കൊവിഡ് വാക്സിന്റെ കാര്യത്തിൽ ശാസ്ത്രത്തോടൊപ്പം ജയിക്കാനുള്ള ശ്രമങ്ങളുമായി പല രാജ്യങ്ങളിലെയും സർക്കാരുകൾ മുന്നേറിക്കൊണ്ടിരിക്കുമ്പോൾ ഇന്ത്യയ്ക്കതിന് കഴിയാതെ പോയിരിക്കുന്നു. ഇതിനു മുൻപുണ്ടായ മഹാമാരികൾക്കെതിരായ വാക്സിനുകൾ വികസിപ്പിച്ചെടുക്കാൻ ഏറെ വർഷങ്ങളെടുത്തെങ്കിൽ കൊവിഡിന്റെ കാര്യത്തിൽ ശാസ്ത്ര പുരോഗതിയും ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമങ്ങളും ഒത്തുചേർന്നപ്പോൾ ഒരു വർഷത്തിനുള്ളിൽ വാക്സിൻ കണ്ടെത്തുന്നതിൽ വലിയ വിജയമുണ്ടായി. കൃത്യമായ ആസൂത്രണവും മെച്ചപ്പെട്ട സംഘാടനവും കാരണം പല രാജ്യങ്ങൾക്കും കൊവിഡിനെതിരായ കുത്തിവയ്പിൽ ഏറെ പുരോഗതി നേടാനായി. ഇസ്രയേലിൽ, ഇതിനകം, ജനസംഖ്യയുടെ 60 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകാൻ കഴിഞ്ഞു; പൂർണമായും വാക്സിനേഷൻ എടുക്കാൻ കഴിഞ്ഞവരുടെ അനുപാതം 58 ശതമാനവും ആകുന്നു. അമേരിക്കയിൽ ഒന്നാം കുത്തിവയ്പ് ലഭിച്ചവരുടെ അനുപാതം 40 ശതമാനവും രണ്ടാം ഡോസ് കിട്ടിയവരുടേത് 26 ശതമാനവുമാണ്. ഇംഗ്ലണ്ടിൽ ഇത് യഥാക്രമം 50 ശതമാനവും 16 ശതമാനവുമാകുന്നു. എന്നാൽ, ലോകത്തെ വാക്സിനേഷൻ ഫാക്ടറി എന്ന് അധികാരികൾ തന്നെ പാടിപ്പുകഴ്ത്തിയ ഇന്ത്യയിൽ ആദ്യ ഡോസ് ലഭിച്ചത് എട്ട് ശതമാനം പേർക്കും രണ്ടാം കുത്തിവയ്പിന് ഭാഗ്യമുണ്ടായത് ഒരു ശതമാനം ജനത്തിനുമാണ്.
ഇന്ത്യയിലിപ്പോൾ വാക്സിൻ ക്ഷാമത്തിന്റെ കഥകളാണ് ഉയർന്നു കേൾക്കുന്നത്. എവിടെയൊക്കെയോ നാം പാളിപ്പോയിരിക്കുന്നു എന്നതാണ് സത്യം. ഒന്നാമത്തെ വസ്തുത, വലിയ ദുരന്തത്തെ അഭിമുഖീകരിക്കാൻ പാകത്തിലുള്ള വാക്സിനേഷൻ തന്ത്രം മെനയുന്നതിലും വേണ്ട പ്രവർത്തനങ്ങൾ മുൻപേ തന്നെ ആസൂത്രണം ചെയ്യുന്നതിലും സംഭവിച്ച പരാജയങ്ങൾ തന്നെയാണ്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ വാക്സിൻ വികസനം പൂർണതയിൽ എത്തുന്നതിനു മുൻപ് തന്നെ, അവ ലഭ്യമാക്കുന്നതിനു വേണ്ടി ബുദ്ധിപരമായ നീക്കങ്ങൾ നടത്തിയിരുന്നു. ഫൈസർ എന്ന വാക്സിൻ പൂർണമായും സുരക്ഷിതവും ഫലപ്രദവും എന്ന് വ്യക്തമാക്കുന്നതിനു മുൻപ് തന്നെ, അത് ഉത്പാദിപ്പിക്കുന്ന തങ്ങളുടെ രാജ്യത്തെ ബഹുരാഷ്ട്ര കമ്പനിയുമായി കരാറിലേർപ്പെട്ടിരുന്നു. 100 ദശലക്ഷം ഡോസ് സ്വന്തം രാജ്യത്തിനായി ബന്ധിച്ചിടുകയും 500 ദശലക്ഷം ഡോസ് വേണ്ടിവന്നാൽ ലഭ്യമാക്കാനുമുള്ള ഉടമ്പടിയിലാണവർ ഏർപ്പെട്ടിരുന്നത്. ഇതേ കണക്കുള്ള ഉടമ്പടികൾ മറ്റ് കമ്പനികളുടെ കാര്യത്തിലും അമേരിക്ക ആവർത്തിച്ചു. എന്തിനേറെ പറയുന്നു; വൻതോതിൽ വാക്സിൻ ലഭിക്കുന്നതിന് ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായും അവർ വളരെ മുൻപേ തന്നെ കരാറുണ്ടാക്കിയിരുന്നു. പല യൂറോപ്യൻ രാജ്യങ്ങളും ഇതേ മാർഗം കാലേകൂട്ടി അവലംബിച്ചിരുന്നു; ഇക്കാര്യത്തിൽ ഇന്ത്യൻ സർക്കാരിന്റെ പ്രകടനം തീരെ മോശമായിരുന്നു. അവർ, അക്കാലത്ത് ആകെ ചെയ്തത് കൊവിഷീൽഡിന്റെ 100 ദശലക്ഷം ഡോസ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള കൂടിയാലോചനകൾ മാത്രമായിരുന്നു. പിന്നീടുണ്ടായത് വാങ്ങൽ കരാർ ഒപ്പുവയ്ക്കുന്നതിനിടയിലുള്ള നീണ്ട സമയമായിരുന്നു. അവസാനം സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി കരാറുണ്ടാക്കിയെങ്കിലും അത് 11 ദശലക്ഷം ഡോസിനുള്ളതായിരുന്നു. ഇക്കൊല്ലത്തെ ബഡ്ജറ്റിൽ 35, 000 കോടി രൂപ കൊവിഡ് വാക്സിനേഷനു വേണ്ടി നീക്കിവയ്ക്കാൻ തയ്യാറായ കേന്ദ്ര സർക്കാർ 165 കോടി രൂപയ്ക്ക് മാത്രമുള്ള കരാറിലേർപ്പെട്ടതിന്റെ യുക്തി എന്തെന്നറിയില്ല. ഇതിനിടയിൽത്തന്നെ അന്യരാജ്യങ്ങളിലേക്ക് വാക്സിൻ കാര്യമായി കയറ്റിയയ്ക്കാനും ഇന്ത്യ തയ്യാറായി. ഏകദേശം 6.45 കോടി വാക്സിനാണ് 90 രാജ്യങ്ങളിലേക്കായി കയറ്റിയ അയച്ചത്. ഇത് സ്വന്തം രാജ്യത്തെ ആകെ കുത്തിവയ്പിന്റെ മൂന്നിൽ രണ്ടോളം വരുമെന്നാണ് കണക്ക്.
ദാനശീലം മഹത്തായ ഗുണമാണെങ്കിലും അത് ആരംഭിക്കേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നായിരിക്കണമെന്ന ആപ്തവാക്യം കൂടി അധികാരികൾ ഓർക്കേണ്ടതുണ്ടായിരുന്നു. നേരത്തെ സ്പുട്നിക്, ജോൺസൺ ആൻഡ് ജോൺസൺ , കാഡില്ല തുടങ്ങിയ വിദേശ വാക്സിൻ നിർമ്മാതാക്കൾ ഇന്ത്യയെ സമീപിച്ചെങ്കിലും അനുമതി നൽകാൻ നാം തയ്യാറായില്ല. അന്യരാജ്യങ്ങളിൽ ഇവ പരീക്ഷിച്ചു വിജയം കണ്ടെത്തിയെങ്കിലും, ഇന്ത്യയിൽ ഇവ പരീക്ഷിച്ചില്ലെന്നുള്ള നിലപാടിൽ കഴമ്പുണ്ടായിരുന്നെങ്കിലും അക്ഷരാർത്ഥത്തിൽ ഒരു ജീവന്മരണപ്പോരാട്ട സാഹചര്യത്തിൽ ഇതിന് ഇളവു നൽകാമായിരുന്നു. സംഭവം രൂക്ഷമായപ്പോൾ ഇവയ്ക്ക് അനുമതി നൽകാൻ തയ്യാറായിരിക്കുന്നു. വിദേശകമ്പനികൾക്ക് ആദ്യം അനുമതി നൽകാതിരുന്നതിന്റെ കാരണം 'ആത്മനിർഭർ"എന്ന സ്വദേശി പ്രസ്ഥാനത്തോടുള്ള കൂറായിരുന്നു. എന്നാൽ രാജ്യത്തുതന്നെ രണ്ട് കമ്പനികൾക്കു മാത്രമാണ് വാക്സിൻ നിർമ്മാണത്തിന് അനുമതി നൽകിയത്. ഇതിന് കെല്പുള്ള മറ്റ് അഞ്ച് സ്വകാര്യ കമ്പനികളും മൂന്ന് പൊതുമേഖലാസ്ഥാപനങ്ങളും രാജ്യത്തുണ്ട്. അവയ്ക്കുള്ള അനുമതിയും സഹായവും നൽകാൻ ഇപ്പോൾ മാത്രമാണ് സർക്കാർ തയ്യാറായത്. കൂടുതൽ കമ്പനികളെ പ്രത്യേകിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ നേരത്തെ തന്നെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നെങ്കിൽ വാക്സിൻ കമ്പോളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന കുത്തകാവസ്ഥയുടെ ദൂഷ്യഫലങ്ങൾ ഒഴിവാക്കാമായിരുന്നു. നേരത്തെ സർക്കാരിന് 150 രൂപ നിരക്കിൽ നൽകിയിരുന്ന കൊവിഷീൽഡിന് സർക്കാർ 400 രൂപയും സ്വകാര്യ ആശുപത്രികൾ 600 രൂപയുമാണ് ഇനി നൽകേണ്ടത്. ആദ്യ വിലയായ 150 രൂപയിൽ ലാഭം ലഭിച്ചിരുന്നുവെന്നും എന്നാൽ സൂപ്പർ ലാഭം കിട്ടുന്നില്ലെന്നുമായിരുന്നു ആ കമ്പനിയുടെ അധിപൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്.