കട്ടപ്പന: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കട്ടപ്പന നഗരസഭയിലെ 51 പോളിംഗ് ബൂത്തുകളിലെയും ജൈവ, അജൈവ, ബയോ മെഡിക്കൽ എന്നിങ്ങനെ മൂന്നു തരത്തിൽ മാലിന്യം പ്രത്യേകം ശേഖരിക്കുന്നതിനായി കട്ടപ്പന മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ എല്ലാ ബൂത്തുകളിലും ഹരിതകർമ്മസേനാംഗങ്ങളെ നിയമിക്കും. കൊവിഡ് സുരക്ഷാ ഉപാധികളായ ഗ്ലൗസ്, മാസ്‌ക്, സാനിട്ടൈസർ, ഫെയ്‌സ് ഷീൽഡ് എന്നിവ നൽകുന്നതിനും ബൂത്തുകളിലെ മാലിന്യ സംസ്‌കരണ സംവിധാനം സുഗമമാക്കുന്നതിനായും പ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ വച്ച് ഹരിതകർമ്മസേനാംഗങ്ങൾക്ക് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസിന് നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി. ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി മേരി, അനുപ്രിയ കെ.എസ്, എന്റെ നഗരം സുന്ദര നഗരം കോ ഓർഡിനേറ്റർ വിനേഷ് ജേക്കബ് എന്നിവർ നേതൃത്വം നൽകി.
തിരഞ്ഞെടുപ്പ് ദിവസം രാവിലെ 6.30 യ്ക്ക് തന്നെ നിയമിച്ചിരിക്കുന്ന ബൂത്തുകളിൽ എത്തിച്ചേരുണമെന്നും ശേഖരണ സാമഗ്രികളിൽ മാലിന്യം തരം തിരിച്ച് നിക്ഷേപിക്കുന്നതിന്റെ ആവശ്യകത പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും നിർദ്ദേശിച്ചു. ഭക്ഷണസാധനങ്ങളും കുടിവെള്ളവും പുനരുപയോഗിക്കാവുന്ന പാത്രങ്ങളിൽ കൊണ്ടുവരുന്നതിന് നിർദ്ദേശം നല്കിയിട്ടുണ്ട്.