചേരി എന്നിവിടങ്ങളിൽ മഴ രേഖപ്പെടുത്തിയിട്ടില്ല.

ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് അധികൃതർ പറയുന്നു.

അതേസമയം മഴ കൂടിയിട്ടും വേനൽച്ചൂടിന് കുറവില്ല . 32.21 ഡിഗ്രി സെൽഷ്യസ് ചൂടാണ് തിങ്കളാഴ്ചത്തെ ഉയർന്ന ചൂട്. 24.4 ആണ് കുറഞ്ഞ ചൂട്‌.