vaccine
vaccine

 കൊവിഷീൽഡ് 70 ലക്ഷം ഡോസ്, കൊവാ‌ക്സിൻ 30 ലക്ഷം

 18- 45 വയസുകാർക്കും വാക്‌സിൻ സൗജന്യം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് അതിവേഗ വ്യാപനം തീവ്രമാകുന്നതിനിടെ ഒരു കോടി ഡോസ് വാക്‌സിൻ നേരിട്ടു വാങ്ങാൻ മന്ത്രിസഭാ തീരുമാനം. മേയ് മുതൽ മൂന്നു മാസത്തെ ആവശ്യം കണക്കാക്കിയാണ് ഇത്. 18 നും 45 നും ഇടയ്‌ക്കുള്ളവർക്കു കൂടി സൗജന്യമായി വാക്‌സിൻ നൽകുന്നതിനാണ് നിർമ്മാണ കമ്പനികളിൽ നിന്ന് ഇത്രയും ഡോസ് വിലയ്‌ക്കു വാങ്ങുക. ഇപ്പോഴത്തെ വിലയനുസരിച്ച് 483 കോടി രൂപ ചെലവു വരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കൊവിഷീൽ‌ഡ് വാക്‌സിൻ 70 ലക്ഷവും കൊവാക്‌സിൻ 30 ലക്ഷവും ഡോസ് ആണ് വാങ്ങുക. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഉൾപ്പെടെ നൽകും. കൊവിഷീൽഡ് നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് 294 കോടിയും കൊവാക്‌സിനായി ഭാരത് ബയോടെക്കിന് 189 കോടിയുമാണ് വില നൽകേണ്ടിവരിക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം.

നേരത്തേ പ്രഖ്യാപിച്ച വിലയനുസരിച്ച് കൊവിഷീൽഡ് ഒരു ഡോസിന് 400 രൂപയാണ് സംസ്ഥാനം നൽകേണ്ടത്. അഞ്ചു ശതമാനം ജി.എസ്.ടിയും വരും. കൊവിഷീൽഡിന്റെ വില ഇന്നലെ 300 രൂപയായി കുറച്ച സാഹചര്യത്തിൽ കൂടുതൽ ഡോസ് വാങ്ങാനാകും. കൊവാക്സിന് ഭാരത് ബയോടെക്ക് ഈടാക്കുന്നത് 600 രൂപയാണ്. വാക്‌സിൻ വില സംബന്ധിച്ച് സുപ്രീം കോടതിയിലും ഹൈക്കോടതിയിലും

കേസുകൾ നിലവിലുള്ളതിനാൽ, ഇവയുടെ തീർപ്പിനു വിധേയമായിട്ടായിരിക്കും വാക്സിൻ വാങ്ങുക.

സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ള മെഡിക്കൽ ഓ‌ക്‌സിജൻ ശേഖരമായുണ്ട്. എന്നാൽ, അതിതീവ്ര രോഗവ്യാപനം കാരണം ആവശ്യം വർദ്ധിക്കാനിടയുള്ളതുകൊണ്ട്, കൂടുതൽ വരുന്ന ഓക്‌സിജൻ മാത്രമേ പുറത്തേക്കു നൽകാവൂ എന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നയത്തിൽ

വീണ്ടും

18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവർക്കുകൂടി സൗജന്യ കുത്തിവയ്പ് നൽകാനാകും വിധം വാ‌ക്‌സിൻ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് കേരളം വീണ്ടും ആവശ്യപ്പെടും. കേന്ദ്ര സർക്കാരിനും സംസ്ഥാനങ്ങൾക്കും വെവ്വേറെ വിലയ്‌ക്ക് വാക്സിൻ വിൽക്കാനാണ് രണ്ടു നിർമ്മാണ കമ്പനികൾക്ക് നിലവിലെ അനുമതി. ഈ നയം തിരുത്തണം. എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്ന് വരും?

 30 ലക്ഷം ഡോസ് കൊവാക്സിൻ: 10 ലക്ഷം വീതം 3 മാസം നൽകാമെന്ന് ഭാരത് ബയോടെക്

 70 ലക്ഷം ഡോസ് കൊവിഷീൽഡ്: സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് തത്വത്തിലുള്ള സമ്മതം. എത്ര വീതം, എന്നത്തേക്ക് എന്നതിൽ വ്യക്തതയില്ല.

എത്ര പേർ?

 ഒരു ഡോസ് വാക്സിൻ സ്വീകരിത്: 57.58 ലക്ഷം

 രണ്ടു ഡോസും സ്വീകരിച്ചവർ:10.39 ലക്ഷം

 18- 45 പ്രായപരിധിയിൽ: 1.65 കോടി