humble

കൊച്ചി: നിരത്തുകളിലെ ഭാവിതാരങ്ങൾ ഇലക്‌ട്രിക് വാഹനങ്ങളാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. വീടുകളിലോ ചാർജിംഗ് സ്‌റ്റേഷനുകളിലോ ബാറ്ററി ചാർജ് ചെയ്ത് ഓടുന്നവയാണല്ലോ ഇലക്‌ട്രിക് കാറുകൾ. എന്നാലിതാ, സൗരോർജം ഉപയോഗിച്ച് സ്വയം ചാർജ് ചെയ്യുന്ന കാർ എന്ന യാഥാർത്ഥ്യത്തിലേക്ക് ചുവടുവയ്ക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള സ്‌റ്റാർട്ടപ്പായ ഹമ്പിൾ മോട്ടോഴ്‌സ്.

കമ്പനി രൂപകല്‌പന ചെയ്‌ത 'ഹമ്പിൾ വൺ" എന്ന കോൺസെപ്‌റ്റ് എസ്.യു.വിക്ക് ഇ-കാറുകളുടെ പതിവ് ചാർജിംഗ് സൗകര്യങ്ങൾക്ക് പുറമേ മുകൾഭാഗത്ത് സോളാർ സെല്ലുകളുമുണ്ട്. ഒറ്റ ചാർജിംഗിൽ ഹമ്പിൾ വൺ 800 കിലോമീറ്റർ വരെ ഓടുമെന്ന് കമ്പനി പറയുന്നു. 1,020 എച്ച്.പി കരുത്തുള്ളതാണ് മോട്ടോർ. ഇന്റേണൽ ബാറ്ററി ഒരിക്കൽ ചാർജ് ആയാൽ, സൂര്യപ്രകാശമില്ലാതെ തന്നെ 800 കിലോമീറ്റർ തണ്ടാമെന്ന് കമ്പനി അവകാശപ്പെടുന്നു. അമേരിക്കയിൽ വണ്ടിക്ക് വില നികുതി ഉൾപ്പെടാതെ 1.09 ലക്ഷം ഡോളറാണ് (ഏകദേശം 82 ലക്ഷം രൂപ).