jakrantha-
മൂന്നാറിന്റെ പാതയോരങ്ങളിലെ ജക്രാന്ത മരങ്ങൾ

അടിമാലി: മൂന്നാറിൽ വീണ്ടും പൂവുകളുടെ വിരുന്നൊരുക്കി ജക്രാന്ത മരങ്ങൾ. വസന്തകാലത്തും മൺസൂൺകാലത്തുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്ന മൂന്നാറിന് ഇപ്പോൾ പൂവിട്ടു നിൽക്കുന്ന ജക്രാന്ത മരങ്ങൾ(നീലവാക )നൽകുന്ന മനോഹാരിത എത്രകണ്ടാലും മതിവരാത്തതാണ്. .മഞ്ഞ് മൂടിയ മലനിരകൾക്കിടയിൽ വൈലറ്റ് കാന്തി വിരിക്കുന്ന ജക്രാന്ത മരങ്ങൾ വസന്തകാലത്ത് മൂന്നാറിന് വർണ്ണനാതീതമായ സൗന്ദര്യം നൽകുന്നു.വളർന്ന് പന്തലിച്ച ജക്രാന്ത മരങ്ങളിൽ വിരിയുന്ന പുഷ്പങ്ങൾ മൂന്നാറിന്റെ മലനിരകൾക്ക് ഇപ്പോൾ ഏഴഴക് നൽകുകയാണ്.എത്ര കണ്ടാലും മതിവരാതെ ജക്രാന്ത പുഷ്പങ്ങളുടെ മനോഹാരിത ക്യാമറയിൽ പകർത്താൻ മത്സരിക്കാറുണ്ട്.ലാറ്റിൻ അമേരിക്കയിലേയും കരീബിയൻ പ്രദേശങ്ങളിലേയും ഉഷ്ണ മേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള ബിഗ്‌നോണിയേസി കുടുംബത്തിലെ 49 ഇനം പൂച്ചെടികളുടെ ഒരു ജനുസ്സിൽപ്പെട്ടതാണ് ജക്രാന്ത.അമേരിക്കക്കാരിയായ ജക്രാന്തക്ക് നീല വാകയെന്നും വിളിപ്പേരുണ്ട്.മൂന്നാർ തേയില തോട്ടങ്ങളിലെ കൊളോണിയൽ ഭരണകാലത്ത് യൂറോപ്യൻമാരാണ് പാതയോരങ്ങളിലും ബംഗ്ലാവുകളുടെ പരിസരത്തും ജാക്രാന്ത മരങ്ങൾ വച്ച് പിടിപ്പിച്ചത്.ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിൽ വരണ്ടുണങ്ങുന്ന പ്രകൃതിക്ക് വസന്തത്തിന്റെ നനവ് നൽകിയാണ് ജക്രാന്ത മരങ്ങൾ പൂവിടാറുള്ളത്.