vannapuram
യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ.ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് വണ്ണപ്പുറത്ത് നടന്ന പ്രകടനം.

തൊടുപുഴ : തൊടുപുഴ നിയോജക മണ്ഡലത്തിലെ എല്ലാ പൊതുമരാമത്തു റോഡുകളും അടുത്ത അഞ്ചു വർഷം കൊണ്ട് ഉന്നത നിലവാരത്തിൽ ബി.എം. ബി.സി. ടാറിംഗ് നടത്തുമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ. ജോസഫ് പറഞ്ഞു. കുന്നത്തു ചേർന്ന കുടുംബ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ നിലവാരമുള്ള റോഡുകൾ ഏറ്റവും കൂടുതൽ നിർമ്മിച്ചിട്ടുള്ള നിയോജക മണ്ഡലം ആണ് തൊടുപുഴ. കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ നിരവധി റോഡുകൾ ഈ നിലവാരത്തിൽ ടാറിംഗ് നടത്തിയിട്ടുണ്ട്. തൊടുപുഴ നഗരത്തിലെ പ്രധാന ലിങ്ക് റോഡുകളും നഗരസഭയുടെ സഹകരണത്തോടെ ഉന്നത നിലവാരത്തിൽ നിർമ്മിക്കാൻ പ്രത്യേക പദ്ധതി കൊണ്ടുവരും. ഡീൻ കുര്യാക്കോസ് എം.പി.യുടെ സഹകരണത്തോടെ ഗ്രാമീണ റോഡ് ശൃംഖലയും നിർമ്മിക്കും. തൊടുപുഴ നിയോജക മണ്ഡലത്തിലെ കോളനികൾ പുനരുദ്ധരിക്കാൻ പ്രത്യേക പദ്ധതി കൊണ്ടുവരും. വീടില്ലാത്ത മുഴുവൻ പേർക്കും വീടു വച്ചു നൽകും. വീടു വയ്ക്കാൻ സ്ഥലമില്ലാത്ത മുഴുവൻ പേർക്കും സ്ഥലം ലഭ്യമാക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. തൊടുപുഴ കെ.എസ്.ആർ.ടി.സി. സ്റ്റാന്റും മാരിയിൽ കടവു പാലവും സംസ്ഥാന സർക്കാരിന്റെ തൊടുപുഴയോടുള്ള അവഗണനയുടെ ബാക്കി പത്രമാണ്. ഈ രണ്ടു പദ്ധതികളും പുതിയ സർക്കാർ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ജോസഫ് പറഞ്ഞു. യോഗത്തിൽ ഷിബിലി സാഹിബ്, എൻ.ഐ. ബെന്നി, മനോജ് കോക്കാട്, ഷാനു ഷുക്കൂർ, ജോമോൻ ഉലഹന്നാൻ, ജോഷി മാണി, ടോം ഓലിയ്ക്കൽ എന്നിവർ സംസാരിച്ചു.