തൊടുപുഴ: 115 ദിവസമായി തൊടുപുഴയിൽ പ്രവർത്തിക്കുന്ന ദില്ലി ചലോ കർഷക സമര ഐക്യദാർഢ്യകേന്ദ്രം തകർത്തതിൽ കർഷകസമര സമിതി പ്രതിഷേധം രേഖപ്പെടുത്തി. സമാധാനപരമായി തുടരുന്ന കർഷകസമരത്തെ തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ സംഭവം അരങ്ങേറിയതെന്ന് നേതാക്കളായ പ്രൊഫ. എം.ജെ. ജേക്കബ്, എൻ. വിനോദ്കുമാർ, ടി.ജെ. പീറ്റർ, ജെയിംസ് കോലാനി എന്നിവർ അഭിപ്രായപ്പെട്ടു. സമരപന്തൽ പുനഃസ്ഥാപിച്ച് നീതിക്കുവേണ്ടിയുള്ള സമരം തുടരുമെന്ന് അവർ അറിയിച്ചു.
കർഷക പന്തലിൽ ക്രമീകരിച്ചിരുന്ന ഗാന്ധിജിയുടെയും സുഭാഷ്ചന്ദ്രബോസിന്റെയും ചിത്രങ്ങൾ തകർക്കുകയുണ്ടായി. കൂടാതെ കർഷകസമരപന്തലിൽ സൂക്ഷിച്ചിരുന്ന നെൽകതിർ കറ്റകളും സമരസമിതിയുടെ ഭാഗമായുള്ള ബാനർ, പ്ലക്കാർഡുകൾ, കലാകാരൻമാർ വരച്ച ചിത്രങ്ങൾ എന്നിവ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് നശിപ്പിച്ചു. കർഷകന്റെ ആത്മാഭിമാനത്തെ തകർക്കുന്ന നടപടിയിൽ പ്രതിഷേധിക്കാൻ പൊതുസമൂഹം മുന്നോട്ട് വരണമെന്ന് സമരസമിതി ആവശ്യപ്പെട്ടു.