ഇടുക്കി: ലോറേഞ്ചിൽ നിന്ന് ഹൈറേഞ്ചിലേക്കുള്ള യാത്രയ്ക്കിടെ മേലെചിന്നാർ പാലം കഴിഞ്ഞാൽ പട്ടിണി സമരങ്ങളുടെയും കർഷക മാർച്ചിന്റെയും ചരിത്രം പേറുന്ന ഏലമലക്കാടുകളടങ്ങിയ ഉടുമ്പഞ്ചോല മണ്ഡലമാണ്. ലോറേഞ്ചിന്റെയത്ര ചൂടില്ലെങ്കിലും ഇവിടെ തിരഞ്ഞെടുപ്പ് ചൂടിന് ഒരു കുറവുമില്ല. റോഡിന് ഇരുവശവും എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.എം. മണിയുടെയും യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം. ആഗസ്തിയുടെയും എൻ.ഡി.എ സ്ഥാനാർത്ഥി സന്തോഷ് മാധവന്റെയും ഫ്‌ളക്‌സ് ബോർഡുകളും പോസ്റ്ററുകളും കാണാം. നെടുങ്കണ്ടം ടൗണിലെത്താറാകുമ്പോൾ മൂന്ന് മുന്നണികളുടെയും പ്രചരണ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു.
പെസഹാ വ്യാഴമായ ഇന്നലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.എം. മണി പരസ്യ പ്രചരണം നടത്തിയിരുന്നില്ല. മണ്ഡലത്തിലെ പ്രധാന വ്യക്തികളേയും സ്ഥാപനങ്ങളിലും സന്ദർശനം നടത്തി വോട്ടഭ്യർഥിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരി വ്യവസായി സമിതിയുടെ കുടുംബ സംഗമത്തിലാണ് എം.എം. മണിയെ കണ്ടുമുട്ടുന്നത്. കോൺഗ്രസിനെയും ബി.ജെ.പിയെയും വിമർശിച്ചുള്ള ആക്ഷേപ ഹാസ്യത്തിലൂന്നിയ ആശാന്റെ പതിവ് ശൈലിയിലുള്ള പ്രസംഗത്തിന് സദസിന്റെ നിറഞ്ഞ ചിരിയും കൈയടിയും. ചടങ്ങിന് ശേഷം എല്ലാവർക്കുമൊപ്പം ഒരു മടിയും കൂടാതെയുള്ള ഫോട്ടോ ഷൂട്ട്.
തുടർന്ന് കേരള കൗമുദിക്ക് ആശാന്റെ വക പ്രത്യേക അഭിമുഖം. മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. മുൻ എം.എൽ.എമാരായ ജിനദേവന്റേയും ജയചന്ദ്രന്റെയും ഒപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞെന്നും ഇത് ജനങ്ങൾ അംഗീകരിച്ചെന്നും എം.എം.മണി പറഞ്ഞു. താൻ കമ്മ്യൂണിസ്റ്റാണ്. അനാവശ്യ വിവാദങ്ങളൊന്നും ബാധിച്ചിട്ടില്ല. ബഫർസോണും നിർമാണ നിരോധനവുമെല്ലാം കോൺഗ്രസിന്റെ പൊള്ളയായ പ്രചരണങ്ങളാണ്. ഇടുക്കിയിലെ കർഷകർക്കുവേണ്ടി ഒന്നും ചെയ്യാത്ത കോൺഗ്രസാണ് ഇപ്പോൾ കണ്ണീർ പൊഴിക്കുന്നത്. മാത്രമല്ല ഇതിനെല്ലാം ഉത്തരവാദി കോൺഗ്രസാണെന്നും മണിയാശാൻ പറഞ്ഞുവയ്ക്കുന്നു. ഇ.എം. ആഗസ്തി മുമ്പ് മൽസരിച്ചശേഷം മണ്ഡലത്തിൽ കാണാത്ത വ്യക്തിയാണെന്നും അദ്ദേഹം പറയുന്നു. തുടർന്ന് മണ്ഡലത്തിൽ വ്യക്തികളെ കണ്ട് നേരിട്ട് വോട്ടഭ്യർഥിക്കാൻ അദ്ദേഹം പുറപ്പെട്ടു. ദുഃഖവെള്ളിയാഴ്ച്യായതിനാൽ ഇന്ന് പര്യടനം ഉണ്ടാകില്ല. കുരിശുമലയിലടക്കം എത്തി വിശ്വാസികളുടെ വോട്ടുതേടും.
