തൊടുപുഴ: കാറിൽ 2.6 കിലോ ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം കുന്നത്തുനാട് പുത്തൻകുരിശ് വെളിയനല്ലൂർ രോഹിത്, തൃപ്പൂണിത്തുറ കണയന്നൂർ നടമ ചേന്നാട്ടുപറമ്പിൽ വിനായക് എന്നിവരെയാണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും. 2016 മാർച്ച് 29ന് കുമളി- മൂന്നാർ റോഡിൽ പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപത്ത് നിന്നാണ് കേസ് പിടികൂടിയത്. വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന സി.കെ. സുനിൽ രാജും പാർട്ടിയും ചേർന്ന് പിടികൂടിയ കേസിൽ വണ്ടിപ്പെരിയാർ എക്‌സൈസ് ഇൻസ്‌പെക്ടറായിരുന്ന തോമസ് ജോസഫാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ബി. രാജേഷ് ഹാജരായി.