തിരുവനന്തപുരം: വിഴിഞ്ഞത്ത് കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടറെ മർദ്ദിച്ച് ഡ്യൂട്ടിക്ക് തടസ്സംവരുത്തിയയാളെ പൊലീസ് പിടികൂടി. വിഴിഞ്ഞം ചൊവ്വര സുന്ദരവിലാസത്തിൽ രാജ്‌മോഹനെയാണ് (33) വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടിനാണ് പൂവാർ -വിഴിഞ്ഞം -തിരുവനന്തപുരം റൂട്ടിലെ ബസ് കണ്ടക്ടറായ നേമം സ്വദേശി അനിൽകുമാറിന് മർദ്ദനമേറ്റത്. പ്രതി ടിക്കറ്റ് എടുക്കാൻ 500 രൂപ കൊടുത്തപ്പോൾ ചില്ലറ ഇല്ലാത്തതിനാൽ ബാക്കി പിന്നെ തരാമെന്ന് പറഞ്ഞതിന് കണ്ടക്ടറുമായി വഴക്കുണ്ടാക്കുകയും മുഖത്ത് ഇടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച രാജ്മോഹനെ പൊലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു. വിഴിഞ്ഞം എസ്.എച്ച്.ഒ രമേശ്, എസ്.ഐമാരായ രാജേഷ്, ബാലകൃഷ്ണൻ ആചാരി എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു.