ചെറുതോണി: ഇടുക്കിയിൽ മലമ്പുഴ മോഡൽ പാർക്കും റോപ്വേയും ഉൾപ്പെടുത്തി പ്രത്യേക ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു. തുടർഭരണം പൊതുമുദ്രാവാക്യമായി ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞ സാഹചര്യത്തിൽ അധികാരത്തിൽ വരാൻ പോകുന്ന എൽഡിഎഫ് സർക്കാരിലിടപെട്ട് ഇടുക്കിയുടെ ടൂറിസം പദ്ധതികൾക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ടൂറിസം വികസനത്തിന്റെ സാദ്ധ്യതകളാണ് ഇനി ഇടുക്കിയിൽ തുറക്കേണ്ടത്. ചെറുതോണിയിൽ വോട്ടർമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കി ആർച്ച് ഡാമിന്റെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തി വിദേശ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ഉണ്ടാകും. മലമ്പുഴ മോഡൽ ഉദ്യാനവും അണക്കെട്ടിനോട് ചേർന്നുള്ള റോപ്വേയും നിർമ്മിക്കുന്നത് ഇടുക്കി ടൂറിസത്തിന് കുതിപ്പേകും. മഹാപ്രളയവും കോവിഡും മൂലം ആരംഭിക്കാൻ കഴിയാതിരുന്ന ലേസർഷോ പദ്ധതി പുനരാരംഭിക്കുവാൻ തീർച്ചയായും സാധിക്കും. ആർച്ച് ഡാമിന്റെ പ്രതലം ഉപയോഗപ്പെടുത്തിയുള്ള ലേസർ ഷോ ഏഷ്യയിലെ തന്നെ അത്യപൂർവ്വമായ ദൃശ്യവിസ്മയം ഒരുക്കുന്നതാണ്. ഇടുക്കിയുടെ ടൂറിസം വ്യാപിപ്പിക്കേണ്ടത് ക്ലസ്റ്റർ ടൂറിസത്തിന്റെ അടിസ്ഥാനത്തിലാണ്. ചെറിയ വ്യൂ പോയിന്റുകളെപ്പോലും കോർത്തിണക്കി ടൂറിസം ട്രയാംഗിൾ രൂപീകരിച്ച് സാഹസിക ടൂറിസം ഉൾപ്പടെയുള്ള ആകർഷകമായ പദ്ധതിക്ക് രൂപം നൽകും. നാടുകാണി, മൈക്രോവേവ്, പാൽക്കുളംമേട്, മീനുളിയാൻപാറ, കാൽവരിമൗണ്ട്, കല്യാണത്തണ്ട്, അഞ്ചുരുളി, കാറ്റാടിപ്പാറ, കള്ളിമാലി, കാഞ്ഞാർ പുഴയോര ടൂറിസം ഉൾപ്പടെയുള്ള പ്രദേശങ്ങൾ ക്ലസ്റ്ററായി രൂപീകരിച്ച് ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കി പ്രവർത്തനോൻമുഖമാക്കും. ഹിൽവ്യൂപാർക്ക്, ഇടുക്കി ഉദ്യാനം എന്നിവ കാണാൻ ഇപ്പോൾതന്നെ ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. ഇടുക്കി അണക്കെട്ടിലെ ബോട്ടിംഗ് എല്ലാദിവസവും ക്രമീകരിക്കും. 13 കോടി രൂപ ചെലവിൽ ഇപ്പോൾ നിർമ്മിക്കുന്ന യാത്രി നിവാസും എക്കോലോഗും ഉടൻ സഞ്ചാരികൾക്കായി തുറന്നു നൽകും. 10 കോടി രൂപ അനുവദിച്ച് നിർമ്മാണം പുരോഗമിക്കുന്ന ഇടുക്കി കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് ഇടുക്കിയുടെ ടൂറിസം ചരിത്രത്തിൽ നാഴികക്കല്ലായി മാറുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.