തിരുവനന്തപുരം: ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്കൂൾ വിഭാഗം, സ്പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലംവരെ/ സ്പെഷ്യൽ വിഷയങ്ങൾ-ഹൈസ്കൂൾ തലംവരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യതാപരീക്ഷയുടെ (കെ-ടെറ്റ്) വിജ്ഞാപനമായി. പരീക്ഷയ്ക്ക് 20 ദിവസം മുമ്പ് പരീക്ഷാതിയതി പ്രഖ്യാപിക്കും. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വഴി 28 മുതൽ മേയ് 6 വരെ സമർപ്പിക്കാം.
ഒന്നിലധികം വിഭാഗങ്ങളിൽ അപേക്ഷിക്കുന്നവർ ഓരോന്നിനും 500 രൂപ വീതവും എസ്.സി/ എസ്.ടി/ പി.എച്ച്/ ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ, നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. പ്രോസ്പെക്ടസും മാർഗനിർദ്ദേശങ്ങളും https://ktet.kerala.gov.in, www.keralapareekshabhavan.in ൽ.
ഇന്റർവ്യൂ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാന സഹകരണ എംപ്ലോയീസ് വെൽഫെയർ ബോർഡിൽ എൽ.ഡി ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ, പ്യൂൺ തസ്തികകളിലേക്ക് 24, 26 തീയതികളിൽ നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പൊലീസ് പരിശീലന കേന്ദ്രം അടച്ചു
തൃശൂർ : പൊലീസ് അക്കാഡമിയിലെ 52 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് പരിശീലന കേന്ദ്രം അടച്ചു. നിരവധി പേരെ നിരീക്ഷണത്തിലാക്കി.
ഡി.എൻ.ബി പോസ്റ്റ് ഡിപ്ളോമ പ്രവേശന
പരീക്ഷ: തുടർ നടപടികൾക്ക് സ്റ്റേ
കൊച്ചി: മെഡിക്കൽ പി.ജി വിഭാഗങ്ങളിൽ ദേശീയ പരീക്ഷാ ബോർഡ് നടത്തുന്ന ഡിപ്ളോമേറ്റ് നാഷണൽ ബോർഡ് പോസ്റ്റ് ഡിപ്ളോമ കോഴ്സുകൾക്കുള്ള കേന്ദ്രീകൃത പ്രവേശന പരീക്ഷയ്ക്ക് (ഡി.എൻ.ബി - പി.ഡി.സി.ഇ.ടി )അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള നോട്ടീസിലെ തുടർനടപടികൾ ഹൈക്കോടതി ആറാഴ്ച സ്റ്റേ ചെയ്തു.
ഹർജി മേയ് 18നു വീണ്ടും പരിഗണിക്കും.