kidney-stone

വികസിത രാജ്യങ്ങളിലാണ് വൃക്കയിലെ കല്ലുകൾ കൂടുതലായി കാണപ്പെടുന്നത്. ഭക്ഷണത്തിൽ പ്രോട്ടീൻ കൂടുതലായി ഉൾപ്പെടുന്നതുകൊണ്ടാണിത്. യൂറിക് ആസിഡ്, കാൽഷ്യം, കല്ലുകൾ എന്നിവ കൂടുതലായി കാണപ്പെടുന്നത് പുരുഷന്മാരിലാണ്. മൂത്രരോഗാണുബാധ കാരണമുള്ള കല്ലുകളാണ് സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നത്.

വൃക്കയിലെ കല്ലുകൾ സാധാരണയായി വയറുവേദനയായിട്ടാണ് പ്രകടമാകുന്നത്. വയറിന്റെ മുകൾ ഭാഗത്ത് പുറകിലായി അസഹനീയമായ വേദന ഉണ്ടാകുന്നു. കല്ലുകൾ വൃക്കയുടെ വിവിധ ഭാഗങ്ങളിലുണ്ടാക്കുന്ന തടസം കാരണമാണ് വേദന ഉണ്ടാകുന്നത്. മൂത്രത്തിൽ രക്തം, വൃക്കയിൽ അണുരോഗബാധയെത്തുടർന്നുണ്ടാകുന്ന വിറയലോടുകൂടിയ പനി എന്നിവയാണ് രോഗലക്ഷണങ്ങൾ.

ചില രോഗികളിൽ പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും കാണുകയില്ല. അൾട്രാസൗണ്ട് സ്കാൻ മറ്റ് കാര്യങ്ങൾക്ക് ചെയ്യുമ്പോൾ വൃക്കയിലെ കല്ലുകൾ കാണപ്പെടുന്നു.

വൃക്കയിലെ കല്ലിന്റെ വലിപ്പമനുസരിച്ചാണ് ചികിത്സാമാർഗ്ഗങ്ങൾ നിശ്ചയിക്കുന്നത്. വളരെ വലിപ്പമേറിയ കല്ലുകൾ, വൃക്കയിൽ കീഴ്ഭാഗത്തുള്ള കല്ലുകൾ, മറ്റ് ചികിത്സാ മാർഗ്ഗങ്ങൾ പരാജയപ്പെടുമ്പോൾ, ട്രാൻസ്‌പ്ളാന്റേഷൻ കഴിഞ്ഞ വൃക്കയിലെ കല്ല്, വൃക്കയിൽ ഘടനാപരമായി അപാകതയുണ്ടെങ്കിൽ, സിസ്റ്റൈൽ കല്ലുകൾ മുതലായ സാഹചര്യങ്ങളിൽ പി.സി.എൻ.എൽ ചികിത്സയാണ് അഭികാമ്യം. വൃക്കയിൽ സൂചികൊണ്ട് പാതയൊരുക്കി അത് വികസിപ്പിച്ച്, വൃക്കയിലേക്ക് നെഫ്രോസ്കോപ് ഉപകരണം ഇറക്കി കല്ലുകൾ കണ്ടെത്തി, പൊടിച്ച് നീക്കം ചെയ്യുന്ന മാർഗ്ഗമാണിത്. എത്ര വലിപ്പമുള്ള കല്ലുകളും ഈ ചികിത്സവഴി പൂർണമായി നീക്കം ചെയ്യാം. വൃക്കയിൽ വളരെ കുറച്ച് ക്ഷതം മാത്രമേ സംഭവിക്കുന്നുള്ളൂ. പല തവണ ഈ ശസ്ത്രക്രിയ ചെയ്യാം. വൃക്കയിലെ അടവുകൾ വലുതാക്കുന്നതിനും ഇൗ മാർഗ്ഗത്തിലൂടെ സാദ്ധ്യമാണ്.

ട്രാൻസ്‌പ്ളാന്റ് വൃക്കയിൽ ഉണ്ടാകുന്ന കല്ലുകൾക്കുള്ള ഏറ്റവും അഭികാമ്യമായ ചികിത്സ കൂടിയാണ് പി.സി.എൻ.എൽ.

മൂത്രരോഗാണുബാധയുള്ള രോഗികൾക്ക് അത് ചികിത്സിച്ച് ഭേദമാക്കിയശേഷമേ പി.സി.എൻ.എൽ ചെയ്യാൻ പാടുള്ളൂ. വിവിധങ്ങളായ ഉൗർജ്ജ സ്രോതസുകൾ ഉദാഹരണത്തിന്, അൾട്രാസൗണ്ട്, ലിതോക്ളാസ്റ്റ്, ലേസർ മുതലായവ വഴി വലിപ്പമേറിയ കല്ലുകൾ പൊടിച്ച് നീക്കം ചെയ്യുകയാണ് പി.സി.എൻ.എൽ ചെയ്യുന്നത്. വളരെ കുറച്ച് നെഫ്രോണുകൾ മാത്രമേ ഇൗ ചികിത്സയിൽ നഷ്ടപ്പെടുന്നുള്ളൂവെന്നത് മറ്റൊരു പ്രത്യേകതയാണ്.

മിനി പി.സി.എൻ.എൽ അടുത്ത കാലത്തായി പ്രചാരത്തിലുണ്ട്. വൃക്കയിലേക്ക് ഇറക്കമുള്ള ട്യൂബ്, നെഫ്രോസ്കോപ്പ് ഇവയുടെ വലിപ്പം കുറച്ച് ചെയ്യുന്ന രീതിയാണിത്. രക്ത നഷ്ടം വളരെ കുറവായിരിക്കും. വൃക്കയിലെ വലിപ്പമുള്ള കല്ലുകൾ ഒരു സെന്റീമീറ്ററിൽ താഴെയുള്ള മുറിവിൽക്കൂടി പൂർണമായി നീക്കം ചെയ്യാൻ സാധിക്കും. തുറന്നുള്ള ശസ്ത്രക്രിയയുമായി താരതമ്യം ചെയ്യുമ്പോൾ വേദന നിസാരമാണ്. സാധാരണ ജീവിതത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ തിരികെ വരാനും കഴിയുമെന്നതാണ് പി.സി.എൻ.എൽ ചികിത്സയുടെ ആകർഷണീയത.