തൊടുപുഴ : യു.ഡി.എഫ് അധികാരത്തിലെത്തുന്നതോടെ ക്ഷേമ പെൻഷൻ 1600 രൂപയിൽ നിന്നും 3000 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി പി.ജെ.ജോസഫ് പറഞ്ഞു. വണ്ണപ്പുറത്ത് നടന്ന യു.ഡി.എഫ്. പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് പ്രകടന പത്രികയിൽ പെൻഷൻ അടുത്ത അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കുമെന്നു മാത്രമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. ക്ഷേമപെൻഷനുകൾ കാലാകാലങ്ങളിൽ പരിഷ്‌ക്കരിക്കാൻ ശമ്പള കമ്മീഷൻ മാതൃകയിൽ പെൻഷൻ കമ്മീഷനെ നിയമിക്കും. ന്യായ് പദ്ധതിയിലൂടെ കുടുംബത്തിന്റെ പ്രതിമാസ വരുമാനം കുറഞ്ഞത് 6000 രൂപയാക്കും. വീട്ടമ്മമാർക്ക് 2000 രൂപ പ്രതിമാസം നൽകുന്ന പുതിയ പദ്ധതി ആരംഭിക്കും. റബ്ബറിന് കിലോയ്ക്ക് 250 രൂപ ലഭ്യമാക്കും. കാർഷികോൽപ്പന്നങ്ങൾക്ക് ന്യായമായ തറവില നിശ്ചയിക്കും. കാരുണ്യ പദ്ധതി പുനസ്ഥാപിക്കും. എല്ലാ വൈദ്യുതി ഉപഭോക്താക്കൾക്കും നൂറു യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഇന്ധന സബ്‌സിഡിയും സൗജന്യ ഇൻഷുറൻസും ഏർപ്പെടുത്തും. അവർക്ക് 5000 രൂപ ഒറ്റത്തവണയായി നൽകുമെന്നും ജോസഫ് പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കാനും വളർച്ചാ നിരക്ക് ഉയർത്താനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്വീകരണ യോഗത്തിൽ കെ.എച്ച്. അസീസ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ. ഷുക്കൂർ, പി.എസ്. സിദ്ധാർത്ഥൻ, പി.എൻ. സീതി, രാജീവ് ഭാസ്‌കർ, സജി കണ്ണമ്പുഴ, സി.എം. ഇല്യാസ്, പി.എം. അബ്ബാസ്, കെ.പി. വർഗ്ഗീസ്, ഇന്ദു സുധാകരൻ, ആൽബർട്ട് ജോസ്, തോമസ് വണ്ടാനം, അനിൽ പയ്യാനിക്കൽ, എം.ടി. ജോണി, സണ്ണി കളപ്പുര, ലത്തീഫ് ഇല്ലിക്കൽ, ഷൈനി റെജി, ഷൈനി സന്തോഷ്, ലിജോ ജോസഫ്, ബിനീഷ് ലാൽ, സി.കെ. ശിവദാസ്, ബ്ലെസി ഉതുപ്പാട്ട് എന്നിവർ സംസാരിച്ചു.