തൊടുപുഴ: ജോസഫ്- ജോസ് കേരളാകോൺഗ്രസുകളുടെ പോരാട്ടംകൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് തൊടുപുഴ. വിജയം സുനിശ്ചിതമെന്ന് ഉറച്ച് വിശ്വസിച്ച് കേരളകോൺഗ്രസിന്റെ അമരക്കാരൻ പി.ജെ. ജോസഫ് മുന്നേറുമ്പോൾ അട്ടിമറിക്കുമെന്ന വാശിയിലാണ് പഴയ ശിക്ഷ്യൻ പ്രൊഫ. കെ.ഐ. ആന്റണി. ഇത്തവണ തൊടുപുഴയിലെ യുവശക്തി രണ്ട് മുന്നണികളെയും അറിയിക്കാനായി എൻ.ഡി.എയുടെ യുവസാരഥി പി. ശ്യാംരാജും മണ്ഡലത്തിലാകെ ഓടി നടന്നുള്ള പ്രചരണത്തിലാണ്.

ജോസഫിന്റെ കേരളകോൺഗ്രസിന് ചിഹ്നം കിട്ടാൻ അൽപ്പം വൈകിയെങ്കിലും ട്രാക്ടർ ഓടിക്കുന്ന കർഷകനെ കിട്ടിയതോടെ എല്ലാവരും ഡബിൾ ഹാപ്പിയായി. പി.ജെ. ജോസഫ് കഴിഞ്ഞ തവണ മത്സരിച്ച രണ്ടിലയിലാണ് എൽ.ഡി.എഫിലെ കെ.ഐ. ആന്റണി ഇത്തവണ വോട്ട് തേടുന്നതെന്നതും പ്രത്യേകതയാണ്. ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും. യു.ഡി.എഫിന് വേണ്ടി രാഹുൽ ഗാന്ധിയും എൻ.ഡി.എയ്ക്ക് വേണ്ടി ബി.ജെ.പി ദേശിയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും എൽ.ഡി.എഫിന് വേണ്ടി സി.പി.എം പി.ബി അംഗം വൃദ്ധ കാരാട്ടും പ്രചാരണ യോഗത്തിൽ പങ്കെടുത്തു മടങ്ങി.

പ്രതീക്ഷ വാനോളം

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും തദ്ദേശ തിരഞ്ഞെടുപ്പിൽ 12ൽ ഒമ്പത് പഞ്ചായത്ത് നേടാനായതും യു.ഡി.എഫിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. രാഹുൽ ഗാന്ധിയെത്തിയതോടെ അസ്വാരസ്യങ്ങളെല്ലാം മറന്ന് യു.ഡി.എഫ് പ്രവർത്തകർ വർദ്ധിത വീര്യത്തോടെ പ്രവർത്തനരംഗത്ത് സജീവമാണ്. യു.ഡി.എഫ് വോട്ടുകളിൽ വലിയതോതിൽ വിള്ളലുണ്ടാക്കാൻ കെ.ഐ ആന്റണിക്കാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. ദീർഘനാളായി പൊതുരംഗത്ത് സജീവമായ ആന്റണിക്ക് മണ്ഡലത്തിൽ ധാരാളം വ്യക്തിബന്ധങ്ങളുണ്ട്. കോളേജ് അദ്ധ്യാപകനും വർഷങ്ങളായി തൊടുപുഴ കാർഷിക വികസന ബാങ്ക് പ്രസിഡന്റുമായ ആന്റണി മണ്ഡലത്തിലെമ്പാടും കുടുംബയോഗങ്ങളിലും കൺവെൻഷനുകളിലും പങ്കെടുത്ത് വോട്ടഭ്യർത്ഥിച്ച് മുന്നേറുകയാണ്. പൂർണ ആത്മവിശ്വാസത്തിലുള്ള ആന്റണിക്ക് മണ്ഡലത്തിലെ പരിചയസമ്പത്തും ശിഷ്യസമ്പത്തും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ്. ബി.ഡി.ജെ.എസിൽ നിന്ന് സീറ്റ് ഏറ്റെടുത്ത ബി.ജെ.പി കഴിഞ്ഞ തവണത്തേതിനേക്കാൾ മികച്ച പ്രകടനം നടത്താനുള്ള തീവ്രശ്രമത്തിലാണ്.

മണ്ഡലചരിത്രം

1970 മുതൽ അരനൂറ്റാണ്ടിനിടെ രണ്ട് തവണയൊഴിച്ച് എല്ലായ്‌പ്പോഴും പി.ജെ. ജോസഫാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 1991ൽ മത്സരിക്കാതിരുന്നപ്പോഴും 2001ൽ എതിർസ്ഥനാർത്ഥിയായ പി.ടി. തോമസ് വിജയിച്ചപ്പോഴുമൊഴികെ എല്ലാത്തവണയും പി.ജെ തന്നെയായിരുന്നു വിജയി. കഴിഞ്ഞ തവണ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം നേടി ആധികാരികമായിട്ടായിരുന്നു ജോസഫിന്റെ വിജയം. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി കേരളകോൺഗ്രസ് ജേക്കബ് വിഭാഗം മുൻ ജില്ല പ്രസിഡന്റ് റോയി വാരികാട്ടും എൻ.ഡി.എ സ്ഥാനാർത്ഥിയായി അഡ്വ. എസ്. പ്രവീണുമായിരുന്നു മത്സരരംഗത്ത്.

ജോസഫ് ഇടതുപക്ഷത്തിനൊപ്പം ചേർന്നപ്പോഴാണ് തൊടുപുഴ ഇടതോട്ട് ചാഞ്ഞിട്ടുള്ളത്. 1967ൽ ഇടതു പിന്തുണയുള്ള സ്വതന്ത്രൻ വിജയിച്ചതുമാത്രമാണ് അപവാദം.

നിർണായകം

മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗമായ പരമ്പരാഗത കത്തോലിക്ക വോട്ടുകൾ ഏത് കേരളകോൺഗ്രസിനെ തുണയ്ക്കുമെന്നത് നിർണായകമാകും.

2016ലെ വോട്ടിംഗ് നില

പി.ജെ. ജോസഫ് (യു.ഡി.എഫ്)-​ 76564

റോയി വാരികാട്ട് (എൽ.ഡി.എഫ്)- 30977
അഡ്വ. എസ്. പ്രവീൺ (എൻ.ഡി.എ)​- 28845

ഭൂരിപക്ഷം- 45587