തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള ഗർഭിണികൾക്കും അമ്മമാർക്കും പുത്തൻ യൂണിഫോം വിതരണം ചെയ്തു. കാലങ്ങളായി ഉപയോഗിച്ചിരുന്ന മുണ്ടും ബനിയനും ഇനി പുതിയ ഡിഗ്നിറ്റി ഗൗണിനു വഴിമാറും. സ്ത്രീകൾക്ക് കൂടുതൽ സൗകര്യപ്രദമായ വസ്ത്രം വേണമെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് എസ്.എ.ടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി ചികിത്സാ സൗകര്യങ്ങൾക്കൊപ്പം സ്ത്രീകളുടെ മനസിനിണങ്ങിയ തരത്തിലുള്ള വസ്ത്രം രൂപകല്പന ചെയ്തത്. പുതിയ ഗൗണിന്റെ വിതരണോദ്ഘാടനം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ് നിർവഹിച്ചു. എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. വി.ആർ. നന്ദിനി, ആർ.എം.ഒ ഡോ. പ്രിയശ്രീ, ഡോ. ഗീത, ഡോ. ഖുറൈഷാബീവി, നഴ്സിംഗ് ഓഫീസർ പ്രസന്ന, എസ്.എ.ടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ സുഭാഷ് എന്നിവർ സംസാരിച്ചു.