തൊടുപുഴ: ഇതുവരെ കണ്ടതൊന്നും ഒന്നുമല്ല, ഇനിയുള്ള രണ്ട് ദിവസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചരണം വേറെ ലെവലാകും. റാലികളും റോഡ് ഷോയും ഫ്ലാഷ് മോബുമായി കളം മാറി മറിയും. ജനത്തെ ഇളക്കി ഹൃദയത്തിൽ ഇടംനേടാൻ ജില്ലയിൽ മുന്നണി നേതാക്കളുടെ ഒരുപട തന്നെ എത്തിയിരുന്നു. ഓരോ മുന്നണിയും തൊടുത്തുവിട്ട വിമർശന ശരങ്ങളെ അതേ നാണയത്തിൽ തച്ചുതകർത്താണ് മുന്നണി നേതാക്കൾ മന്നേറിയത്. ഒളിയമ്പെയ്ത് എതിരാളികളെ തകർക്കുന്ന സമീപനമാണ് എല്ലാ നേതാക്കളും സ്വീകരിച്ചത്. ശബരിമല വിവാദം, സ്വർണക്കടത്ത് കേസ്, നിർമാണനിരോധനനിയമം എന്നിവ മുൻനിറുത്തിയാണ് ഇടത് ഭരണത്തിനെതിരെ യു.ഡി.എഫ്- ബി.ജെ.പി നേതാക്കൾ ആഞ്ഞടിച്ചത്. വാളയാർ കേസ്, ആഴക്കടൽ മത്സ്യബന്ധന കരാർ, പിൻവാതിൽ നിയമനം എന്നിവയും പ്രചാരണായുധങ്ങളായി. ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കളെയും കണക്കറ്റ് വിമർശിച്ചാണ് ഇടത് നേതാക്കൾ കത്തിക്കയറിയത്. പ്രളയവും കൊവിഡും വന്നിട്ടും ജില്ലയിൽ നടത്തിയ വികസനപ്രവർത്തനങ്ങളും അഴിമതിരഹിത ഭരണവും പട്ടയവിതരണവും ഭക്ഷ്യക്കിറ്റും പെൻഷൻ വർദ്ധനയുമടക്കമുള്ള ക്ഷേമപ്രവർത്തനങ്ങളാണ് ഇടത് നേതാക്കൾ എടുത്തുകാട്ടിയത്. കൊണ്ടും കൊടുത്തുമുള്ള നേതാക്കളുടെ പടവെട്ടലിനൊടുവിൽ ജനം വോട്ടിലൂടെ ആറിന് വിധിയെഴുതും.

വേണ്ട കൊട്ടിക്കലാശം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകിട്ട് ഏഴിന് അവസാനിക്കും. പരസ്യപ്രചാരണത്തിന്റെ ഭാഗമായി എല്ലാ തവണയും വിവിധ മുന്നണികളുടെ നേതൃത്വത്തിൽ നടത്തുന്ന കൊട്ടിക്കലാശം ഇത്തവണ നടത്തരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രധാന ജംഗ്ഷനുകൾ കേന്ദ്രീകരിച്ചുനടത്തുന്ന കൊട്ടിക്കലാശം പലപ്പോഴും സംഘർഷത്തിലേക്ക് വഴിവച്ചിട്ടുണ്ടെന്നതിനാലും കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലുമാണ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള നിർദ്ദേശം നൽകിയത്. ഇരുചക്രവാഹനങ്ങളിലുള്ള പ്രകടനവും പ്രചാരണവും നടത്താൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. നാളെ വൈകിട്ട് ഏഴിന് പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, രാഷ്ട്രീയചായ്‌വുള്ള കലാപരിപാടികൾ എന്നിവയ്ക്ക് വിലക്കുണ്ട്. ലംഘിക്കുന്നവർക്ക് രണ്ട് വർഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും.