പീരുമേട്: പിണറായി ഭരണത്തിൽ തകർന്നടിഞ്ഞ ശബരിമല തീർത്ഥാടനത്തെ പരിപോഷിപ്പിക്കുന്നതിനായി വണ്ടി പെരിയാറിനെ ശബരിമല ഇടത്താവളമാക്കി മാറ്റുമെന്ന് പീരുമേട്ടിലെ എൻ. ഡി. എ സ്ഥാനാർത്ഥി ശ്രീനഗരി രാജൻ പറഞ്ഞു. ലക്ഷക്കണക്കിന് അയ്യപ്പഭക്തർ എത്തുന്ന കുമളി വണ്ടിപ്പെരിയാർ മേഖലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യമില്ലാത്തത് തീർത്ഥാടനത്തെയും ബാധിക്കുന്നുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ കുമളിയും വണ്ടിപ്പെരിയാറും കേന്ദ്രീകരിച്ച് ശബരിമല ഇടത്താവളം സ്ഥാപിക്കും.

ശബരിമല തീർത്ഥാടന കാലം വ്യാപാരികൾക്കും ടാക്‌സി ഡ്രൈവർമാർക്കും വരുമാനം വർദ്ധിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ശബരിമല വിരുദ്ധ നയങ്ങൾ കാരണവും ഇടത്താവളങ്ങൾ അടച്ചുപൂട്ടിയത് കാരണവും തീർത്ഥാടകർ എത്താത്തത് വ്യാപാരികൾക്കും ഡ്രൈവർമാർക്കും വെല്ലുവിളിയായി. ഇതിനെ മറികടക്കാനാണ് എൻഡിഎയുടെ ശ്രമം. ശബരിമല തീർത്ഥാടനത്തെ ആശ്രയിച്ചുകഴിയുന്ന വ്യാപാരികൾക്കും ചെറുകിട കച്ചവടക്കാർക്കും ഉപകാരപ്പെടുന്ന രീതിയിൽ ആയിരിക്കും ഇടത്താവളത്തിന്റെ നിർമ്മാണം. ഇത് പീരുമേട് മണ്ഡലത്തിലെ മുഖച്ഛായ മാറ്റുമെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.