തൊടുപുഴ: ആവേശം വാനോളം ഉയർത്തി തിരഞ്ഞെടുപ്പ് പ്രചരങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്. പരസ്യപ്രചരണങ്ങൾക്ക് അനുവദിച്ച ദിവസങ്ങൾ മണിക്കൂറുകളിലേയ്ക്ക് ചുരുങ്ങുമ്പോൾ പരമാവധി വോട്ടർമാരെ കണ്ട് വോട്ടുറപ്പിക്കുന്നതിന് സ്ഥാനാർത്ഥികൾ കോർണർ മീറ്റിങ്ങുകളിലും റസിഡന്റ്സ് കോളനികൾ അടക്കമുള്ള ഇടങ്ങളിൽ ഓടിനടന്ന് തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുകയാണ്. പെസഹാ ദിനമായ ഇന്നലെയും ദു:ഖവെള്ളിയാഴ്ച്ചയായ ഇന്നും സ്ഥാനാർത്ഥികൾ പര്യടനപരിപാടികൾ പരമാവധി ഒഴിവാക്കിയിരുന്നു. ഇതുവരെ നടത്തിയ പ്രചരണത്തിന്റെ അവലോകനവും തന്ത്രങ്ങൾ ആവിഷ്ക്കരിക്കലും പ്രമുഖ വ്യക്തികളെ സന്ദർശിക്കൽ, മണ്ഡലത്തിലൂടെ ഒരു ഓട്ടപ്രദക്ഷിണം അങ്ങനെ നീളുന്നു ഈ ദിനങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങൾ.
കലാശക്കൊട്ടിന്
തയ്യാറെടുപ്പുകൾ
സാധാരണ കലാശക്കൊട്ടുകൾപോലെ നടത്താൻ ഇത്തവണ. തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവാദം നൽകുന്നില്ലെങ്കിലും പരമാവധി പ്രവർത്തകരെ പങ്കെടുപ്പിച്ച് രംഗം കൊഴുപ്പിക്കാൻ തന്നെയാണ് മുന്നണികൾ ശ്രമിക്കുന്നത്. ദേശീയ നേതാക്കൾ വന്നപ്പോൾ നടത്തിയ റോഡ് ഷോ, ബൈക്ക് റാലി, സ്ഥാനാർത്ഥികളുടെ ചിത്രവും ചിഹ്നവും പതിപ്പിച്ച് ടീഷർട്ട് ധരിക്കൽ, സ്ഥാനാർത്ഥിയുടെയും ദേശീയ നേതാക്കളുടെയും മുഖംമൂടി ധരിച്ച് പങ്കെടുക്കൽ ഇതിന്റെയാക്കെ വകഭേദങ്ങൾ കലാശക്കൊട്ടിനും പ്രതീക്ഷിക്കാം. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി,ബി. ജെ. പി ദേശീയ അദ്ധ്യക്ഷൻ ജെ. പി. നന്ദ, സി. പി. എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കരാട്ട് പന്നിവർ പങ്കെടുത്ത പൊതുയോഗങ്ങളിലെ വൻ ജനപ്രാതിനിദ്ധ്യം മൂന്ന് മുന്നണികൾക്കും ആവേശം പകരുന്നുണ്ട്. .പ്രവർത്തകരെ ആവേശംകൊള്ളിക്കാനുള്ള ഏറ്റവും നല്ല വേദി എന്ന നിലയിൽ നിയന്ത്രണങ്ങളോടെ കലാശക്കെട്ട് നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ മുന്നണികൾ ആരംഭിച്ചിട്ടുണ്ട്.
വേറിട്ട
അനൗൺസ്മെന്റുകൾ
സാധാരണ തിരഞ്ഞെടുപ്പ് പ്രചരണങ്ങളേക്കാൾ ഇത്തവണ അനൗൺസ്മെന്റിലും പ്രൊഫഷണലിസത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. പ്രചരണത്തിന്റെ അവസാനഘട്ടത്തിലേയ്ക്ക് നീങ്ങുന്നതിന്റെ എല്ലാ വീറും വാശിയും മൈക്കിലൂടെ ഒഴുകിയെത്തുന്ന വാക്കുകളിലും പ്രകടമാണ്. സ്ഥാനാർത്ഥിയെക്കുറിച്ച് നേടിയ പാട്ടുകളെ അനുകരിച്ചുള്ള ആകർഷകമായ പാട്ടുകളും ഇടയ്ക്കിടെ കേൾക്കാം. എതിരാളികൾക്ക് നേരെ
വിമർശന ശരങ്ങൾ തൊടുത്ത് വിട്ടും തങ്ങളുടെ മുന്നണിയുടെ നേട്ടങ്ങൾ എടുത്ത് പറഞ്ഞും സ്ഥാനാർത്ഥിയെ പ്രകീർത്തിച്ചുമുള്ള അനൗൺസ്മെന്റ് വാഹനങ്ങൾ നഗരങ്ങളിൽ മാത്രമല്ല ഇടവഴികളിലൂടെ വരെ അടിക്കടിവന്ന്പോകുന്നുണ്ട്.
കോളനികൾ
ശ്രദ്ധാകേന്ദ്രം
പാവങ്ങൾ താമസിക്കുന്ന കോളനികൾ കേന്ദ്രീകരിച്ച് വിവിധ മുന്നണികൾ വിപുലമായ പ്രചരണ പരിപാടികൾ നടത്തിവരുകയാണ്. എല്ലാ സ്ഥാനാർത്ഥികളും കോളനികളിൽ എത്തി ഓരോ വീട്ടുകാരെയും പ്രത്യേകംകണ്ട് വോട്ട് തേടി എന്നത് ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എടുത്ത് പറയേണ്ടതാണ്. പഴയപോലെ ആരുടെയും വോട്ടുബാങ്കല്ല ഇവിടമെന്നും കോളനികൾ അവഗണിക്കപ്പെടുന്നുവെന്നും വികസനങ്ങൾ അവർക്ക് മാത്രം അന്യമാകുന്നുവെന്ന പരക്കെയുള്ള ആരോപണം രാഷ്ട്രീയപ്പാർട്ടികൾ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. അവിടങ്ങളിൽ തമ്പടിച്ചുള്ള പ്രചരണവും റോഡ്, കുടിവെള്ളം, ആരോഗ്യകേന്ദ്രങ്ങൾ അടക്കമുള്ള ജനകീയപ്രശ്നങ്ങൾ പരിഹരിക്കുമെന്നുമുള്ള ഉറപ്പുകളും നൽകുന്നുണ്ട്.