തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ പ്രചാരണം കൊഴുക്കുന്നതിനൊപ്പം നേതാക്കൾ തമ്മിലുള്ള വാക്പോരും അവകാശവാദങ്ങളും പൊടിപൊടിക്കുകയാണ്. സ്വർണമോതിര ചലഞ്ചുമായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറാണ് ആദ്യം രംഗത്തെത്തിയത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേതെങ്കിലും എൽ.ഡി.എഫ് വിജയിച്ചാൽ സ്വർണമോതിരം നൽകുമെന്നായിരുന്നു കല്ലാറിന്റെ വാഗ്ദാനം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇബ്രാഹിംകുട്ടി കല്ലാർ സമാനമായ സ്വർണമോതിര ചലഞ്ച് നടത്തിയിരുന്നു. ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തിലും യു.ഡി.എഫ് ലീഡ് ചെയ്യുമെന്നും മറിച്ച് സംഭവിച്ചാൽ എൽ.ഡി.എഫിന് ഒരു സ്വർണമോതിരം നൽകുമെന്നുമായിരുന്നു വാഗ്ദാനം. അമിത ആത്മവിശ്വാസമാണിതെന്ന് അന്ന് കോൺഗ്രസുകാർ അടക്കംപറഞ്ഞിരുന്നു. എന്നാൽ ഫലം വന്നപ്പോൾ കല്ലാറിന്റെ വാക്കുകൾ അക്ഷരംപ്രതി ശരായി. ഏഴിൽ രണ്ടിടത്ത് മുപ്പതിനായിരവും നാലിടത്ത് ഇരുപതിനായിരവും ലീഡാണ് ഡീൻ നേടിയത്. എന്ത് സംഭവിച്ചാലും ജോയ്‌സ് ലീഡ് ചെയ്യുമെന്ന് കോൺഗ്രസുകാർ പോലും വിശ്വസിച്ചിരുന്ന ഉടുമ്പഞ്ചോലയിൽ പോലും പതിനായിരത്തിലേറെ ഭൂരിപക്ഷം കിട്ടി. എന്നാൽ അന്ന് ചലഞ്ച് എൽ.ഡി.എഫുകാർ ആരും ഏറ്റെടുക്കാതിരുന്നതിനാൽ മോതിരം പോയില്ല. എന്നാൽ ഇത്തവണ കല്ലാറിന്റെ ചലഞ്ച് മന്ത്രി എം.എം. മണി ഏറ്റെടുത്തതോടെ ഇടുക്കിയിലെ പോരാട്ടം കൂടുതൽ ആവേശത്തിലായി. അഞ്ച് മോതിരവും പോകാതെ നോക്കിക്കോളാനായിരുന്നു മന്ത്രിയുടെ പ്രതികരണം. ഏതായാലും ഫലം വരുമ്പോഴറിയാം ആരുടെ സ്വർണമോതിരമാണ് നഷ്ടമാകുകയെന്ന്.
മറ്റൊരു രസകരമായ ചലഞ്ച് ഉടുമ്പഞ്ചോലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.എം. ആഗസ്തിയുടെയായിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ തല മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തിയുടെ വെല്ലുവിളി. മണ്ഡലത്തിൽ മണി ജയിക്കുമെന്ന തരത്തിലുള്ള സർവേയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ആഗസ്തി അങ്ങനെയൊന്നും ചെയ്യരുതെന്നാണ് മണിയുടെ പ്രതികരണം. അതൊക്കെ അൽപ്പത്തരമല്ലേ. ഞാൻ ജയിച്ചാൽ ഇനി അദ്ദേഹം തലമൊട്ടയടിക്കേണ്ടി വരില്ലേ. അങ്ങനെ ചെയ്യരുതെന്ന് ഞാൻ അദ്ദേഹത്തോട് പറയുമെന്നായിരുന്നു മണി കേരളകൗമുദിയോട് പറഞ്ഞത്.
അണികളും
പിന്നോട്ടില്ല
നേതാക്കൾ ഇങ്ങനെയാണെങ്കിൽ പിന്നെ അണികളുടെ കാര്യം പറയേണ്ടല്ലോ. തിരഞ്ഞെടുപ്പിൽ തങ്ങളുടെ പാർട്ടിക്കായി 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പണമായി പന്തയം വയ്ക്കുന്നവരും തങ്ങളുടെ സ്ഥാനാർത്ഥി തോറ്റാൽ തലമൊട്ടയടിക്കുമെന്നും മീശ പാതി വടിക്കുമെന്ന് പറഞ്ഞവരും നാട്ടിൽ സജീവമാണ്. നിങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചാൽ നിങ്ങളുടെ കൊടിയും പിടിച്ച് നിങ്ങളോടൊപ്പം വരാമെന്നും പന്തയം വെച്ചവരുണ്ട്. വേറെ ചിലരുണ്ട് എന്റെ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ ഒറ്റക്കാലിൽ ഓടാമെന്ന് പറഞ്ഞവർ. മറ്റൊരു കൂട്ടർ ഭക്ഷണ പ്രിയരാണ്. എതിരാളിയുടെ സ്ഥാനാർത്ഥി ജയിച്ചാൽ ഒരാഴ്ചത്തെ ബിരിയാണിയോ സുഭിക്ഷമായ ഭക്ഷണമോ ആണ് ഓഫർ. പന്തയത്തിൽ തോറ്റാൽ പറഞ്ഞത് പോലെ ചെയ്യേണ്ടി വരും, ഇല്ലെങ്കിൽ എതിരാളികൾ ചെയ്യിപ്പിക്കും.