തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പബ്ലിക് റിലേഷൻസ് വകുപ്പിലും വിജിലൻസിലും ജോലി വാഗ്ദാനം ചെയ്‌ത് യുവാക്കളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത തമിഴ്നാട് സ്വദേശിയെയും കൂട്ടാളി തിരുവനന്തപുരം സ്വദേശിയെയും പൊലീസ് പിടികൂടി. തമിഴ്നാട് ആവടി സ്വദേശി ശിവകുമാർ (51), തമിഴ്നാട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന കാച്ചാണി സ്വദേശി അശോക് കുമാർ (51) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് അറസ്റ്റുചെയ്‌തത്.
ഈഞ്ചയ്‌ക്കലിലെ ഹോട്ടലിൽ മുറിയെടുത്ത് എസ്.എസ് വെരിഫിക്കേഷൻ സർവീസ് എന്ന പേരിൽ സ്ഥാപനം നടത്തിയാണ് ഇവർ പണം തട്ടിയത്. മുമ്പ് ചെന്നൈയിലേക്ക് സെക്യൂരിറ്റി ജോലി തരപ്പെടുത്തി കൊടുത്തിരുന്ന ശിവകുമാർ കേന്ദ്രസർക്കാരിന്റെ വെരിഫിക്കേഷൻ ഓഫീസറാണെന്ന് വിശ്വസിപ്പിച്ച് യുവാക്കളിൽ നിന്നും ആദ്യം 5530 രൂപ രജിസ്‌ട്രേഷൻ ഫീസും രേഖകളും ഫോട്ടോയും വാങ്ങുകയും തുടർന്ന് ഇന്റർവ്യൂ നടത്തുകയും ചെയ്‌തിരുന്നു. വാങ്ങിയ തുകയ്‌ക്ക് വ്യാജരസീത് നൽകിയശേഷം അപ്പോയിൻമെന്റ് ലെറ്റർ കിട്ടുമ്പോൾ 50,000 രൂപ കൂടി നൽകണമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
പ്രതികൾ 23 പേരെ വ്യാജ ഇന്റർവ്യൂ നടത്തി കബളിപ്പിച്ചതായി പൊലീസ് കണ്ടെത്തി. ഇന്റർവ്യൂ നടത്തിപ്പിലും പ്രതികളുടെ പെരുമാറ്റത്തിലും സംശയം തോന്നിയ മുട്ടത്തറ സ്വദേശി ആനന്ദ് നൽകിയ പരാതിയിലാണ് ഇവർ പിടിയിലായത്. പ്രതികൾ സമാനരീതിയിൽ പലയിടങ്ങളിലും തട്ടിപ്പ് നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡി.സി.പി ഡോ. വൈഭവ് സക്‌സേന അറിയിച്ചു.
തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ അനിൽദാസിന്റെ നേതൃത്വത്തിൽ ഫോർട്ട് എസ്.എച്ച്.ഒ ബിനു. സി, എസ്.ഐമാരായ വേണു സി.കെ, സുഭാഷ്, സി.പി.ഒമാരായ ബിനു, സാബു, വിനോദ്, സുജീഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.