ഉടുമ്പൻചോല പഞ്ചായത്തിലെ യോഗത്തിലേക്ക് ആവേശം നിറച്ചാണ് യു.ഡി.എഫ് സ്ഥാനാർഥി ഇ.എം.ആഗസ്തി എത്തിയത്. ബാന്റുമേളവും ബൈക്ക് റാലികളുടെ അകമ്പടിയും പ്രചരണത്തിന് കൊഴുപ്പേകി. സ്ഥാനാർഥിയെ പ്രവർത്തകർ മാലയിട്ട് വരവേറ്റു. ഭൂവിഷയങ്ങളും നിർമാണ നിരോധനവും സ്വർണക്കടത്ത് അഴിമതിയുമൊക്കെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. താൻ മുമ്പ് എം.എൽ.എ. ആയപ്പോൾ നടത്തിയ റോഡ് വികസനമാണ് ഇപ്പോഴുള്ളതെന്നും അതിനു രണ്ടു വെള്ള വരയിട്ട് ചിലർ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്നും ആരോപിച്ചായിരുന്നു ഇ.എം. ആഗസ്തിയുടെ പ്രസംഗം. താൻ വിജയിച്ചാൽ ഉടുമ്പഞ്ചോലയിൽ അക്രമങ്ങൾ അവസാനിപ്പിക്കുമെന്നും പഞ്ചായത്ത് ഭരണം പിടിച്ചെടുക്കുമെന്നും ആഗസ്തി പ്രഖ്യാപിച്ചു. ഏഴിമലക്കുടിയിൽ നിന്നാരംഭിച്ച പര്യടനം ശാന്തിനഗർ, പള്ളിക്കുന്ന്, വട്ടക്കണ്ണിപ്പാറ, തിങ്കൾക്കാട്, പള്ളിക്കത്തോട്, കൈലാസം, ഇന്ദിരനഗർ, മാവടി, പാറത്തോട്, ഉടുമ്പൻചോല, മാട്ടുത്താവളം, കല്ലുപാലം, പാപ്പൻപാറ, ചതുരംഗപ്പാറ, തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം മണത്തോട് സമാപിച്ചു. ദുഖവെള്ളിയാഴ്ച്ച ആയതിനാൽ ഇന്ന് സ്വീകരണപരിപാടികൾ ഉണ്ടായിരിക്കില്ലെന്ന് യു.ഡി.എഫ്. നേതൃത്വം അറിയിച്ചു.
ഇരട്ടയാർ മേഖലയിലായിരുന്നു എൻ.ഡി.എ. സ്ഥാനാർഥി സന്തോഷ് മാധവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. എൻ.ഡി.എ. മണ്ഡലത്തിൽ ആരും പ്രതീക്ഷിക്കാത്ത മികച്ച പ്രകടനം നടത്തുമെന്ന് സ്ഥാനാർഥി സന്തോഷ് മാധവൻ പറഞ്ഞു. ഇരട്ടയാർ മേഖലയിൽ നിന്നാരംഭിച്ച പര്യടനം വൈകിട്ട് നെടുങ്കണ്ടം ടൗണിലാണ് സമാപിച്ചത്. ടൗണിലെ കടകൾ കയറി വോട്ടഭ്യർഥിച്ച അദ്ദേഹത്തോടൊപ്പം നിരവധി പ്രവർത്തകരുമുണ്ടായിരുന്നു. ഇരട്ടയാർ, ഈട്ടിത്തോപ്പ്, ഞാറക്കവല, കൊച്ചുകാമാക്ഷി, ശാന്തിഗ്രാം, നാലുമുക്ക്, വലിയതോവാള, കൗന്തി എന്നിവിടങ്ങളിലെല്ലാം സന്തോഷ് മാധവന്റെ പ്രചരണ പരിപാടികൾ നീണ്ടിരുന്നു. പ്രചരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉടുമ്പഞ്ചോലയിൽ ഫലം പ്രവചനാതീതമാണ്.